ഉള്ളടക്കത്തിലേക്ക് പോകുക

God

11,427 വാക്യങ്ങൾ · 2 കുടുംബാംഗങ്ങൾ

God പരാമർശിക്കുന്ന വാക്യങ്ങൾ

പുസ്തകം അനുസരിച്ച് അരിക്കുക
  1. അല്ല നീ എന്നോടു: ഞങ്ങളുടെ ദൈവമായ യഹോവയിൽ ഞങ്ങൾ ആശ്രയിക്കുന്നു എന്നു പറയുന്നുവെങ്കിൽ അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവു നീക്കിക്കളഞ്ഞിട്ടല്ലോ യെഹൂദയോടും യെരൂശലേമ്യരോടും: നിങ്ങൾ ഈ യാഗപീഠത്തിന്റെ മുമ്പിൽ നമസ്കരിപ്പിൻ എന്നു കല്പിച്ചതു?

  2. ഞാൻ ഇപ്പോൾ ഈ ദേശം നശിപ്പിപ്പാൻ യഹോവയെ കൂടാതെയോ അതിന്റെ നേരെ പുറപ്പെട്ടുവന്നിരിക്കുന്നതു? യഹോവ എന്നോടു: ഈ ദേശത്തിന്റെ നേരെ പുറപ്പെട്ടുചെന്നു അതിനെ നശിപ്പിക്ക എന്നു കല്പിച്ചിരിക്കുന്നു.

  3. യഹോവ നമ്മെ നിശ്ചയമായി വിടുവിക്കും; ഈ നഗരം അശ്ശൂർരാജാവിന്റെ കയ്യിൽ ഏല്പിക്കയില്ല എന്നു പറഞ്ഞു ഹിസ്കീയാവു നിങ്ങളെ യഹോവയിൽ ആശ്രയിക്കുമാറാക്കുകയും അരുതു.

  4. യഹോവ നമ്മെ വിടുവിക്കുമെന്നു പറഞ്ഞു ഹിസ്കീയാവു നിങ്ങളെ ചതിക്കരുതു; ജാതികളുടെ ദേവന്മാരിൽ ആരെങ്കിലും തന്റെ ദേശത്തെ അശ്ശൂർ രാജാവിന്റെ കയ്യിൽനിന്നു വിടുവിച്ചിട്ടുണ്ടോ?

  5. യഹോവ യെരൂശലേമിനെ എന്റെ കയ്യിൽനിന്നു വിടുവിപ്പാൻ ആ ദേശങ്ങളിലെ സകല ദേവന്മാരിലും വെച്ചു ഒരുത്തൻ തന്റെ ദേശത്തെ എന്റെ കയ്യിൽ നിന്നു വിടുവിച്ചുവോ?

  6. ഹിസ്കീയാരാജാവു അതു കേട്ടപ്പോൾ വസ്ത്രം കീറി രട്ടുടുത്തുകൊണ്ടു യഹോവയുടെ ആലയത്തിൽ ചെന്നു.

  7. ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ രബ്-ശാക്കേയെ അവന്റെ യജമാനനായ അശ്ശൂർരാജാവു അയച്ചു പറയിക്കുന്ന വാക്കു നിന്റെ ദൈവമായ യഹോവ പക്ഷേ കേൾക്കും; നിന്റെ ദൈവമായ യഹോവ കേട്ടിരിക്കുന്ന വാക്കിന്നു പ്രതികാരം ചെയ്യും; ആകയാൽ ഇനിയും ശേഷിച്ചിരിക്കുന്നവൎക്കു വേണ്ടി പക്ഷവാദം കഴിക്കേണമേ.

  8. നിങ്ങൾ നിങ്ങളുടെ യജമാനനോടു പറയേണ്ടതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അശ്ശൂർരാജാവിന്റെ ഭൃത്യന്മാർ എന്നെ നിന്ദിച്ചതായി നീ കേട്ടിരിക്കുന്ന വാക്കു നിമിത്തം ഭയപ്പെടേണ്ടാ.

  9. ഞാൻ അവന്നു ഒരു മനോവിഭ്രമം വരുത്തും; അവൻ ഒരു ശ്രുതി കേട്ടിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും; ഞാൻ അവനെ അവന്റെ സ്വന്തദേശത്തുവെച്ചു വാൾകൊണ്ടു വീഴുമാറാക്കും.

  10. നിങ്ങൾ യെഹൂദാരാജാവായ ഹിസ്കീയാവോടു പറയേണ്ടതു: യെരൂശലേം അശ്ശൂർരാജാവിന്റെ കയ്യിൽ ഏല്പിച്ചുകളകയില്ല എന്നു നീ ആശ്രയിക്കുന്ന നിന്റെ ദൈവം നിന്നെ ചതിക്കരുതു.

