Skip to content

Kings സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ

580 വാക്യങ്ങൾ · 175 വശങ്ങൾ

പ്രധാന ബൈബിൾ വാക്യങ്ങൾ

പുസ്തകം അനുസരിച്ച് അരിക്കുക
  1. അവൻ യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട പൊന്നും വെള്ളിയുമൊക്കെയും സകലഉപകരണങ്ങളും എടുത്തു ജാമ്യക്കാരെയും പിടിച്ചുകൊണ്ടു ശമൎയ്യയിലേക്കു മടങ്ങിപ്പോയി.

  2. യെഹോവാശ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങളും അവന്റെ പരാക്രമപ്രവൃത്തികളും അവൻ യെഹൂദാരാജാവായ അമസ്യാവോടു യുദ്ധംചെയ്തതും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

  3. പിന്നെ യെഹോവാശ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു. അവനെ ശമൎയ്യയിൽ യിസ്രായേൽരാജാക്കന്മാരുടെ അടുക്കൽ അടക്കംചെയ്തു; അവന്റെ മകനായ യൊരോബെയാം അവന്നു പകരം രാജാവായി.

  4. യിസ്രായേൽരാജാവായ യെഹോവാഹാസിന്റെ മകനായ യെഹോവാശിന്റെ മരണശേഷം യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവു പതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു.

  5. അമസ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

  6. യെരൂശലേമിൽ അവന്നു വിരോധമായി ഒരു കൂട്ടുകെട്ടുണ്ടായിട്ടു അവൻ ലാഖീശിലേക്കു ഓടിപ്പോയി; എന്നാൽ അവർ അവന്റെ പിന്നാലെ ലാഖീശിലേക്കു ആളയച്ചു അവിടെവെച്ചു അവനെ കൊന്നുകളഞ്ഞു.

  7. അവനെ കുതിരപ്പുറത്തുവെച്ചു കൊണ്ടുവന്നു യെരൂശലേമിൽ ദാവീദിന്റെ നഗരത്തിൽ തന്റെ പിതാക്കന്മാരുടെ അടുക്കൽ അടക്കം ചെയ്തു.

  8. യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവിന്റെ പതിനഞ്ചാം ആണ്ടിൽ യിസ്രായേൽരാജാവായ യോവാശിന്റെ മകൻ യൊരോബെയാം രാജാവായി ശമൎയ്യയിൽ നാല്പത്തൊന്നു സംവത്സരം വാണു.

  9. അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളൊന്നും വിട്ടുമാറിയില്ല.

  10. ഗത്ത്-ഹേഫർകാരനായ അമിത്ഥായിയുടെ മകനായ യോനാപ്രവാചകൻ എന്ന തന്റെ ദാസൻമുഖാന്തരം യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്ത വചനപ്രകാരം അവൻ ഹമാത്തിന്റെ അതിർമുതൽ അരാബയിലെ കടൽവരെ യിസ്രായേലിന്റെ ദേശത്തെ വീണ്ടും സ്വാധീനമാക്കി.

  11. യിസ്രായേലിന്റെ കഷ്ടത എത്രയും കഠിനം, സ്വതന്ത്രനോ അസ്വതന്ത്രനോ ഇല്ല, യിസ്രായേലിന്നു സഹായം ചെയ്യുന്നവനുമില്ല എന്നു യഹോവ കണ്ടിട്ടു,

  12. യിസ്രായേലിന്റെ പേർ ആകാശത്തിൻ കീഴിൽനിന്നു മായിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യാതെ യോവാശിന്റെ മകനായ യൊരോബെയാംമുഖാന്തരം അവരെ രക്ഷിച്ചു.

  13. യൊരോബെയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവൻ യുദ്ധംചെയ്തതും യെഹൂദെക്കു ഉണ്ടായിരുന്ന ദമ്മേശെക്കും ഹമാത്തും യിസ്രായേലിന്നു വീണ്ടുകൊണ്ടതിൽ അവൻ കാണിച്ച പരാക്രമവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

  14. യൊരോബെയാം യിസ്രായേൽരാജാക്കന്മാരായ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ സെഖൎയ്യാവു അവന്നു പകരം രാജാവായി.

  15. യിസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപത്തേഴാം ആണ്ടിൽ യെഹൂദാരാജാവായ അമസ്യാവിന്റെ മകൻ അസൎയ്യാവു രാജാവായി.

  16. അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന്നു പതിനാറു വയസ്സായിരുന്നു; അവൻ അമ്പത്തിരണ്ടു സംവത്സരം യെരൂശലേമിൽ വാണു; യെരൂശലേംകാരത്തിയായ അവന്റെ അമ്മെക്കു യെഖോല്യാ എന്നു പേർ.

  17. അവൻ തന്റെ അപ്പനായ അമസ്യാവു ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.

  18. എങ്കിലും പൂജാഗിരികൾക്കു നീക്കംവന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.

  19. എന്നാൽ യഹോവ ഈ രാജാവിനെ ബാധിച്ചു. അവൻ ജീവപൎയ്യന്തം കുഷ്ഠരോഗിയായി ഒരു പ്രത്യേകശാലയിൽ പാൎത്തിരുന്നു; രാജകുമാരനായ യോഥാം രാജധാനിക്കു വിചാരകനായി ദേശത്തെ ജനത്തിന്നു ന്യായപാലനം ചെയ്തു.

  20. അസൎയ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

  21. അസൎയ്യാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവർ അവനെ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അടക്കംചെയ്തു; അവന്റെ മകനായ യോഥാം അവന്നു പകരം രാജാവായി.

  22. യെഹൂദാരാജാവായ അസൎയ്യാവിന്റെ മുപ്പത്തെട്ടാം ആണ്ടിൽ യൊരോബെയാമിന്റെ മകനായ സെഖൎയ്യാവു യിസ്രായേലിന്നു രാജാവായി ശമൎയ്യയിൽ ആറു മാസം വാണു.

  23. അവൻ തന്റെ പിതാക്കന്മാരെപ്പോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയില്ല.

  24. യാബേശിന്റെ മകനായ ശല്ലൂം അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി ജനത്തിന്റെ മുമ്പിൽവെച്ചു അവനെ വെട്ടിക്കൊന്നു അവന്നുപകരം രാജാവായി.

  25. സെഖൎയ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.