ഉള്ളടക്കത്തിലേക്ക് പോകുക

Kings സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ

580 വാക്യങ്ങൾ · 175 വശങ്ങൾ

പ്രധാന ബൈബിൾ വാക്യങ്ങൾ

പുസ്തകം അനുസരിച്ച് അരിക്കുക
  1. യെഹോരാം വാഴ്ചതുടങ്ങിയപ്പോൾ അവന്നു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു.

  2. ആഹാബ് ഗൃഹം ചെയ്തതുപോലെ അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു; ആഹാബിന്റെ മകൾ അവന്നു ഭാൎയ്യയായിരുന്നുവല്ലോ; അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.

  3. എന്നാൽ യഹോവ ദാവീദിനോടു ചെയ്തിരുന്ന നിയമംനിമിത്തവും അവന്നും അവന്റെ പുത്രന്മാൎക്കും ഒരു ദീപം എല്ലായ്പോഴും കൊടുക്കുമെന്നു വാഗ്ദാനം ചെയ്തിരിക്കനിമിത്തവും ദാവീദ് ഗൃഹത്തെ നശിപ്പിപ്പാൻ അവന്നു മനസ്സില്ലായിരുന്നു.

  4. അവന്റെ കാലത്തു എദോം യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങൾക്കു ഒരു രാജാവിനെ വാഴിച്ചു.

  5. യെഹോരാം തന്റെ പ്രഭുക്കന്മാരോടും സകലരഥങ്ങളോടുംകൂടെ ചെന്നു രാത്രിയിൽ എഴുന്നേറ്റു തന്നേ വളഞ്ഞിരുന്ന എദോമ്യരെയും തേരാളികളെയും തോല്പിച്ചുകളഞ്ഞു.

  6. എന്നാൽ എദോം ഇന്നുവരെ യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചുനില്ക്കുന്നു; അവൻ തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ടു ആ കാലത്തു തന്നേ ലിബ്നയും അവന്റെ മേലധികാരത്തോടു മത്സരിച്ചു.

  7. അവൻ യെഹൂദാപൎവ്വതങ്ങളിൽ പൂജാഗിരികളെ ഉണ്ടാക്കി; യെരൂശലേംനിവാസികളെ പരസംഗം ചെയ്യുമാറാക്കി, യെഹൂദയെ തെറ്റിച്ചുകളഞ്ഞു.

  8. അവന്നു എലീയാപ്രവാചകന്റെ പക്കൽനിന്നു ഒരു എഴുത്തു വന്നതെന്തെന്നാൽ: നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ നിന്റെ അപ്പനായ യെഹോശാഫാത്തിന്റെ വഴികളിലും യെഹൂദാരാജാവായ ആസയുടെ വഴികളിലും നടക്കാതെ

  9. യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടക്കയും ആഹാബ് ഗൃഹത്തിന്റെ പരസംഗംപോലെ യെഹൂദയെയും യെരൂശലേംനിവാസികളെയും പരസംഗം ചെയ്യുമാറാക്കുകയും നിന്നെക്കാൾ നല്ലവരായ നിന്റെ പിതൃഭവനത്തിലുള്ള നിന്റെ സഹോദരന്മാരെ കൊല്ലുകയും ചെയ്കകൊണ്ടു

  10. യഹോവ നിന്റെ ജനത്തെയും നിന്റെ മക്കളെയും നിന്റെ ഭാൎയ്യമാരെയും നിന്റെ സകലവസ്തുവകകളെയും മഹാബാധകൊണ്ടു ബാധിക്കും.

  11. നിനക്കോ ദീനത്താൽ നിന്റെ കുടൽ കാലക്രമേണ പുറത്തു ചാടുംവരെ കുടലിൽ വ്യാധിപിടിച്ചു കഠിനദീനമുണ്ടാകും.

  12. യഹോവ ഫെലിസ്ത്യരുടെയും കൂശ്യരുടെയും സമീപത്തുള്ള അരബികളുടെയും മനസ്സു യെഹോരാമിന്റെ നേരെ ഉണൎത്തി;

  13. അവർ യെഹൂദയിലേക്കു വന്നു അതിനെ ആക്രമിച്ചു രാജധാനിയിൽ കണ്ട സകലവസ്തുവകകളെയും അവന്റെ പുത്രന്മാരെയും അവന്റെ ഭാൎയ്യമാരെയും അപഹരിച്ചു കൊണ്ടുപോയി; അതുകൊണ്ടു അവന്റെ ഇളയമകനായ യെഹോവാഹാസല്ലാതെ ഒരു മകനും അവന്നു ശേഷിച്ചില്ല.

  14. ഇതെല്ലാം കഴിഞ്ഞശേഷം യഹോവ അവനെ കുടലിൽ പൊറുക്കാത്ത വ്യാധികൊണ്ടു ബാധിച്ചു.

