ഉള്ളടക്കത്തിലേക്ക് പോകുക

Idolatry സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ

447 വാക്യങ്ങൾ · 205 വശങ്ങൾ

പ്രധാന ബൈബിൾ വാക്യങ്ങൾ

പുസ്തകം അനുസരിച്ച് അരിക്കുക
  1. അവൻ എന്നോടു: മനുഷ്യപുത്രാ, തലപൊക്കി വടക്കോട്ടു നോക്കുക എന്നു കല്പിച്ചു; ഞാൻ തലപൊക്കി വടക്കോട്ടു നോക്കി; യാഗപീഠത്തിന്റെ വാതിലിന്നു വടക്കോട്ടു, പ്രവേശനത്തിങ്കൽ തന്നേ, ആ തിക്ഷ്ണതാബിംബത്തെ കണ്ടു.

  2. അവൻ എന്നോടു: മനുഷ്യപുത്രാ, അവർ ചെയ്യുന്നതു, ഞാൻ എന്റെ വിശുദ്ധമന്ദിരം വിട്ടു പോകേണ്ടതിന്നു യിസ്രായേൽഗൃഹം ഇവിടെ ചെയ്യുന്ന മഹാമ്ലേച്ഛതകൾ തന്നേ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകളെ നീ കാണും എന്നു അരുളിച്ചെയ്തു.

  3. അവൻ എന്നെ പ്രാകാരത്തിന്റെ വാതില്ക്കൽ കൊണ്ടുപോയി; ഞാൻ നോക്കിയപ്പോൾ ചുവരിൽ ഒരു ദ്വാരം കണ്ടു.

  4. അവൻ എന്നോടു: മനുഷ്യപുത്രാ, ചുവർ കുത്തിത്തുരക്കുക എന്നു പറഞ്ഞു; ഞാൻ ചുവർ കുത്തിത്തുരന്നാറെ ഒരു വാതിൽ കണ്ടു.

  5. അവൻ എന്നോടു: അകത്തു ചെന്നു, അവർ ഇവിടെ ചെയ്യുന്ന വല്ലാത്ത മ്ലേച്ഛതകളെ നോക്കുക എന്നു കല്പിച്ചു.

  6. അങ്ങനെ ഞാൻ അകത്തു ചെന്നു: വെറുപ്പായുള്ള ഓരോ തരം ഇഴജാതികളെയും മൃഗങ്ങളെയും യിസ്രായേൽഗൃഹത്തിന്റെ സകലവിഗ്രഹങ്ങളെയും ചുറ്റും ചുവരിന്മേൽ വരെച്ചിരിക്കുന്നതു കണ്ടു.

  7. അവയുടെ മുമ്പിൽ യിസ്രായേൽ ഗൃഹത്തിന്റെ മൂപ്പന്മാരിൽ എഴുപതുപേരും ശാഫാന്റെ മകനായ യയസന്യാവു അവരുടെ നടുവിലും ഓരോരുത്തൻ കയ്യിൽ ധൂപകലശം പിടിച്ചുകൊണ്ടു നിന്നു; ധൂപമേഘത്തിന്റെ വാസന പൊങ്ങിക്കൊണ്ടിരുന്നു.

  8. അപ്പോൾ അവൻ എന്നോടു: മനുഷ്യപുത്രാ, യിസ്രായേൽഗൃഹത്തിന്റെ മൂപ്പന്മാർ ഇരുട്ടത്തു ഓരോരുത്തൻ താന്താന്റെ ബിംബങ്ങളുടെ അറകളിൽ ചെയ്യുന്നതു നീ കാണുന്നുവോ? യഹോവ നമ്മെ കാണുന്നില്ല, യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു എന്നു അവർ പറയുന്നു എന്നരുളിച്ചെയ്തു.

  9. അവർ ഇതിലും വലിയ മ്ലേച്ഛതകളെ ചെയ്യുന്നതു നീ കാണും എന്നും അവൻ എന്നോടു അരുളിച്ചെയ്തു.

