ഉള്ളടക്കത്തിലേക്ക് പോകുക

circa 800–400 BC

The Hebrew Prophets

God speaks through Isaiah, Jeremiah, and the minor prophets—calling Israel to repentance and foretelling the coming Messiah.

3,706 വാക്യങ്ങൾ · 14 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. ആമോസ് 5:16ഏകദേശം ക്രി.മു. 787

    അതുകൊണ്ടു സൈന്യങ്ങളുടെ ദൈവമായ യഹോവ എന്ന കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; സകല വീഥികളിലും വിലാപം ഉണ്ടാകും; എല്ലാ തെരുക്കളിലും അവർ: അയ്യോ, അയ്യോ എന്നു പറയും; അവർ കൃഷിക്കാരെ ദുഃഖിപ്പാനും പ്രലാപജ്ഞന്മാരെ വിലാപിപ്പാനും വിളിക്കും.

  2. ആമോസ് 5:17ഏകദേശം ക്രി.മു. 787

    ഞാൻ നിന്റെ നടുവിൽ കൂടി കടന്നുപോകുന്നതുകൊണ്ടു എല്ലാ മുന്തിരിത്തോട്ടങ്ങളിലും വിലാപമുണ്ടാകും എന്നു യഹോവ അരുളിച്ചെയ്യുന്നു.

  3. ആമോസ് 5:18ഏകദേശം ക്രി.മു. 787

    യഹോവയുടെ ദിവസത്തിന്നായി വാഞ്ഛിക്കുന്ന നിങ്ങൾക്കു അയ്യോ കഷ്ടം! യഹോവയുടെ ദിവസംകൊണ്ടു നിങ്ങൾക്കു എന്തു ഗുണം! അതു വെളിച്ചമല്ല ഇരുട്ടത്രേ.

  4. ആമോസ് 5:19ഏകദേശം ക്രി.മു. 787

    അതു ഒരുത്തൻ സിംഹത്തിന്റെ മുമ്പിൽനിന്നു ഓടിപ്പോയിട്ടു കരടി അവന്നു എതിൎപ്പെടുകയോ വീട്ടിൽ ചെന്നു കൈവെച്ചു ചുമരോടു ചാരീട്ടു സൎപ്പം അവനെ കടിക്കയോ ചെയ്യുന്നതുപോലെ ആകുന്നു.

  5. ആമോസ് 5:20ഏകദേശം ക്രി.മു. 787

    യഹോവയുടെ ദിവസം വെളിച്ചമല്ല, ഇരുൾ തന്നെയല്ലോ; ഒട്ടും പ്രകാശമില്ലാതെ അന്ധതമസ്സു തന്നേ.

  6. ആമോസ് 5:21ഏകദേശം ക്രി.മു. 787

    നിങ്ങളുടെ മത്സരങ്ങളെ ഞാൻ ദ്വേഷിച്ചു നിരസിക്കുന്നു; നിങ്ങളുടെ സഭായോഗങ്ങളിൽ എനിക്കു പ്രസാദമില്ല.

  7. ആമോസ് 5:22ഏകദേശം ക്രി.മു. 787

    നിങ്ങൾ എനിക്കു ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അൎപ്പിച്ചാലും ഞാൻ പ്രസാദിക്കയില്ല; തടിച്ച മൃഗങ്ങൾകൊണ്ടുള്ള നിങ്ങളുടെ സമാധാനയാഗങ്ങളെ ഞാൻ കടാക്ഷിക്കയില്ല.

  8. ആമോസ് 5:23ഏകദേശം ക്രി.മു. 787

    നിന്റെ പാട്ടുകളുടെ സ്വരം എന്റെ മുമ്പിൽനിന്നു നീക്കുക; നിന്റെ വീണാനാദം ഞാൻ കേൾക്കയില്ല.

  9. ആമോസ് 5:24ഏകദേശം ക്രി.മു. 787

    എന്നാൽ ന്യായം വെള്ളംപോലെയും നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ.

  10. ആമോസ് 5:25ഏകദേശം ക്രി.മു. 787

    യിസ്രായേൽഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അൎപ്പിച്ചുവോ?

  11. ആമോസ് 5:26ഏകദേശം ക്രി.മു. 787

    നിങ്ങൾക്കു ഉണ്ടാക്കിയ വിഗ്രഹങ്ങളായി നിങ്ങളുടെ നക്ഷത്രദേവനായ കീയൂനെയും നിങ്ങളുടെ രാജാവായ സിക്കൂത്തിനെയും നിങ്ങൾ ചുമന്നുകൊണ്ടു പോകേണ്ടിവരും.

  12. ആമോസ് 5:27ഏകദേശം ക്രി.മു. 787

    ഞാൻ നിങ്ങളെ ദമ്മേശെക്കിന്നു അപ്പുറം പ്രവാസത്തിലേക്കു പോകുമാറാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു; സൈന്യങ്ങളുടെ ദൈവം എന്നാകുന്നു അവന്റെ നാമം.

  13. ആമോസ് 6:1ഏകദേശം ക്രി.മു. 787

    സീയോനിൽ സ്വൈരികളായി ശമൎയ്യാപൎവ്വതത്തിൽ നിൎഭയരായി ജാതികളിൽ പ്രധാനമായതിൽ ശ്രേഷ്ഠന്മാരായി യിസ്രായേൽഗൃഹം വന്നു ചേരുന്നവരായുള്ളോരേ, നിങ്ങൾക്കു അയ്യോ കഷ്ടം.

