ഉല്പത്തി 41:23-47
23
അവയുടെ പിന്നാലെ ഉണങ്ങിയും നേൎത്തും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു.
24
നേൎത്ത കതിരുകൾ ഏഴു നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഇതു ഞാൻ മന്ത്രവാദികളോടു പറഞ്ഞു; എന്നാൽ വ്യാഖ്യാനിപ്പാൻ ആൎക്കും കഴിഞ്ഞില്ല.
25
അപ്പോൾ യോസേഫ് ഫറവോനോടു പറഞ്ഞതു: ഫറവോന്റെ സ്വപ്നം ഒന്നുതന്നേ; താൻ ചെയ്വാൻ ഭാവിക്കുന്നതു ദൈവം ഫറവോന്നു വെളിപ്പെടുത്തിയിരിക്കുന്നു.
26
ഏഴു നല്ല പശു ഏഴു സംവത്സരം; നല്ല കതിരും ഏഴു സംവത്സരം; സ്വപ്നം ഒന്നു തന്നേ.
27
അവയുടെ പിന്നാലെ കയറിവന്ന മെലിഞ്ഞും വിരൂപമായുമുള്ള ഏഴു പശുവും കിഴക്കൻ കാറ്റിനാൽ കരിഞ്ഞു പതിരായുള്ള ഏഴു കതിരും ഏഴു സംവത്സരം; അവ ക്ഷാമമുള്ള ഏഴു സംവത്സരം ആകുന്നു.
28
ദൈവം ചെയ്വാൻ ഭാവിക്കുന്നതു ഫറവോന്നു കാണിച്ചു തന്നിരിക്കുന്നു. അതാകുന്നു ഞാൻ ഫറവോനോടു പറഞ്ഞതു.
29
മിസ്രയീംദേശത്തു ഒക്കെയും ബഹു സുഭിക്ഷമായ ഏഴു സംവത്സരം വരും.
30
അതു കഴിഞ്ഞിട്ടു ക്ഷാമമുള്ള ഏഴു സംവത്സരം വരും; അപ്പോൾ മിസ്രയീംദേശത്തു ആ സുഭിക്ഷതയൊക്കെയും മറന്നിരിക്കും; ക്ഷാമത്താൽ ദേശം ഒക്കെയും ക്ഷയിച്ചുപോകും.
31
പിൻവരുന്ന ക്ഷാമം അതികഠിനമായിരിക്കയാൽ ദേശത്തുണ്ടായിരുന്ന സുഭിക്ഷത അറിയാതെയായിപ്പോകും.
32
ഫറവോന്നു സ്വപ്നം രണ്ടുവട്ടം ഉണ്ടായതോ കാൎയ്യം ദൈവത്തിന്റെ മുമ്പാകെ സ്ഥിരമായിരിക്കകൊണ്ടും ദൈവം അതിനെ വേഗത്തിൽ വരുത്തുവാനിരിക്കകൊണ്ടും ആകുന്നു.
33
ആകയാൽ ഫറവോൻ വിവേകവും ജ്ഞാനവുമുള്ള ഒരുത്തനെ അന്വേഷിച്ചു മിസ്രയീംദേശത്തിന്നു മേലധികാരി ആക്കി വെക്കേണം.
34
അതുകൂടാതെ ഫറവോൻ ദേശത്തിന്മേൽ വിചാരകന്മാരെ ആക്കി, സുഭിക്ഷതയുള്ള ഏഴു സംവത്സരത്തിൽ മിസ്രയീംദേശത്തിലെ വിളവിൽ അഞ്ചിലൊന്നു വാങ്ങേണം.
35
ഈ വരുന്ന നല്ല സംവത്സരങ്ങളിലെ വിളവൊക്കെയും ശേഖരിച്ചു പട്ടണങ്ങളിൽ ഫറവോന്റെ അധീനത്തിൽ ധാന്യം സൂക്ഷിച്ചുവെക്കേണം.