  11. ഹിസ്കീയാവു ദൂതന്മാരുടെ കയ്യിൽനിന്നു എഴുത്തു വാങ്ങി വായിച്ചു; ഹിസ്കീയാവു യഹോവയുടെ ആലയത്തിൽ ചെന്നു യഹോവയുടെ സന്നിധിയിൽ അതു വിടൎത്തു.

  12. ഹിസ്കീയാവു യഹോവയോടു പ്രാൎത്ഥിച്ചു പറഞ്ഞതെന്തെന്നാൽ:

  13. യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സൎവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.

  14. യഹോവേ, ചെവി ചായിച്ചു കേൾക്കേണമേ; യഹോവേ, തൃക്കണ്ണു തുറന്നു നോക്കേണമേ; ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ ആളയച്ചിരിക്കുന്ന സൻഹേരീബിന്റെ വാക്കു ഒക്കെയും കേൾക്കേണമേ.

  15. യഹോവേ, അശ്ശൂർരാജാക്കന്മാർ സൎവ്വജാതികളെയും അവരുടെ ദേശത്തെയും ശൂന്യമാക്കി,

  16. ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.

  17. ആമോസിന്റെ മകനായ യെശയ്യാവു ഹിസ്കീയാവിന്റെ അടുക്കൽ പറഞ്ഞയച്ചതു എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ അശ്ശൂർരാജാവായ സൻഹേരീബ് നിമിത്തം എന്നോടു പ്രാൎത്ഥിച്ചതുകൊണ്ടു,

  18. അവനെക്കുറിച്ചു യഹോവ അരുളിച്ചെയ്ത വചനം ആവിതു: സീയോൻ പുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു; യെരൂശലേംപുത്രി നിന്റെ പിന്നാലെ തല കുലുക്കുന്നു.

  19. നീ ആരെയാകുന്നു നിന്ദിച്ചു ദുഷിച്ചതു? ആൎക്കു വിരോധമായിട്ടാകുന്നു നീ ഒച്ച പൊക്കുകയും തല ഉന്നതമായി ഉയൎത്തുകയും ചെയ്തതു? യിസ്രായേലിന്റെ പരിശുദ്ധന്നു വിരോധമായിട്ടു തന്നെയല്ലോ?

  20. നിന്റെ ഭൃത്യന്മാർമുഖാന്തരം നീ കൎത്താവിനെ നിന്ദിച്ചു; എന്റെ അസംഖ്യരഥങ്ങളോടു കൂടെ ഞാൻ മലമുകളിലും ലെബാനോന്റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാൻ മുറിക്കും; അതിന്റെ അറ്റത്തെ കൊടുമുടിവരെയും അതിന്റെ ചെഴിപ്പുള്ള കാടുവരെയും ഞാൻ കടന്നുചെല്ലും;

  21. ഞാൻ വെള്ളം കുഴിച്ചെടുത്തു കുടിക്കും; എന്റെ കാലടികളാൽ മിസ്രയീമിലെ സകലനദികളെയും വറ്റിക്കും എന്നു പറഞ്ഞു.

  22. ഞാൻ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി; പൂൎവ്വകാലത്തു തന്നേ അതിനെ നിൎമ്മിച്ചു എന്നു നീ കേട്ടിട്ടില്ലയോ? നീ ഉറപ്പുള്ള പട്ടണങ്ങളെ മുടിച്ചു ശൂന്യകൂമ്പാരങ്ങളാക്കുവാൻ ഞാൻ ഇപ്പോൾ സംഗതി വരുത്തിയിരിക്കുന്നു.

  23. എന്നാൽ നിന്റെ ഇരിപ്പും നിന്റെ ഗമനവും ആഗമനവും എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തും ഞാൻ അറിയുന്നു.

  24. എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തുകൊണ്ടും നിന്റെ അഹങ്കാരം എന്റെ ചെവിയിൽ എത്തിയിരിക്കകൊണ്ടും ഞാൻ എന്റെ കൊളുത്തു നിന്റെ മൂക്കിലും എന്റെ കടിഞ്ഞാൺ നിന്റെ അധരങ്ങളിലും ഇട്ടു നീ വന്ന വഴിക്കു തന്നേ നിന്നെ മടക്കി കൊണ്ടുപോകും.

  25. ഒരു ശേഷിപ്പു യെരൂശലേമിൽനിന്നും ഒരു രക്ഷിതഗണം സീയോൻ പൎവ്വതത്തിൽ നിന്നും പുറപ്പെട്ടുവരും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ അനുഷ്ഠിക്കും.