  14. ആമോസ് 6:2ഏകദേശം ക്രി.മു. 787

    നിങ്ങൾ കല്നെക്കു ചെന്നു നോക്കുവിൻ; അവിടെ നിന്നു മഹതിയായ ഹമാത്തിലേക്കു പോകുവിൻ; ഫെലിസ്ത്യരുടെ ഗത്തിലേക്കു ചെല്ലുവിൻ; അവ ഈ രാജ്യങ്ങളെക്കാൾ നല്ലവയോ? അവയുടെ ദേശം നിങ്ങളുടെ ദേശത്തെക്കാൾ വിസ്താരമുള്ളതോ?

  15. ആമോസ് 6:3ഏകദേശം ക്രി.മു. 787

    നിങ്ങൾ ദുൎദ്ദിവസം അകറ്റിവെക്കുകയും സാഹസത്തിന്റെ ഇരിപ്പിടം അടുപ്പിക്കയും ചെയ്യുന്നു.

  16. ആമോസ് 6:4ഏകദേശം ക്രി.മു. 787

    നിങ്ങൾ ആനക്കൊമ്പു കൊണ്ടുള്ള കട്ടിലുകളിന്മേൽ ചാരിയിരിക്കയും നിങ്ങളുടെ ശയ്യകളിന്മേൽ നിവിൎന്നു കിടക്കയും ആട്ടിൻകൂട്ടത്തിൽനിന്നു കുഞ്ഞാടുകളെയും തൊഴുത്തിൽനിന്നു പശുക്കിടാക്കളെയും തിന്നുകയും ചെയ്യുന്നു.

  17. ആമോസ് 6:5ഏകദേശം ക്രി.മു. 787

    നിങ്ങൾ വീണാനാദത്തോടെ വ്യൎത്ഥസംഗീതം ചെയ്തു ദാവീദ് എന്നപോലെ വാദിത്രങ്ങളെ ഉണ്ടാക്കുന്നു.

  18. ആമോസ് 6:6ഏകദേശം ക്രി.മു. 787

    നിങ്ങൾ കലശങ്ങളിൽ വീഞ്ഞു കുടിക്കയും വിശേഷതൈലം പൂശുകയും ചെയ്യുന്നു; യോസേഫിന്റെ കേടിനെക്കുറിച്ചു വ്യസനിക്കുന്നില്ലതാനും.

  19. ആമോസ് 6:7ഏകദേശം ക്രി.മു. 787

    അതുകൊണ്ടു അവർ ഇപ്പോൾ പ്രവാസികളിൽ മുമ്പരായി പ്രവാസത്തിലേക്കു പോകും; നിവിൎന്നു കിടക്കുന്നവരുടെ മദ്യപാനഘോഷം തീൎന്നുപോകും.

  20. ആമോസ് 6:8ഏകദേശം ക്രി.മു. 787

    യഹോവയായ കൎത്താവു തന്നെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാടു: ഞാൻ യാക്കോബിന്റെ ഗൎവ്വത്തെ വെറുത്തു അവന്റെ അരമനകളെ ദ്വേഷിക്കുന്നു; ഞാൻ പട്ടണവും അതിലുള്ളതൊക്കെയും ഏല്പിച്ചുകൊടുക്കും;

  21. ആമോസ് 6:9ഏകദേശം ക്രി.മു. 787

    ഒരു വീട്ടിൽ പത്തു പുരുഷന്മാർ ശേഷിച്ചിരുന്നാലും അവർ മരിക്കും;

  22. ആമോസ് 6:10ഏകദേശം ക്രി.മു. 787

    ഒരു മനുഷ്യന്റെ ചാൎച്ചക്കാരൻ, അവനെ ദഹിപ്പിക്കേണ്ടുന്നവൻ തന്നേ, അവന്റെ അസ്ഥികളെ വീട്ടിൽനിന്നു നീക്കേണ്ടതിന്നു അവനെ ചുമന്നുകൊണ്ടു പോകുമ്പോൾ അവൻ വീട്ടിന്റെ അകത്തെ മൂലയിൽ ഇരിക്കുന്നവനോടു: നിന്റെ അടുക്കൽ ഇനി വല്ലവരും ഉണ്ടോ? എന്നു ചോദിക്കുന്നതിന്നു അവൻ: ആരുമില്ല എന്നു പറഞ്ഞാൽ അവൻ: യഹോവയുടെ നാമത്തെ കീൎത്തിച്ചുകൂടായ്കയാൽ നീ മിണ്ടാതിരിക്ക എന്നു പറയും.

  23. ആമോസ് 6:11ഏകദേശം ക്രി.മു. 787

    യഹോവ കല്പിച്ചിട്ടു വലിയ വീടു ഇടിഞ്ഞും ചെറിയ വീടു പിളൎന്നും തകൎന്നുപോകും.

  24. ആമോസ് 6:12ഏകദേശം ക്രി.മു. 787

    കുതിര പാറമേൽ ഓടുമോ? അവിടെ കാളയെ പൂട്ടു ഉഴുമോ? എന്നാൽ നിങ്ങൾ ന്യായത്തെ നഞ്ചായും നീതിഫലത്തെ കാഞ്ഞിരമായും മാറ്റിയിരിക്കുന്നു.

  25. ആമോസ് 6:13ഏകദേശം ക്രി.മു. 787

    നിങ്ങൾ മിത്ഥ്യാവസ്തുവിൽ സന്തോഷിച്ചുംകൊണ്ടു: സ്വന്തശക്തിയാൽ ഞങ്ങൾ പ്രാബല്യം പ്രാപിച്ചിട്ടില്ലയോ എന്നു പറയുന്നു.