Skip to content
2 ദിനവൃത്താന്തം 32:8-23

2 ദിനവൃത്താന്തം 32:8-23

8
അവനോടുകൂടെ മാംസഭുജമേയുള്ളു; നമ്മോടുകൂടെയോ നമ്മെ സഹായിപ്പാനും നമ്മുടെ യുദ്ധങ്ങളെ നടത്തുവാനും നമ്മുടെ ദൈവമായ യഹോവ ഉണ്ടു എന്നു പറഞ്ഞു; ജനം യെഹൂദാരാജാവായ യെഹിസ്കീയാവിന്റെ വാക്കുകളിൽ ആശ്രയിച്ചു.
9
അനന്തരം അശ്ശൂർരാജാവായ സൻഹേരീബ് -അവനും അവനോടുകൂടെയുള്ള സൈന്യമൊക്കെയും ലാഖീശിന്നരികെ ഉണ്ടായിരുന്നു -തന്റെ ദാസന്മാരെ യെരൂശലേമിലേക്കു യെഹൂദാരാജാവായ യെഹിസ്കീയാവിന്റെയും യെരൂശലേമിലെ സകലയെഹൂദ്യരുടെയും അടുക്കൽ അയച്ചുപറയിച്ചതു എന്തെന്നാൽ:
10
അശ്ശൂർരാജാവായ സൻഹേരീബ് ഇപ്രകാരം പറയുന്നു: നിങ്ങൾ യെരൂശലേമിൽ നിരോധം സഹിച്ചു പാൎപ്പാൻ എന്തൊന്നിലാകുന്നു ആശ്രയിക്കുന്നതു?
11
നമ്മുടെ ദൈവമായ യഹോവ നമ്മെ അശ്ശൂർരാജാവിന്റെ കയ്യിൽനിന്നു വിടുവിക്കും എന്നു യെഹിസ്കീയാവു പറഞ്ഞു വിശപ്പും ദാഹവുംകൊണ്ടു ചാകേണ്ടതിന്നു നിങ്ങളെ വശീകരിക്കുന്നില്ലയോ?
12
അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും നീക്കിക്കളകയും യെഹൂദയോടും യെരൂശലേമിനോടും നിങ്ങൾ ഒരേ പീഠത്തിന്നു മുമ്പിൽ നമസ്കരിച്ചു അതിന്മേൽ ധൂപം കാട്ടേണം എന്നു കല്പിക്കയും ചെയ്തതു ഈ യെഹിസ്കീയാവു തന്നേയല്ലോ.
13
ഞാനും എന്റെ പിതാക്കന്മാരും അതതു ദേശങ്ങളിലെ സകലജാതികളോടും എന്തു ചെയ്തുവെന്നു നിങ്ങൾ അറിയുന്നില്ലയോ? ആ ദേശങ്ങളിലെ ജാതികളുടെ ദേവന്മാൎക്കു തങ്ങളുടെ ദേശങ്ങളെ എന്റെ കയ്യിൽനിന്നു വിടുവിപ്പാൻ കഴിഞ്ഞുവോ?
14
എന്റെ പിതാക്കന്മാർ നിൎമ്മൂലനാശം വരുത്തിയിരിക്കുന്ന ജാതിയുടെ സകലദേവന്മാരിലുംവെച്ചു ഒരുവന്നും തന്റെ ജനത്തെ എന്റെ കയ്യിൽനിന്നു വിടുവിപ്പാൻ കഴിയാതിരിക്കെ നിങ്ങളുടെ ദൈവത്തിന്നു നിങ്ങളെ എന്റെ കയ്യിൽനിന്നു വിടുവിപ്പാൻ കഴിയുമോ?
15
ആകയാൽ യെഹിസ്കീയാവു നിങ്ങളെ ചതിക്കരുതു; ഇങ്ങനെ നിങ്ങളെ വശീകരിക്കരുതു; നിങ്ങൾ അവനെ വിശ്വസിക്കയും അരുതു; യാതൊരു ജാതിയുടെയോ രാജ്യത്തിന്റെയോ ദേവന്നും തന്റെ ജനത്തെ എന്റെ കയ്യിൽനിന്നും എന്റെ പിതാക്കന്മാരുടെ കയ്യിൽനിന്നും വിടുവിപ്പാൻ കഴിഞ്ഞിട്ടില്ല; പിന്നെ നിങ്ങളുടെ ദൈവം നിങ്ങളെ എന്റെ കയ്യിൽനിന്നു വിടുവിക്കുന്നതു എങ്ങനെ?
