ഉള്ളടക്കത്തിലേക്ക് പോകുക

circa 1380–1050 BC

The Judges & Ruth

Israel cycles through rebellion, oppression, and rescue under charismatic leaders—culminating in Ruth's faithful love story.

703 വാക്യങ്ങൾ · 2 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. ന്യായാധിപന്മാര്‍ 18:17ഏകദേശം ക്രി.മു. 1406

    ദേശം ഒറ്റുനോക്കുവാൻ പോയിരുന്നവർ അഞ്ചുപേരും അകത്തുകടന്നു കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാൎപ്പുപണിയായ വിഗ്രഹവും എടുത്തു; പുരോഹിതൻ യുദ്ധസന്നദ്ധരായ അറുനൂറുപേരുടെ അടുക്കൽ നിന്നിരുന്നു.

  2. ന്യായാധിപന്മാര്‍ 18:18ഏകദേശം ക്രി.മു. 1406

    ഇവർ മീഖാവിന്റെ വീട്ടിന്നകത്തു കടന്നു കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാൎപ്പുപണിയായ വിഗ്രഹവും എടുത്തപ്പോൾ പുരോഹിതൻ അവരോടു: നിങ്ങൾ എന്തു ചെയ്യുന്നു എന്നു ചോദിച്ചു.

  3. ന്യായാധിപന്മാര്‍ 18:19ഏകദേശം ക്രി.മു. 1406

    അവർ അവനോടു: മിണ്ടരുതു; നിന്റെ വായ് പൊത്തി ഞങ്ങളോടു കൂടെ വന്നു ഞങ്ങൾക്കു പിതാവും പുരോഹിതനുമായിരിക്ക; ഒരുവന്റെ വീട്ടിന്നു മാത്രം പുരോഹിതനായിരിക്കുന്നതോ യിസ്രായേലിൽ ഒരു ഗോത്രത്തിന്നും കുലത്തിന്നും പുരോഹിതനായിരിക്കുന്നതോ ഏതു നിനക്കു നല്ലതു എന്നു ചോദിച്ചു.

  4. ന്യായാധിപന്മാര്‍ 18:20ഏകദേശം ക്രി.മു. 1406

    അപ്പോൾ പുരോഹിതന്റെ മനം തെളിഞ്ഞു; അവൻ ഏഫോദും ഗൃഹബിംബവും കൊത്തുപണിയായ വിഗ്രഹവും എടുത്തു പടജ്ജനത്തിന്റെ നടുവിൽ നടന്നു.

  5. ന്യായാധിപന്മാര്‍ 18:21ഏകദേശം ക്രി.മു. 1406

    ഇങ്ങനെ അവർ പുറപ്പെട്ടു കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും സമ്പത്തുകളെയും തങ്ങളുടെ മുമ്പിലാക്കി പ്രയാണം ചെയ്തു.

  6. ന്യായാധിപന്മാര്‍ 18:22ഏകദേശം ക്രി.മു. 1406

    അവർ മീഖാവിന്റെ വീട്ടിൽനിന്നു കുറെ ദൂരത്തായപ്പേൾ മീഖാവിന്റെ വീട്ടിനോടു ചേൎന്ന വീടുകളിലുള്ളവർ ഒരുമിച്ചുകൂടി ദാന്യരെ പിന്തുടൎന്നു.

  7. ന്യായാധിപന്മാര്‍ 18:23ഏകദേശം ക്രി.മു. 1406

    അവർ ദാന്യരെ കൂകിവിളിച്ചപ്പോൾ അവർ തിരിഞ്ഞുനോക്കി മീഖാവിനോടു: നീ ഇങ്ങനെ ആൾക്കൂട്ടത്തോടുകൂടെ വരുവാൻ എന്തു എന്നു ചോദിച്ചു.

  8. ന്യായാധിപന്മാര്‍ 18:24ഏകദേശം ക്രി.മു. 1406

    ഞാൻ ഉണ്ടാക്കിയ എന്റെ ദേവന്മാരെയും എന്റെ പുരോഹിതനെയും നിങ്ങൾ അപഹരിച്ചു കൊണ്ടുപോകുന്നു; ഇനി എനിക്കു എന്തുള്ളു? നിനക്കു എന്തു എന്നു നിങ്ങൾ എന്നോടു ചോദിക്കുന്നതു എങ്ങനെ എന്നു അവൻ പറഞ്ഞു.

