1 രാജാക്കന്മാര് 1:26-50
26
എന്നാൽ അടിയനെയും പുരോഹിതനായ സാദോക്കിനെയും യഹോയാദയുടെ മകനായ ബെനായാവെയും നിന്റെ ദാസനായ ശലോമോനെയും അവൻ ക്ഷണിച്ചില്ല.
27
യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തിൽ ഇരിക്കേണ്ടതു ആരെന്നു അടിയങ്ങളെ നീ അറിയിക്കാതെ ഇരിക്കെ ഈ കാൎയ്യം യജമാനനായ രാജാവിന്റെ കല്പനയാലോ നടന്നതു?
28
ബത്ത്-ശേബയെ വിളിപ്പിൻ എന്നു ദാവീദ് രാജാവു കല്പിച്ചു. അവൾ രാജസന്നിധിയിൽ ചെന്നു രാജാവിന്റെ മുമ്പാകെ നിന്നു.
29
എന്നാറെ രാജാവു: എന്റെ ജീവനെ സകലകഷ്ടത്തിൽനിന്നും വീണ്ടെടുത്തിരിക്കുന്ന യഹോവയാണ,
30
നിന്റെ മകനായ ശലോമോൻ എന്റെ അനന്തരവനായി വാണു എനിക്കു പകരം എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു ഞാൻ നിന്നോടു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ സത്യംചെയ്തതുപോലെ തന്നേ ഞാൻ ഇന്നു നിവൎത്തിക്കും എന്നു സത്യംചെയ്തു പറഞ്ഞു.
31
അപ്പോൾ ബത്ത്-ശേബ സാഷ്ടാംഗം വീണു രാജാവിനെ നമസ്കരിച്ചു: എന്റെ യജമാനനായ ദാവീദ് രാജാവു ദീൎഘായുസ്സായിരിക്കട്ടെ എന്നു പറഞ്ഞു.
32
പിന്നെ ദാവീദ്: പുരോഹിതനായ സാദോക്കിനെയും പ്രവാചകനായ നാഥാനെയും യഹോയാദയുടെ മകനായ ബെനായാവെയും വിളിപ്പിൻ എന്നു കല്പിച്ചു. അവർ രാജസന്നിധിയിൽ ചെന്നുനിന്നു.
33
രാജാവു അവരോടു കല്പിച്ചതെന്തെന്നാൽ: നിങ്ങളുടെ യജമാനന്റെ ഭൃത്യന്മാരെ കൂട്ടിക്കൊണ്ടു എന്റെ മകനായ ശാലോമോനെ എന്റെ കോവർകഴുതപ്പുറത്തു കയറ്റി താഴെ ഗീഹോനിലേക്കു കൊണ്ടുപോകുവിൻ.
34
അവിടെവെച്ചു സാദോക്പുരോഹിതനും നാഥാൻപ്രവാചകനും അവനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്യേണം; പിന്നെ കാഹളം ഊതി: ശലമോൻരാജാവേ, ജയജയ എന്നു ഘോഷിച്ചുപറവിൻ.
35
അതിന്റെശേഷം നിങ്ങൾ അവന്റെ പിന്നാലെ വരുവിൻ; അവൻ വന്നു എന്റെ സിംഹാസനത്തിൽ ഇരുന്നു എനിക്കു പകരം വാഴേണം; യിസ്രായേലിന്നും യെഹൂദെക്കും പ്രഭുവായിരിക്കേണ്ടതിന്നു ഞാൻ അവനെ നിയമിച്ചിരിക്കുന്നു.
36
അപ്പോൾ യെഹോയാദയുടെ മകൻ ബെനായാവു രാജാവിനോടു: ആമേൻ; യജമാനനായ രാജാവിന്റെ ദൈവമായ യഹോവയും അങ്ങനെ തന്നേ കല്പിക്കുമാറാകട്ടെ.
37
യഹോവ യജമാനനായ രാജാവിനോടുകൂടെ ഇരുന്നതുപോലെ ശലോമോനോടുംകൂടെ ഇരിക്കയും യജമാനനായ ദാവീദ് രാജാവിന്റെ സിംഹാസനത്തെക്കാളും അവന്റെ സിംഹാസനത്തെ ശ്രേഷ്ഠമാക്കുകയും ചെയ്യുമാറാകട്ടെ എന്നു ഉത്തരം പറഞ്ഞു.
