Skip to content
ഉല്‍പത്തി 42:2-22

ഉല്‍പത്തി 42:2-22

2
മിസ്രയീമിൽ ധാന്യം ഉണ്ടെന്നു ഞാൻ കേട്ടിരിക്കുന്നു; നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു അവിടെ ചെന്നു അവിടെ നിന്നു നമുക്കു ധാന്യം കൊള്ളുവിൻ എന്നു പറഞ്ഞു.
3
യോസേഫിന്റെ സഹോദരന്മാർ പത്തു പേർ മിസ്രയീമിൽ ധാന്യം കൊള്ളുവാൻ പോയി.
4
എന്നാൽ യോസേഫിന്റെ അനുജനായ ബെന്യാമീന്നു പക്ഷേ വല്ല ആപത്തും ഭവിക്കും എന്നുവെച്ചു യാക്കോബ് അവനെ സഹോദരന്മാരോടുകൂടെ അയച്ചില്ല.
5
അങ്ങനെ ധാന്യം കൊള്ളുവാൻ വന്നവരുടെ ഇടയിൽ യിസ്രായേലിന്റെ പുത്രന്മാരും വന്നു; കനാൻദേശത്തും ക്ഷാമം ഉണ്ടായിരുന്നുവല്ലോ.
6
യോസേഫ് ദേശത്തിന്നു അധിപതിയായിരുന്നു; അവൻ തന്നേ ആയിരുന്നു ദേശത്തിലെ സകല ജനങ്ങൾക്കും ധാന്യം വിറ്റതു; യോസേഫിന്റെ സഹോദരന്മാരും വന്നു അവനെ സാഷ്ടാംഗം നമസ്കരിച്ചു.
7
യോസഫ് തന്റെ സഹോദരന്മാരെ കണ്ടാറെ അവരെ അറിഞ്ഞു എങ്കിലും അറിയാത്ത ഭാവം നടിച്ചു അവരോടു കഠിനമായി സംസാരിച്ചു: നിങ്ങൾ എവിടെ നിന്നു വരുന്നു എന്നു അവരോടു ചോദിച്ചതിന്നു: ആഹാരം കൊള്ളുവാൻ കനാൻദേശത്തു നിന്നു വരുന്നു എന്നു അവർ പറഞ്ഞു.
8
യോസേഫ് സഹോദരന്മാരെ അറിഞ്ഞു എങ്കിലും അവർ അവനെ അറിഞ്ഞില്ല.
9
യോസേഫ് അവരെക്കുറിച്ചു കണ്ടിരുന്ന സ്വപ്നങ്ങൾ ഓൎത്തു അവരോടു: നിങ്ങൾ ഒറ്റുകാരാകുന്നു; ദേശത്തിന്റെ ദുൎബ്ബലഭാഗം നോക്കുവാൻ നിങ്ങൾ വന്നിരിക്കുന്നു എന്നു പറഞ്ഞു.
10
അവർ അവനോടു: അല്ല, യജമാനനേ, അടിയങ്ങൾ ആഹാരം കൊള്ളുവാൻ വന്നിരിക്കുന്നു;
11
ഞങ്ങൾ എല്ലാവരും ഒരാളുടെ മക്കൾ; ഞങ്ങൾ പരമാൎത്ഥികളാകുന്നു; അടിയങ്ങൾ ഒറ്റുകാരല്ല എന്നു പറഞ്ഞു.
12
അവൻ അവരോടു: അല്ല, നിങ്ങൾ ദേശത്തിന്റെ ദുൎബ്ബലഭാഗം നോക്കുവാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
13
അതിന്നു അവർ: അടിയങ്ങൾ കനാൻദേശത്തുള്ള ഒരാളുടെ മക്കൾ; പന്ത്രണ്ടു സഹോദരന്മാർ ആകുന്നു; ഇളയവൻ ഇന്നു ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ടു; ഒരുത്തൻ ഇപ്പോൾ ഇല്ല എന്നു പറഞ്ഞു.
14
യോസേഫ് അവരോടു പറഞ്ഞതു: ഞാൻ പറഞ്ഞതുപോലെ നിങ്ങൾ ഒറ്റുകാർ തന്നേ.
15
ഇതിനാൽ ഞാൻ നിങ്ങളെ പരീക്ഷിക്കും; നിങ്ങളുടെ ഇളയസഹോദരൻ ഇവിടെ വന്നല്ലാതെ, ഫറവോനാണ, നിങ്ങൾ ഇവിടെനിന്നു പുറപ്പെടുകയില്ല.
16
നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടുവരുവാൻ നിങ്ങളിൽ ഒരുത്തനെ അയപ്പിൻ; നിങ്ങളോ ബദ്ധന്മാരായിരിക്കേണം; നിങ്ങൾ നേരുള്ളവരോ എന്നു നിങ്ങളുടെ വാക്കു പരീക്ഷിച്ചറിയാമല്ലോ; അല്ലെന്നുവരികിൽ; ഫറവോനാണ, നിങ്ങൾ ഒറ്റുകാർ തന്നേ.
17
അങ്ങനെ അവൻ അവരെ മൂന്നു ദിവസം തടവിൽ ആക്കി.
18
മൂന്നാം ദിവസം യോസേഫ് അവരോടു പറഞ്ഞതു: ഞാൻ ദൈവത്തെ ഭയപ്പെടുന്നു; നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നു ഇതു ചെയ്‌വിൻ:
19
നിങ്ങൾ പരമാൎത്ഥികൾ എങ്കിൽ നിങ്ങളുടെ ഒരു സഹോദരൻ കാരാഗൃഹത്തിൽ കിടക്കട്ടെ; നിങ്ങൾ പുറപ്പെട്ടു, നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിന്നു ധാന്യം കൊണ്ടുപോകുവിൻ.
20
എന്നാൽ നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരേണം; അതിനാൽ നിങ്ങളുടെ വാക്കു നേരെന്നു തെളിയും; നിങ്ങൾ മരിക്കേണ്ടിവരികയില്ല; അവർ അങ്ങനെ സമ്മതിച്ചു.
21
ഇതു നമ്മുടെ സഹോദരനോടു നാം ചെയ്ത ദ്രോഹമാകുന്നു; അവൻ നമ്മോടു കെഞ്ചിയപ്പോൾ നാം അവന്റെ പ്രാണസങ്കടം കണ്ടാറെയും അവന്റെ അപേക്ഷ കേട്ടില്ലല്ലോ; അതുകൊണ്ടു ഈ സങ്കടം നമുക്കു വന്നിരിക്കുന്നു എന്നു അവർ തമ്മിൽ പറഞ്ഞു.
22
അതിന്നു രൂബേൻ: ബാലനോടു ദോഷം ചെയ്യരുതെന്നു ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ? എന്നിട്ടും നിങ്ങൾ കേട്ടില്ല; ഇപ്പോൾ ഇതാ, അവന്റെ രക്തം നമ്മോടു ചോദിക്കുന്നു എന്നു അവരോടു പറഞ്ഞു.
Settings

Reading style

Typeface

Font size 19px

Reading width 75 chars

Options