36
ആ ധാന്യം മിസ്രയീംദേശത്തു വരുവാൻ പോകുന്ന ക്ഷാമമുള്ള ഏഴുസംവത്സരത്തേക്കു ദേശത്തിന്നു സംഗ്രഹമായിട്ടിരിക്കേണം; എന്നാൽ ദേശം ക്ഷാമംകൊണ്ടു നശിക്കയില്ല.
37
ഈ വാക്കു ഫറവോന്നും അവന്റെ സകലഭൃത്യന്മാൎക്കും ബോധിച്ചു.
38
ഫറവോൻ തന്റെ ഭൃത്യന്മാരോടു: ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുമോ എന്നു പറഞ്ഞു.
39
പിന്നെ ഫറവോൻ യോസേഫിനോടു: ദൈവം ഇതൊക്കെയും നിനക്കു വെളിപ്പെടുത്തി തന്നതുകൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവൻ ഒരുത്തനുമില്ല.
40
നീ എന്റെ ഗൃഹത്തിന്നു മേലധികാരിയാകും; നിന്റെ വാക്കു എന്റെ ജനമെല്ലാം അനുസരിച്ചു നടക്കും; സിംഹാസനംകൊണ്ടു മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും എന്നു പറഞ്ഞു.
41
ഇതാ, മിസ്രയീംദേശത്തിന്നൊക്കെയും ഞാൻ നിന്നെ മേലധികാരി ആക്കിയിരിക്കുന്നു, എന്നും ഫറവോൻ യോസേഫിനോടു പറഞ്ഞു.
42
ഫറവോൻ തന്റെ കയ്യിൽനിന്നു മുദ്രമോതിരം ഊരി, യോസേഫിന്റെ കൈക്കു ഇട്ടു, അവനെ നേൎമ്മയുള്ള വസ്ത്രംധരിപ്പിച്ചു, ഒരു സ്വൎണ്ണസരപ്പളിയും അവന്റെ കഴുത്തിൽ ഇട്ടു.
43
തന്റെ രണ്ടാം രഥത്തിൽ അവനെ കയറ്റി: മുട്ടുകുത്തുവിൻ എന്നു അവന്റെ മുമ്പിൽ വിളിച്ചു പറയിച്ചു; ഇങ്ങനെ അവനെ മിസ്രയീംദേശത്തിന്നൊക്കെയും മേലധികാരിയാക്കി.
44
പിന്നെ ഫറവോൻ യോസേഫിനോടു: ഞാൻ ഫറവോൻ ആകുന്നു; നിന്റെ കല്പന കൂടാതെ മിസ്രയീംദേശത്തു എങ്ങും യാതൊരുത്തനും കയ്യോ കാലോ അനക്കുകയില്ല എന്നു പറഞ്ഞു.
45
ഫറവോൻ യോസേഫിന്നു സാപ്നത്ത് പനേഹ് എന്നു പേരിട്ടു; ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിനെ അവന്നു ഭാൎയ്യയായി കൊടുത്തു. പിന്നെ യോസേഫ് മിസ്രയീംദേശത്തു സഞ്ചരിച്ചു.
46
യോസേഫ് മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ നില്ക്കുമ്പോൾ അവന്നു മുപ്പതു വയസ്സായിരുന്നു. യോസേഫ് ഫറവോന്റെ സന്നിധാനത്തിൽനിന്നു പുറപ്പെട്ടു മിസ്രയീംദേശത്തു ഒക്കെയും സഞ്ചരിച്ചു.
47
എന്നാൽ സുഭിക്ഷമായ ഏഴു സംവത്സരവും ദേശം സമൃദ്ധിയായി വിളഞ്ഞു.
ബൈബിൾ പാഠം: Sathyavedapusthakam 1910, contemporary orthography · Malayalam Bible 1910 – Revised and in Contemporary Orthography, © 2015 The Free Bible Foundation · CC BY-SA 4.0
Settings