38
അങ്ങനെ സാദോക്പുരോഹിതനും നാഥാൻപ്രവാചകനും യെഹോയാദയുടെ മകനായ ബെനായാവും ക്രേത്യരും പ്ലേത്യരും ചെന്നു ദാവീദ്രാജാവിന്റെ കോവർകഴുതപ്പുറത്തു ശലോമോനെ കയറ്റി ഗീഹോനിലേക്കു കൊണ്ടുപോയി,
39
സാദോക്പുരോഹിതൻ തൃക്കൂടാരത്തിൽനിന്നു തൈലക്കൊമ്പു കൊണ്ടുചെന്നു ശലോമോനെ അഭിഷേകം ചെയ്തു. അവർ കാഹളം ഊതി, ജനമൊക്കെയും ശലോമോൻരാജാവേ, ജയജയ എന്നു ഘോഷിച്ചുപറഞ്ഞു.
40
പിന്നെ ജനമൊക്കയും അവന്റെ പിന്നാലെ ചെന്നു; ജനം കുഴലൂതി; അവരുടെ ഘോഷംകൊണ്ടു ഭൂമികുലുങ്ങുമാറു അത്യന്തം സന്തോഷിച്ചു.
41
അദോനീയാവും കൂടെ ഉണ്ടായിരുന്ന സകല വിരുന്നുകാരും ഭക്ഷണം കഴിഞ്ഞിരിക്കുമ്പോൾ അതു കേട്ടു. കാഹളനാദം കേട്ടപ്പോൾ യോവാബ്: പട്ടണം കലങ്ങിയിരിക്കുന്ന ഈ ആരവം എന്തു എന്നു ചോദിച്ചു.
42
അവൻ പറയുമ്പോൾ തന്നേ ഇതാ, പുരോഹിതനായ അബ്യാഥാരിന്റെ മകൻ യോനാഥാൻ വരുന്നു; അദോനീയാവു അവനോടു: അകത്തുവരിക; നീ യോഗ്യപുരുഷൻ; നീ നല്ലവൎത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.
43
യോനാഥാൻ അദോനീയാവോടു ഉത്തരം പറഞ്ഞതു: നമ്മുടെ യജമാനനായ ദാവീദ് രാജാവു ശലോമോനെ രാജാവാക്കിയിരിക്കുന്നു.
44
രാജാവു സാദോക്പുരോഹിതനെയും നാഥാൻപ്രവാചകനെയും യെഹോയാദയുടെ മകനായ ബെനായാവെയും ക്രേത്യരെയും പ്ലേത്യരെയും അവനോടുകൂടെ അയച്ചു. അവർ അവനെ രാജാവിന്റെ കോവർകഴുതപ്പുറത്തു കയറ്റി.
45
സാദോക്പുരോഹിതനും നാഥാൻപ്രവാചകനും അവനെ ഗീഹോനിൽവെച്ചു രാജാവായിട്ടു അഭിഷേകം ചെയ്തു. അവർ പട്ടണം മുഴങ്ങുംവണ്ണം സന്തോഷിച്ചുകൊണ്ടു അവിടെനിന്നു മടങ്ങിപ്പോയി. ഇതാകുന്നു നിങ്ങൾ കേട്ട ഘോഷം.
46
അത്രയുമല്ല ശലോമോൻ രാജസിംഹാസനത്തിൽ ഇരിക്കുന്നു;
47
രാജഭൃത്യന്മാരും നമ്മുടെ യജമാനനായ ദാവീദ് രാജാവിനെ അഭിവന്ദനം ചെയ്വാൻ ചെന്നു; നിന്റെ ദൈവം ശലോമോന്റെ നാമത്തെ നിന്റെ നാമത്തെക്കാൾ ഉൽകൃഷ്ടവും അവന്റെ സിംഹാസനത്തെ നിന്റെ സിംഹാസനത്തെക്കാൾ ശ്രേഷ്ഠവും ആക്കട്ടെ എന്നു പറഞ്ഞു.
48
രാജാവു തന്റെ കട്ടിലിന്മേൽ നമസ്കരിച്ചു: ഇന്നു എന്റെ സിംഹാസനത്തിൽ എന്റെ സന്തതി ഇരിക്കുന്നതു എന്റെ കണ്ണുകൊണ്ടു കാണ്മാൻ സംഗതി വരുത്തിയ യിസ്രായേലിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.
49
ഉടനെ അദോനീയാവിന്റെ വിരുന്നുകാർ ഒക്കെയും ഭയപ്പെട്ടു എഴുന്നേറ്റു ഓരോരുത്തൻ താന്താന്റെ വഴിക്കു പോയി.
50
അദോനീയാവും ശലോമോനെ പേടിച്ചു ചെന്നു യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു.
ബൈബിൾ പാഠം: Sathyavedapusthakam 1910, contemporary orthography · Malayalam Bible 1910 – Revised and in Contemporary Orthography, © 2015 The Free Bible Foundation · CC BY-SA 4.0
Settings