ഉല്‍പത്തി 43:1-14
1
എന്നാൽ ക്ഷാമം ദേശത്തു കഠിനമായി തീൎന്നു.
2
അവർ മിസ്രയീമിൽനിന്നു കൊണ്ടുവന്ന ധാന്യം തിന്നു തീൎന്നപ്പോൾ അവരുടെ അപ്പൻ അവരോടു: നിങ്ങൾ ഇനിയും പോയി കുറെ ആഹാരം കൊള്ളുവിൻ എന്നു പറഞ്ഞു.
3
അതിന്നു യെഹൂദാ അവനോടു പറഞ്ഞതു: നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ലാതിരുന്നാൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല എന്നു അദ്ദേഹം തീൎച്ചയായി ഞങ്ങളോടു പറഞ്ഞിരിക്കുന്നു.
4
നീ ഞങ്ങളുടെ സഹോദരനെ ഞങ്ങളുടെകൂടെ അയച്ചാൽ ഞങ്ങൾ ചെന്നു ആഹാരം വാങ്ങി കൊണ്ടുവരാം;
5
അയക്കാഞ്ഞാലോ ഞങ്ങൾ പോകയില്ല. നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ല എങ്കിൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല എന്നു അദ്ദേഹം ഞങ്ങളോടു പറഞ്ഞിരിക്കുന്നു.
6
നിങ്ങൾക്കു ഇനിയും ഒരു സഹോദരൻ ഉണ്ടെന്നു നിങ്ങൾ അദ്ദേഹത്തോടു പറഞ്ഞു എനിക്കു ഈ ദോഷം വരുത്തിയതു എന്തിന്നു എന്നു യിസ്രായേൽ പറഞ്ഞു.
7
അതിന്നു അവർ: നിങ്ങളുടെ അപ്പൻ ജീവിച്ചിരിക്കുന്നുവോ? നിങ്ങൾക്കു ഇനിയും ഒരു സഹോദരൻ ഉണ്ടോ എന്നിങ്ങനെ അദ്ദേഹം ഞങ്ങളെയും ഞങ്ങളുടെ വംശത്തെയും കുറിച്ചു താല്പൎയ്യമായി ചോദിച്ചതുകൊണ്ടു ഞങ്ങൾ ഇതൊക്കെയും അറിയിക്കേണ്ടിവന്നു; നിങ്ങളുടെ സഹോദരനെ ഇവിടെ കൂട്ടിക്കൊണ്ടുവരുവിൻ എന്നു അദ്ദേഹം പറയുമെന്നു ഞങ്ങൾ അറിഞ്ഞിരുന്നുവോ എന്നു പറഞ്ഞു.
8
പിന്നെ യെഹൂദാ തന്റെ അപ്പനായ യിസ്രായേലിനോടു പറഞ്ഞതു: ഞങ്ങളും നീയും ഞങ്ങളുടെ കുഞ്ഞുകുട്ടികളും മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു ബാലനെ എന്നോടുകൂടെ അയക്കേണം; എന്നാൽ ഞങ്ങൾ പോകാം.
9
ഞാൻ അവന്നു വേണ്ടി ഉത്തരവാദിയായിരിക്കാം; നീ അവനെ എന്റെ കയ്യിൽനിന്നു ചോദിക്കേണം; ഞാൻ അവനെ നിന്റെ അടുക്കൽ കൊണ്ടുവന്നു അവനെ നിന്റെ മുമ്പിൽ നിൎത്തുന്നില്ലെങ്കിൽ ഞാൻ സദാകാലം നിനക്കു കുറ്റക്കാരനായിക്കൊള്ളാം.
10
ഞങ്ങൾ താമസിച്ചിരുന്നില്ലെങ്കിൽ ഇപ്പോൾ രണ്ടു പ്രാവശ്യം പോയിവരുമായിരുന്നു.
11
അപ്പോൾ അവരുടെ അപ്പനായ യിസ്രായേൽ അവരോടു പറഞ്ഞതു: അങ്ങനെയെങ്കിൽ ഇതു ചെയ്‌വിൻ: നിങ്ങളുടെ പാത്രങ്ങളിൽ കുറെ സുഗന്ധപ്പശ, കുറെ തേൻ, സാംപ്രാണി, സന്നിനായകം, ബോടനണ്ടി, ബദാമണ്ടി എന്നിങ്ങനെ ദേശത്തിലെ വിശേഷവസ്തുക്കളിൽ ചിലതൊക്കെയും കൊണ്ടുപോയി അദ്ദേഹത്തിന്നു കാഴ്ചവെപ്പിൻ.
12
ഇരട്ടിദ്രവ്യവും കയ്യിൽ എടുത്തുകൊൾവിൻ; നിങ്ങളുടെ ചാക്കിന്റെ വായ്ക്കൽ മടങ്ങിവന്ന ദ്രവ്യവും കയ്യിൽ തിരികെ കൊണ്ടുപോകുവിൻ; പക്ഷേ അതു കൈമറിച്ചലായിരിക്കും.
13
നിങ്ങളുടെ സഹോദരനെയും കൂട്ടി പുറപ്പെട്ടു അദ്ദേഹത്തിന്റെ അടുക്കൽ വീണ്ടും ചെല്ലുവിൻ.
14
അവൻ നിങ്ങളുടെ മറ്റേ സഹോദരനെയും ബെന്യാമീനെയും നിങ്ങളോടുകൂടെ അയക്കേണ്ടതിന്നു സൎവ്വശക്തിയുള്ള ദൈവം അവന്നു നിങ്ങളോടു കരുണ തോന്നിക്കട്ടെ; എന്നാൽ ഞാൻ മക്കളില്ലാത്തവനാകേണമെങ്കിൽ ആകട്ടെ.
Settings