ഉള്ളടക്കത്തിലേക്ക് പോകുക

circa 800–400 BC

The Hebrew Prophets

God speaks through Isaiah, Jeremiah, and the minor prophets—calling Israel to repentance and foretelling the coming Messiah.

3,706 വാക്യങ്ങൾ · 14 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. നഹൂം 1:1ഏകദേശം ക്രി.മു. 713

    നീനെവേയെക്കുറിച്ചുള്ള പ്രവാചകം; എൽക്കോശ്യനായ നഹൂമിന്റെ ദൎശനപുസ്തകം.

  2. നഹൂം 1:2ഏകദേശം ക്രി.മു. 713

    ദൈവം തീക്ഷ്ണതയുള്ളവനും യഹോവ പ്രതികാരം ചെയ്യുന്നവനും ആകുന്നു; യഹോവ പ്രതികാരം ചെയ്യുന്നവനും ക്രോധപൂൎണ്ണനുമാകുന്നു; യഹോവ തന്റെ വൈരികളോടു പ്രതികാരം ചെയ്കയും തന്റെ ശത്രുക്കൾക്കായി കോപം സംഗ്രഹിക്കയും ചെയ്യുന്നു.

  3. നഹൂം 1:3ഏകദേശം ക്രി.മു. 713

    യഹോവ ദീൎഘക്ഷമയും മഹാശക്തിയുമുള്ളവൻ; അവൻ ഒരിക്കലും ശിക്ഷിക്കാതെ വിടുകയില്ല; യഹോവയുടെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും ഉണ്ടു; മേഘം അവന്റെ കാൽക്കീഴിലെ പൊടിയാകുന്നു.

  4. നഹൂം 1:4ഏകദേശം ക്രി.മു. 713

    അവൻ സമുദ്രത്തെ ഭൎത്സിച്ചു വറ്റിക്കയും സകലനദികളെയും വരട്ടിക്കളകയും ചെയ്യുന്നു; ബാശാനും കൎമ്മേലും വരളുന്നു; ലെബാനോന്റെ പുഷ്പം വാടിപ്പോകുന്നു.

  5. നഹൂം 1:5ഏകദേശം ക്രി.മു. 713

    അവന്റെ മുമ്പിൽ പൎവ്വതങ്ങൾ കുലുങ്ങുന്നു; കുന്നുകൾ ഉരുകിപ്പോകുന്നു; അവന്റെ സന്നിധിയിൽ ഭൂമി ഞെട്ടിപ്പോകുന്നു; മഹീതലവും അതിലെ സകലനിവാസികളും തന്നേ.

  6. നഹൂം 1:6ഏകദേശം ക്രി.മു. 713

    അവന്റെ ക്രോധത്തിൻ മുമ്പിൽ ആർ നില്ക്കും? അവന്റെ ഉഗ്രകോപത്തിങ്കൽ ആർ നിവിൎന്നുനില്ക്കും? അവന്റെ ക്രോധം തീപോലെ ചൊരിയുന്നു; പാറകൾ അവനാൽ പിളൎന്നുപോകുന്നു.

  7. നഹൂം 1:7ഏകദേശം ക്രി.മു. 713

    യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു; തങ്കൽ ആശ്രയിക്കുന്നവരെ അവൻ അറിയുന്നു.

  8. നഹൂം 1:8ഏകദേശം ക്രി.മു. 713

    എന്നാൽ കവിഞ്ഞൊഴുകുന്നോരു പ്രവാഹംകൊണ്ടു അവൻ അതിന്റെ സ്ഥലത്തിന്നു മുടിവു വരുത്തും; തന്റെ ശത്രുക്കളെ അവൻ അന്ധകാരത്തിൽ പിന്തുടരുന്നു.

  9. നഹൂം 1:9ഏകദേശം ക്രി.മു. 713

    നിങ്ങൾ യഹോവെക്കു വിരോധമായി നിരൂപിക്കുന്നതെന്തു? അവൻ മുടിവു വരുത്തും; കഷ്ടത രണ്ടുപ്രാവശ്യം പൊങ്ങിവരികയില്ല.

  10. നഹൂം 1:10ഏകദേശം ക്രി.മു. 713

    അവർ കൂടിപ്പിണഞ്ഞിരിക്കുന്ന മുള്ളുപോലെ ആയാലും തങ്ങളുടെ മദ്യപാനത്തിൽ മദ്യപിച്ചിരുന്നാലും അവർ മുഴുവനും ഉണങ്ങിയ താളടിപോലെ തീക്കു ഇരയായിത്തീരും.

  11. നഹൂം 1:11ഏകദേശം ക്രി.മു. 713

    യഹോവെക്കു വിരോധമായി ദോഷം നിരൂപിക്കയും നിസ്സാരത്വം ആലോചിക്കയും ചെയ്യുന്നവൻ നിന്നിൽനിന്നു പുറപ്പെട്ടിരിക്കുന്നു.

  12. നഹൂം 1:12ഏകദേശം ക്രി.മു. 713

    യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ പൂൎണ്ണശക്തന്മാരും അവ്വണ്ണം തന്നേ അനേകരും ആയിരുന്നാലും അവർ അങ്ങനെ തന്നേ ഛേദിക്കപ്പെടുകയും അവൻ കഴിഞ്ഞുപോകയും ചെയ്യും. ഞാൻ നിന്നെ താഴ്ത്തി എങ്കിലും ഇനി നിന്നെ താഴ്ത്തുകയില്ല.

  13. നഹൂം 1:13ഏകദേശം ക്രി.മു. 713

    ഇപ്പോഴോ ഞാൻ അവന്റെ നുകം നിന്റെമേൽനിന്നു ഒടിച്ചുകളയും നിന്റെ ബന്ധനങ്ങൾ അറുത്തുകളകയും ചെയ്യും.

