Skip to content
പുറപ്പാട് 14:1-18

പുറപ്പാട് 14:1-18

1
യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ:
2
നിങ്ങൾ തിരിഞ്ഞു മിഗ്ദോലിന്നും കടലിന്നും മദ്ധ്യേ ബാൽസെഫോന്നു സമീപത്തുള്ള പീഹഹീരോത്തിന്നരികെ പാളയം ഇറങ്ങേണമെന്നു യിസ്രായേൽമക്കളോടു പറക; അതിന്റെ സമീപത്തു സമുദ്രത്തിന്നരികെ നിങ്ങൾ പാളയം ഇറങ്ങേണം.
3
എന്നാൽ അവർ ദേശത്തു ഉഴലുന്നു; മരുഭൂമിയിൽ കുടുങ്ങിയിരിക്കുന്നു എന്നു ഫറവോൻ യിസ്രായേൽമക്കളെക്കുറിച്ചു പറയും.
4
ഫറവോൻ അവരെ പിന്തുടരുവാൻ തക്കവണ്ണം ഞാൻ അവന്റെ ഹൃദയം കഠിനമാക്കും. ഞാൻ യഹോവ ആകുന്നു എന്നു മിസ്രയീമ്യർ അറിയേണ്ടതിന്നു ഫറവോനിലും അവന്റെ സകലസൈന്യങ്ങളിലും ഞാൻ എന്നെ തന്നേ മഹത്വപ്പെടുത്തും.
5
അവർ അങ്ങനെ ചെയ്തു. ജനം ഓടിപ്പോയി എന്നു മിസ്രയീംരാജാവിന്നു അറിവു കിട്ടിയപ്പോൾ ജനത്തെ സംബന്ധിച്ചു ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മനസ്സുമാറി: യിസ്രായേല്യരെ നമ്മുടെ അടിമവേലയിൽനിന്നു വിട്ടയച്ചുകളഞ്ഞുവല്ലോ; നാം ഈ ചെയ്തതു എന്തു എന്നു അവർ പറഞ്ഞു.
6
പിന്നെ അവൻ രഥം കെട്ടിച്ചു പടജ്ജനത്തെയും
7
വിശേഷപ്പെട്ട അറുനൂറു രഥങ്ങളെയും മിസ്രയീമിലെ സകലരഥങ്ങളെയും അവെക്കു വേണ്ടുന്ന തേരാളികളെയും കൂട്ടി.
8
യഹോവ മിസ്രയീംരാജാവായ ഫറവോന്റെ ഹൃദയം കഠിനമാക്കിയതിനാൽ അവൻ യിസ്രായേൽമക്കളെ പിന്തുടൎന്നു. എന്നാൽ യിസ്രായേൽമക്കൾ യുദ്ധസന്നദ്ധരായി പുറപ്പെട്ടിരുന്നു.
9
ഫറവോന്റെ എല്ലാ കുതിരയും രഥവും കുതിരപ്പടയും സൈന്യവുമായി മിസ്രയീമ്യർ അവരെ പിന്തുടൎന്നു; കടൽക്കരയിൽ ബാൽസെഫോന്നു സമീപത്തുള്ള പീഹഹീരോത്തിന്നു അരികെ അവർ പാളയമിറങ്ങിയിരിക്കുമ്പോൾ അവരോടു അടുത്തു.
10
ഫറവോൻ അടുത്തുവരുമ്പോൾ യിസ്രായേൽമക്കൾ തല ഉയൎത്തി മിസ്രയീമ്യർ പിന്നാലെ വരുന്നതു കണ്ടു ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു.
11
അവർ മോശെയോടു: മിസ്രയീമിൽ ശവക്കുഴിയില്ലാഞ്ഞിട്ടോ നീ ഞങ്ങളെ മരുഭൂമിയിൽ മരിപ്പാൻ കൂട്ടിക്കൊണ്ടുവന്നതു? നീ ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചതിനാൽ ഞങ്ങളോടു ഈ ചെയ്തതു എന്തു?
12
മിസ്രയീമ്യൎക്കു വേല ചെയ്‌വാൻ ഞങ്ങളെ വിടേണം എന്നു ഞങ്ങൾ മിസ്രയീമിൽവെച്ചു നിന്നോടു പറഞ്ഞില്ലയോ? മരുഭൂമിയിൽ മരിക്കുന്നതിനെക്കാൾ മിസ്രയീമ്യൎക്കു വേല ചെയ്യുന്നതായിരുന്നു ഞങ്ങൾക്കു നല്ലതു എന്നു പറഞ്ഞു.
13
അതിന്നു മോശെ ജനത്തോടു: ഭയപ്പെടേണ്ടാ; ഉറച്ചുനില്പിൻ; യഹോവ ഇന്നു നിങ്ങൾക്കു ചെയ്‌വാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ; നിങ്ങൾ ഇന്നു കണ്ടിട്ടുള്ള മിസ്രയീമ്യരെ ഇനി ഒരുനാളും കാണുകയില്ല.
14
യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു.
15
അപ്പോൾ യഹോവ മോശെയോടു അരുളിച്ചെയ്തതു: നീ എന്നോടു നിലവിളിക്കുന്നതു എന്തു? മുമ്പോട്ടു പോകുവാൻ യിസ്രായേൽമക്കളോടു പറക.
16
വടി എടുത്തു നിന്റെ കൈ കടലിന്മേൽ നീട്ടി അതിനെ വിഭാഗിക്ക; യിസ്രായേൽമക്കൾ കടലിന്റെ നടുവെ ഉണങ്ങിയ നിലത്തുകൂടി കടന്നുപോകും.
17
എന്നാൽ ഞാൻ മിസ്രയീമ്യരുടെ ഹൃദയത്തെ കഠിനമാക്കും; അവർ ഇവരുടെ പിന്നാലെ ചെല്ലും; ഞാൻ ഫറവോനിലും അവന്റെ സകല സൈന്യത്തിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെ തന്നെ മഹത്വപ്പെടുത്തും.
18
ഇങ്ങനെ ഞാൻ ഫറവോനിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെത്തന്നേ മഹത്വപ്പെടുത്തുമ്പോൾ ഞാൻ യഹോവ ആകുന്നു എന്നു മിസ്രയീമ്യർ അറിയും.

ബൈബിൾ പാഠം: Sathyavedapusthakam 1910, contemporary orthography · Malayalam Bible 1910 – Revised and in Contemporary Orthography, © 2015 The Free Bible Foundation · CC BY-SA 4.0

Settings

Reading style

Typeface

Font size 19px

Reading width 75 chars

Options