  9. ന്യായാധിപന്മാര്‍ 18:25ഏകദേശം ക്രി.മു. 1406

    ദാന്യർ അവനോടു: നിന്റെ ഒച്ച ഇവിടെ കേൾക്കരുതു: അല്ലെങ്കിൽ ദ്വേഷ്യക്കാർ നിങ്ങളോടു കയൎത്തിട്ടു നിന്റെ ജീവനും നിന്റെ വീട്ടുകാരുടെ ജീവനും നഷ്ടമാകുവാൻ നീ സംഗതിവരുത്തും എന്നു പറഞ്ഞു.

  10. ന്യായാധിപന്മാര്‍ 18:26ഏകദേശം ക്രി.മു. 1406

    അങ്ങനെ ദാന്യർ തങ്ങളുടെ വഴിക്കു പോയി; അവർ തന്നിലും ബലവാന്മാർ എന്നു മീഖാവു കണ്ടു വീട്ടിലേക്കു മടങ്ങിപ്പോന്നു.

  11. ന്യായാധിപന്മാര്‍ 18:27ഏകദേശം ക്രി.മു. 1406

    മീഖാവു തീൎപ്പിച്ചവയെയും അവന്നു ഉണ്ടായിരുന്ന പുരോഹിതനെയും അവർ കൊണ്ടുപോയി, ലയീശിൽ സ്വൈരവും നിൎഭയവുമായിരുന്ന ജനത്തിന്റെ അടുക്കൽ എത്തി അവരെ വാളിന്റെ വായ്ത്തലയാൽ വെട്ടി, പട്ടണം തീവെച്ചു ചുട്ടുകളഞ്ഞു.

  12. ന്യായാധിപന്മാര്‍ 18:28ഏകദേശം ക്രി.മു. 1406

    അതു സീദോന്നു അകലെ ആയിരുന്നു; മറ്റു മനുഷ്യരുമായി അവൎക്കു സംസൎഗ്ഗം ഇല്ലായ്കയാൽ അവരെ വിടുവിപ്പാൻ ആരും ഉണ്ടായിരുന്നില്ല. അതു ബേത്ത്-രെഹോബ് താഴ്വരയിൽ ആയിരുന്നു. അവർ പട്ടണം വീണ്ടും പണിതു അവിടെ കുടിപാൎക്കയും

  13. ന്യായാധിപന്മാര്‍ 18:29ഏകദേശം ക്രി.മു. 1406

    യിസ്രായേലിന്നു ജനിച്ച തങ്ങളുടെ പിതാവായ ദാന്റെ പേരിൻ പ്രകാരം നഗരത്തിന്നു ദാൻ എന്നു പേരിടുകയും ചെയ്തു; പണ്ടു ആ പട്ടണത്തിന്നു ലയീശ് എന്നു പേർ ആയിരുന്നു.

  14. ന്യായാധിപന്മാര്‍ 18:30ഏകദേശം ക്രി.മു. 1406

    ദാന്യർ കൊത്തുപണിയായ ആ വിഗ്രഹം പ്രതിഷ്ഠിച്ചു; മോശെയുടെ മകനായ ഗേൎശോമിന്റെ മകൻ യോനാഥാനും അവന്റെ പുത്രന്മാരും ആ ദേശത്തിന്റെ പ്രവാസകാലംവരെ ദാൻഗോത്രക്കാൎക്കു പുരോഹിതന്മാരായിരുന്നു.

  15. ന്യായാധിപന്മാര്‍ 18:31ഏകദേശം ക്രി.മു. 1406

    ദൈവത്തിന്റെ ആലയം ശീലോവിൽ ആയിരുന്ന കാലത്തൊക്കെയും മീഖാവു തീൎപ്പിച്ച വിഗ്രഹം അവർ വെച്ചു പൂജിച്ചുപോന്നു.

  16. ന്യായാധിപന്മാര്‍ 19:1ഏകദേശം ക്രി.മു. 1406

    യിസ്രായേലിൽ രാജാവില്ലാത്ത ആ കാലത്തു എഫ്രയീംമലനാട്ടിൽ ഉൾപ്രദേശത്തു വന്നു പാൎത്തിരുന്ന ഒരു ലേവ്യൻ ഉണ്ടായിരുന്നു; അവൻ യെഹൂദയിലെ ബേത്ത്ലേഹെമിൽനിന്നു ഒരു വെപ്പാട്ടിയെ പരിഗ്രഹിച്ചു.

  17. ന്യായാധിപന്മാര്‍ 19:2ഏകദേശം ക്രി.മു. 1406

    അവന്റെ വെപ്പാട്ടി അവനോടു ദ്രോഹിച്ചു വ്യഭിചാരം ചെയ്തു അവനെ വിട്ടു യെഹൂദയിലെ ബേത്ത്ലേഹെമിൽ തന്റെ അപ്പന്റെ വീട്ടിൽ പോയി നാലു മാസത്തോളം അവിടെ പാൎത്തു.