  14. നഹൂം 1:14ഏകദേശം ക്രി.മു. 713

    എന്നാൽ യഹോവ നിന്നെക്കുറിച്ചു: നിന്റെ പേരുള്ള സന്തതി ഇനി ഒട്ടും ഉണ്ടാകയില്ല; കൊത്തിയുണ്ടാക്കിയ വിഗ്രഹത്തെയും വാൎത്തുണ്ടാക്കിയ ബിംബത്തെയും നിന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽ നിന്നു ഞാൻ ഛേദിച്ചുകളയും; നീ നിസ്സാരനായിരിക്കയാൽ ഞാൻ നിന്റെ ശവക്കുഴി കുഴിക്കും എന്നു കല്പിച്ചിരിക്കുന്നു.

  15. നഹൂം 1:15ഏകദേശം ക്രി.മു. 713

    ഇതാ, പൎവ്വതങ്ങളിന്മേൽ സുവാൎത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാൽ; യെഹൂദയേ, നിന്റെ ഉത്സവങ്ങളെ ആചരിക്ക; നിന്റെ നേൎച്ചകളെ കഴിക്ക; നിസ്സാരൻ ഇനി നിന്നിൽകൂടി കടക്കയില്ല; അവൻ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു.

  16. നഹൂം 2:1ഏകദേശം ക്രി.മു. 713

    സംഹാരകൻ നിനക്കെതിരേ കയറിവരുന്നു; കോട്ട കാത്തുകൊൾക; വഴി സൂക്ഷിച്ചു നോക്കുക; അര മുറുക്കുക; നിന്നെത്തന്നേ നല്ലവണ്ണം ശക്തീകരിക്ക.

  17. നഹൂം 2:2ഏകദേശം ക്രി.മു. 713

    യഹോവ യാക്കോബിന്റെ മഹിമയെ യിസ്രായേലിന്റെ മഹിമയെപ്പോലെ യഥാസ്ഥാനത്താക്കും; പിടിച്ചുപറിക്കാർ അവരോടു പിടിച്ചുപറിച്ചു, അവരുടെ മുന്തിരിവള്ളികളെ നശിപ്പിച്ചുകളഞ്ഞുവല്ലോ.

  18. നഹൂം 2:3ഏകദേശം ക്രി.മു. 713

    അവന്റെ വീരന്മാരുടെ പരിച ചുവപ്പിച്ചിരിക്കുന്നു; പരാക്രമശാലികൾ ധൂമ്രവസ്ത്രം ധരിച്ചു നില്ക്കുന്നു; അവന്റെ സന്നാഹദിവസത്തിൽ രഥങ്ങൾ ഉരുക്കലകുകളാൽ ജ്വലിക്കുന്നു; കുന്തങ്ങൾ ഓങ്ങിയിരിക്കുന്നു.

  19. നഹൂം 2:4ഏകദേശം ക്രി.മു. 713

    രഥങ്ങൾ തെരുക്കളിൽ ചടുചട ചാടുന്നു; വീഥികളിൽ അങ്ങും ഇങ്ങും ഓടുന്നു; തീപ്പന്തങ്ങളെപ്പോലെ അവയെ കാണുന്നു; അവ മിന്നൽപോലെ ഓടുന്നു.

  20. നഹൂം 2:5ഏകദേശം ക്രി.മു. 713

    അവൻ തന്റെ കുലീനന്മാരെ ഓൎക്കുന്നു; അവർ നടക്കയിൽ ഇടറിപ്പോകുന്നു; അവർ അതിന്റെ മതിലിങ്കലേക്കു ബദ്ധപ്പെട്ടു ചെല്ലുന്നു; അവിടെ ആൾമറ കെട്ടിയിരിക്കുന്നു.

  21. നഹൂം 2:6ഏകദേശം ക്രി.മു. 713

    നദികളുടെ ചീപ്പുകൾ തുറക്കുന്നു; രാജമന്ദിരം അഴിഞ്ഞുപോകുന്നു.

  22. നഹൂം 2:7ഏകദേശം ക്രി.മു. 713

    അതു നിൎണ്ണയിച്ചിരിക്കുന്നു; അവൾ അനാവൃതയായി, അവൾ പോകേണ്ടിവരും; അവളുടെ ദാസിമാർ പ്രാവു കുറുകുംപോലെ കുറുകി മാറത്തടിക്കുന്നു.

  23. നഹൂം 2:8ഏകദേശം ക്രി.മു. 713

    നീനെവേ പുരാതനമേ ഒരു ജലാശയംപോലെയായിരുന്നു; എന്നാൽ അവർ ഓടിപ്പോകുന്നു: നില്പിൻ, നില്പിൻ! ആരും തിരിഞ്ഞുനോക്കുന്നില്ലതാനും.

  24. നഹൂം 2:9ഏകദേശം ക്രി.മു. 713

    വെള്ളി കൊള്ളയിടുവിൻ; പൊന്നു കൊള്ളയിടുവിൻ; വീട്ടുസാമാനത്തിന്നു കണക്കില്ല; സകലവിധമനോഹരവസ്തുക്കളായ സമ്പത്തും ഉണ്ടു.

  25. നഹൂം 2:10ഏകദേശം ക്രി.മു. 713

    അവൾ പാഴും വെറുമയും ശൂന്യവുമായിരിക്കുന്നു; ഹൃദയം ഉരുകിപ്പോകുന്നു; മുഴങ്കാൽ ആടുന്നു; എല്ലാ അരകളിലും അതിവേദന ഉണ്ടു; എല്ലാവരുടെയും മുഖം വിളറിയിരിക്കുന്നു.