  15. കാലക്രമേണ രണ്ടു സംവത്സരം കഴിഞ്ഞിട്ടു ദീനത്താൽ അവന്റെ കുടൽ പുറത്തുചാടി അവൻ കഠിനവ്യാധിയാൽ മരിച്ചു; അവന്റെ ജനം അവന്റെ പിതാക്കന്മാൎക്കു കഴിച്ച ദഹനംപോലെ അവന്നു വേണ്ടി ദഹനം കഴിച്ചില്ല.

  16. അവൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു ആൎക്കും ഇഷ്ടനാകാതെ കഴിഞ്ഞുപോയി; അവനെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു, രാജാക്കന്മാരുടെ കല്ലറകളിൽ അല്ലതാനും.

  17. യെരൂശലേംനിവാസികൾ അവന്റെ ഇളയമകനായ അഹസ്യാവെ അവന്നു പകരം രാജാവാക്കി; അരബികളോടുകൂടെ പാളയത്തിൽ വന്ന പടക്കൂട്ടം മൂത്തവരെ ഒക്കെയും കൊന്നുകളഞ്ഞിരുന്നു; ഇങ്ങനെ യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവു രാജാവായി.

  18. അഹസ്യാവു വാഴ്ചതുടങ്ങിയപ്പോൾ അവന്നു നാല്പത്തിരണ്ടു വയസ്സായിരുന്നു; അവൻ ഒരു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു അഥല്യാ എന്നു പേർ; അവൾ ഒമ്രിയുടെ മകളായിരുന്നു.

  19. അവനും ആഹാബ് ഗൃഹത്തിന്റെ വഴികളിൽ നടന്നു; ദുഷ്ടത പ്രവൎത്തിപ്പാൻ അവന്റെ അമ്മ അവന്നു ആലോചനക്കാരത്തി ആയിരുന്നു.

  20. അതുകൊണ്ടു അവൻ ആഹാബ് ഗൃഹത്തെപ്പോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; അവർ അവന്റെ അപ്പൻ മരിച്ചശേഷം അവന്റെ നാശത്തിന്നായി അവന്റെ ആലോചനക്കാരായിരുന്നു.

  21. അവരുടെ ആലോചനപോലെ അവൻ നടന്നു; യിസ്രായേൽരാജാവായ ആഹാബിന്റെ മകൻ യോരാമിനോടുകൂടെ അവൻ ഗിലെയാദിലെ രാമോത്തിൽ അരാംരാജാവായ ഹസായേലിനോടു യുദ്ധത്തിന്നു പോയി; എന്നാൽ അരാമ്യർ യോരാമിനെ മുറിവേല്പിച്ചു.

  22. അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമയിൽവെച്ചു ഏറ്റ മുറിവുകൾക്കു ചികിത്സ ചെയ്യേണ്ടതിന്നു അവൻ യിസ്രെയേലിൽ മടങ്ങിപ്പോയി; യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അസൎയ്യാവു ആഹാബിന്റെ മകനായ യോരാം ദീനമായി കിടക്കുകയാൽ അവനെ കാണ്മാൻ യിസ്രെയേലിൽ ചെന്നു.

  23. യോരാമിന്റെ അടുക്കൽ ചെന്നതു അഹസ്യാവിന്നു ദൈവഹിതത്താൽ നാശഹേതുവായി ഭവിച്ചു; അവൻ ചെന്ന സമയം ആഹാബ് ഗൃഹത്തിന്നു നിൎമ്മൂലനാശം വരുത്തുവാൻ യഹോവ അഭിഷേകം ചെയ്തവനായി നിംശിയുടെ മകനായ യേഹൂവിന്റെ നേരെ അവൻ യെഹോരാമിനോടുകൂടെ പുറപ്പെട്ടു.

  24. യേഹൂ ആഹാബ് ഗൃഹത്തോടു ന്യായവിധി നടത്തുകയിൽ അവൻ യെഹൂദാപ്രഭുക്കന്മാരെയും അഹസ്യാവിന്നു ശുശ്രൂഷ ചെയ്യുന്നവരായ അഹസ്യാവിന്റെ സഹോദരന്മാരുടെ പുത്രന്മാരെയും കണ്ടു അവരെ കൊന്നുകളഞ്ഞു.

  25. പിന്നെ അവൻ അഹസ്യാവെ അന്വേഷിച്ചു; അവൻ ശമൎയ്യയിൽ ഒളിച്ചിരിക്കയായിരുന്നു; അവർ അവനെ പിടിച്ചു യേഹൂവിന്റെ അടുക്കൽ കൊണ്ടുവന്നു കൊന്നു; പൂൎണ്ണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച യെഹോശാഫാത്തിന്റെ മകനല്ലോ എന്നു പറഞ്ഞു അവർ അവനെ അടക്കം ചെയ്തു. ഇങ്ങനെ അഹസ്യാവിന്റെ ഗൃഹത്തിൽ ആൎക്കും രാജത്വം വഹിപ്പാൻ ശക്തിയില്ലാതെയിരുന്നു.