  18. ന്യായാധിപന്മാര്‍ 19:3ഏകദേശം ക്രി.മു. 1406

    അവളുടെ ഭൎത്താവു പുറപ്പെട്ടു അവളോടു നല്ലവാക്കു പറഞ്ഞു കൂട്ടിക്കൊണ്ടുവരുവാൻ അവളെ അന്വേഷിച്ചുചെന്നു; അവനോടുകൂടെ ഒരു ബാല്യക്കാരനും രണ്ടു കഴുതയും ഉണ്ടായിരുന്നു; അവൾ അവനെ തന്റെ അപ്പന്റെ വീട്ടിൽ കൈക്കൊണ്ടു; യുവതിയുടെ അപ്പൻ അവനെ കണ്ടപ്പോൾ അവന്റെ വരവിങ്കൽ സന്തോഷിച്ചു.

  19. ന്യായാധിപന്മാര്‍ 19:4ഏകദേശം ക്രി.മു. 1406

    യുവതിയുടെ അപ്പനായ അവന്റെ അമ്മാവിയപ്പൻ അവനെ പാൎപ്പിച്ചു; അങ്ങനെ അവൻ മൂന്നു ദിവസം അവനോടുകൂടെ പാൎത്തു. അവർ തിന്നുകുടിച്ചു അവിടെ രാപാൎത്തു.

  20. ന്യായാധിപന്മാര്‍ 19:5ഏകദേശം ക്രി.മു. 1406

    നാലാം ദിവസം അവൻ അതികാലത്തു എഴുന്നേറ്റു യാത്ര പുറപ്പെടുവാൻ ഭാവിച്ചപ്പോൾ യുവതിയുടെ അപ്പൻ മരുമകനോടു: അല്പം വല്ലതും കഴിച്ചിട്ടു പോകാമല്ലോ എന്നു പറഞ്ഞു.

  21. ന്യായാധിപന്മാര്‍ 19:6ഏകദേശം ക്രി.മു. 1406

    അങ്ങനെ അവർ ഇരുന്നു രണ്ടുപേരും കൂടെ തിന്നുകയും കുടിക്കയും ചെയ്തു; യുവതിയുടെ അപ്പൻ അവനോടു: ദയചെയ്തു രാപാൎത്തു സുഖിച്ചുകൊൾക എന്നു പറഞ്ഞു.

  22. ന്യായാധിപന്മാര്‍ 19:7ഏകദേശം ക്രി.മു. 1406

    അവൻ പോകേണ്ടതിന്നു എഴുന്നേറ്റപ്പോൾ അവന്റെ അമ്മാവിയപ്പൻ അവനെ നിൎബ്ബന്ധിച്ചു; ആ രാത്രിയും അവൻ അവിടെ പാൎത്തു.

  23. ന്യായാധിപന്മാര്‍ 19:8ഏകദേശം ക്രി.മു. 1406

    അഞ്ചാം ദിവസം അവൻ പോകേണ്ടതിന്നു അതികാലത്തു എഴുന്നേറ്റപ്പോൾ യുവതിയുടെ അപ്പൻ: അല്പം വല്ലതും കഴിച്ചിട്ടു വെയിലാറുംവരെ താമസിച്ചുകൊൾക എന്നു പറഞ്ഞു. അവർ രണ്ടുപേരും ഭക്ഷണം കഴിച്ചു.

  24. ന്യായാധിപന്മാര്‍ 19:9ഏകദേശം ക്രി.മു. 1406

    പിന്നെ അവനും അവന്റെ വെപ്പാട്ടിയും ബാല്യക്കാരനും എഴുന്നേറ്റപ്പോൾ യുവതിയുടെ അപ്പനായ അവന്റെ അമ്മാവിയപ്പൻ അവനോടു: ഇതാ, നേരം അസ്തമിപ്പാറായി, ഈ രാത്രിയും താമസിക്ക; നേരം വൈകിയല്ലോ; രാപാൎത്തു സുഖിക്ക; നാളെ അതികാലത്തു എഴുന്നേറ്റു വീട്ടിലേക്കു പോകാം എന്നു പറഞ്ഞു.

  25. ന്യായാധിപന്മാര്‍ 19:10ഏകദേശം ക്രി.മു. 1406

    എന്നാൽ അന്നും രാപാൎപ്പാൻ മനസ്സില്ലാതെ അവൻ എഴുന്നേറ്റു പുറപ്പെട്ടു; യെരൂശലേമെന്ന യെബൂസിന്നു സമീപം എത്തി; കോപ്പിട്ട രണ്ടു കഴുതയും അവന്റെ വെപ്പാട്ടിയും അവനോടുകൂടെ ഉണ്ടായിരുന്നു.