  10. അവൻ എന്നെ യഹോവയുടെ ആലയത്തിൽ വടക്കോട്ടുള്ള വാതിലിന്റെ പ്രവേശനത്തിങ്കൽ കൊണ്ടുപോയി; അവിടെ സ്ത്രീകൾ തമ്മൂസിനെക്കുറിച്ചു കരഞ്ഞുംകൊണ്ടു ഇരിക്കുന്നതു ഞാൻ കണ്ടു.

  11. അവൻ എന്നോടു: മനുഷ്യപുത്രാ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകളെ ഇനിയും കാണും എന്നു അരുളിച്ചെയ്തു.

  12. അവൻ എന്നെ യഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തിൽ കൊണ്ടുപോയി, യഹോവയുടെ മന്ദിരത്തിന്റെ വാതില്ക്കൽ മണ്ഡപത്തിന്നും യാഗപീഠത്തിന്നും നടുവെ ഏകദേശം ഇരുപത്തഞ്ചു പുരുഷന്മാർ തങ്ങളുടെ മുതുകു യഹോവയുടെ മന്ദിരത്തിന്റെ നേരെയും മുഖം കിഴക്കോട്ടും തിരിച്ചുകൊണ്ടു നിന്നിരുന്നു; അവർ കിഴക്കോട്ടു നോക്കി സൂൎയ്യനെ നമസ്കരിക്കയായിരുന്നു.

  13. അപ്പോൾ അവൻ എന്നോടു: മനുഷ്യപുത്രാ, നീ കാണുന്നുവോ? യെഹൂദാഗൃഹം ഇവിടെ ചെയ്യുന്ന മ്ലേച്ഛതകൾ പോരാഞ്ഞിട്ടോ, അവർ എന്നെ അധികമധികം കോപിപ്പിപ്പാൻ ദേശത്തെ സാഹസംകൊണ്ടു നിറെക്കുന്നതു? കണ്ടില്ലേ അവർ ചുള്ളി മൂക്കിന്നു തൊടുവിക്കുന്നതു?

  14. ആകയാൽ ഞാനും ക്രോധത്തോടെ പ്രവൎത്തിക്കും; എന്റെ കണ്ണു ആദരിക്കയില്ല; ഞാൻ കരുണ കാണിക്കയുമില്ല; അവർ അത്യുച്ചത്തിൽ എന്നോടു നിലവിളിച്ചാലും ഞാൻ അപേക്ഷ കേൾക്കയില്ല എന്നു അരുളിച്ചെയ്തു.

  15. അനന്തരം ഞാൻ കേൾക്കെ അവൻ അത്യുച്ചത്തിൽ വിളിച്ചു: നഗരത്തിന്റെ സന്ദൎശനങ്ങളെ അടുത്തു വരുമാറാക്കുവിൻ; ഓരോരുത്തനും നാശകരമായ ആയുധം കയ്യിൽ എടുക്കട്ടെ എന്നു കല്പിച്ചു.

  16. അപ്പോൾ ആറു പുരുഷന്മാർ, ഓരോരുത്തനും വെണ്മഴു കയ്യിൽ എടുത്തുകൊണ്ടു വടക്കോട്ടുള്ള മേലത്തെ പടിവാതിലിന്റെ വഴിയായി വന്നു; അവരുടെ നടുവിൽ ശണവസ്ത്രം ധരിച്ചു അരയിൽ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി ഒരുത്തൻ ഉണ്ടായിരുന്നു; അവർ അകത്തു ചെന്നു താമ്രയാഗപീഠത്തിന്റെ അരികെ നിന്നു.

  17. യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം, അതു ഇരുന്നിരുന്ന കെരൂബിന്മേൽനിന്നു ആലയത്തിന്റെ ഉമ്മരപ്പടിക്കൽ വന്നിരുന്നു; പിന്നെ അവൻ, ശണവസ്ത്രം ധരിച്ചു അരയിൽ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി നിന്നിരുന്ന പുരുഷനെ വിളിച്ചു.