16
അവന്റെ ദാസന്മാർ യഹോവയായ ദൈവത്തിന്നും അവന്റെ ദാസനായ യെഹിസ്കീയാവിന്നും വിരോധമായി പിന്നെയും അധികം സംസാരിച്ചു.
17
അതതു ദേശങ്ങളിലെ ജാതികളുടെ ദേവന്മാർ തങ്ങളുടെ ജനത്തെ എന്റെ കയ്യിൽനിന്നു വിടുവിക്കാതിരുന്നതുപോലെ യെഹിസ്കീയാവിന്റെ ദൈവവും തന്റെ ജനത്തെ എന്റെ കയ്യിൽനിന്നു വിടുവിക്കയില്ല എന്നിങ്ങനെ അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ നിന്ദിപ്പാനും അവന്നു വിരോധമായി സംസാരിപ്പാനും എഴുത്തും എഴുതി അയച്ചു.
18
പട്ടണം പിടിക്കേണ്ടതിന്നു അവർ യെരൂശലേമിൽ മതിലിന്മേൽ ഉള്ള ജനത്തെ പേടിപ്പിച്ചു ഭ്രമിപ്പിപ്പാൻ യെഹൂദ്യഭാഷയിൽ അവരോടു ഉറക്കെ വിളിച്ചു,
19
മനുഷ്യരുടെ കൈപ്പണിയായ ജാതികളുടെ ദേവന്മാരെക്കുറിച്ചെന്നപോലെ യെരൂശലേമിന്റെ ദൈവത്തെക്കുറിച്ചു സംസാരിച്ചു.
20
ഇതുനിമിത്തം യെഹിസ്കീയാരാജാവും ആമോസിന്റെ മകനായ യെശയ്യാപ്രവാചകനും പ്രാൎത്ഥിച്ചു സ്വൎഗ്ഗത്തിലേക്കു നിലവിളിച്ചു.
21
അപ്പോൾ യഹോവ ഒരു ദൂതനെ അയച്ചു; അവൻ അശ്ശൂർ രാജാവിന്റെ പാളയത്തിലെ സകലപരാക്രമശാലികളെയും പ്രഭുക്കന്മാരെയും സേനാപതികളെയും സംഹരിച്ചു; അതുകൊണ്ടു അവൻ ലജ്ജാമുഖത്തോടെ സ്വദേശത്തേക്കു മടങ്ങിപ്പോകേണ്ടിവന്നു; അവൻ തന്റെ ദേവന്റെ ക്ഷേത്രത്തിൽ ചെന്നപ്പോൾ അവന്റെ ഉദരത്തിൽനിന്നു ഉത്ഭവിച്ചവർ അവനെ അവിടെവെച്ചു വാൾകൊണ്ടു കൊന്നുകളഞ്ഞു.
22
ഇങ്ങനെ യഹോവ യെഹിസ്കീയാവെയും യെരൂശലേംനിവാസികളെയും അശ്ശൂർരാജാവായ സൻഹേരീബിന്റെ കയ്യിൽനിന്നും മറ്റെല്ലാവരുടെയും കയ്യിൽനിന്നും രക്ഷിച്ചു അവൎക്കു ചുറ്റിലും വിശ്രമം നല്കി;
23
പലരും യെരൂശലേമിൽ യഹോവെക്കു കാഴ്ചകളും യെഹൂദാരാജാവായ യെഹിസ്കീയാവിന്നു വിശേഷവസ്തുക്കളും കൊണ്ടുവന്നു; അവൻ അന്നുമുതൽ സകലജാതികളുടെയും ദൃഷ്ടിയിൽ ഉന്നതനായിത്തീൎന്നു.
Settings

Reading Style

Typeface

Font Size 19px

Options