  18. അവനോടു യഹോവ: നീ നഗരത്തിന്റെ നടുവിൽ, യെരൂശലേമിന്റെ നടുവിൽകൂടി ചെന്നു, അതിൽ നടക്കുന്ന സകലമ്ലേച്ഛതകളും നിമിത്തം നെടുവീൎപ്പിട്ടു കരയുന്ന പുരുഷന്മാരുടെ നെറ്റികളിൽ ഒരു അടയാളം ഇടുക എന്നു കല്പിച്ചു.

  19. മറ്റേവരോടു ഞാൻ കേൾക്കെ അവൻ: നിങ്ങൾ അവന്റെ പിന്നാലെ നഗരത്തിൽകൂടി ചെന്നു വെട്ടുവിൻ! നിങ്ങളുടെ കണ്ണിന്നു ആദരവു തോന്നരുതു; നിങ്ങൾ കരുണ കാണിക്കയുമരുതു.

  20. വൃദ്ധന്മാരെയും യൌവനക്കാരെയും കന്യകമാരെയും പൈതങ്ങളെയും സ്ത്രീകളെയും കൊന്നുകളവിൻ! എന്നാൽ അടയാളമുള്ള ഒരുത്തനെയും തൊടരുതു; എന്റെ വിശുദ്ധമന്ദിരത്തിൽ തന്നേ തുടങ്ങുവിൻ എന്നു കല്പിച്ചു; അങ്ങനെ അവർ ആലയത്തിന്റെ മുമ്പിൽ ഉണ്ടായിരുന്ന മൂപ്പന്മാരുടെ ഇടയിൽ തുടങ്ങി.

  21. അവൻ അവരോടു: നിങ്ങൾ ആലയത്തെ അശുദ്ധമാക്കി, പ്രാകാരങ്ങളെ നിഹതന്മാരെക്കൊണ്ടു നിറെപ്പിൻ; പുറപ്പെടുവിൻ എന്നു കല്പിച്ചു. അങ്ങനെ അവർ പുറപ്പെട്ടു, നഗരത്തിൽ സംഹാരം നടത്തി.

  22. അവരെ കൊന്നുകളഞ്ഞശേഷം ഞാൻ മാത്രം ശേഷിച്ചു; ഞാൻ കവിണ്ണുവീണു; അയ്യോ, യഹോവയായ കൎത്താവേ, യെരൂശലേമിന്മേൽ നിന്റെ ക്രോധം പകരുന്നതിനാൽ യിസ്രായേലിൽ ശേഷിപ്പുള്ളവരെ ഒക്കെയും സംഹരിക്കുമോ? എന്നു നിലവിളിച്ചു പറഞ്ഞു.

  23. അതിന്നു അവൻ എന്നോടു: യിസ്രായേൽഗൃഹത്തിന്റെയും യെഹൂദാഗൃഹത്തിന്റെയും അകൃത്യം ഏറ്റവും വലുതായിരിക്കുന്നു; ദേശം രക്തപാതകംകൊണ്ടും നഗരം അന്യായംകൊണ്ടും നിറഞ്ഞിരിക്കുന്നു; യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു; യഹോവ കാണുന്നില്ല എന്നു അവർ പറയുന്നുവല്ലോ.

  24. ഞാനോ എന്റെ കണ്ണിന്നു ആദരവു തോന്നാതെയും ഞാൻ കരുണ കാണിക്കാതെയും അവരുടെ നടപ്പിന്നു തക്കവണ്ണം അവരുടെ തലമേൽ പകരം കൊടുക്കും എന്നു അരുളിച്ചെയ്തു.

  25. ശണവസ്ത്രം ധരിച്ചു അരയിൽ മഷിക്കുപ്പിയുമായുള്ള പുരുഷൻ: എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്തിരിക്കുന്നു എന്നു വസ്തുത ബോധിപ്പിച്ചു.