2 ദിനവൃത്താന്തം 25:14-28
14
എന്നാൽ അമസ്യാവു എദോമ്യരെ സംഹരിച്ചു മടങ്ങിവന്നശേഷം അവൻ സേയീൎയ്യരുടെ ദേവന്മാരെ കൊണ്ടുവന്നു അവയെ തനിക്കു ദേവന്മാരായി നിൎത്തി അവയുടെ മുമ്പാകെ നമസ്കരിക്കയും അവെക്കു ധൂപം കാട്ടുകയും ചെയ്തു.
15
അതുകൊണ്ടു യഹോവയുടെ കോപം അമസ്യാവിന്റെ നേരെ ജ്വലിച്ചു അവൻ ഒരു പ്രവാചകനെ അവന്റെ അടുക്കൽ അയച്ചു; നിന്റെ കയ്യിൽനിന്നു തങ്ങളുടെ സ്വന്തജനത്തെ രക്ഷിപ്പാൻ കഴിയാത്ത ജാതികളുടെ ദേവന്മാരെ നീ അന്വേഷിച്ചതു എന്തു എന്നു അവനോടു പറയിച്ചു.
16
അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ രാജാവു അവനോടു: ഞങ്ങൾ നിന്നെ രാജാവിന്നു മന്ത്രിയാക്കി വെച്ചിട്ടുണ്ടോ? മതി; നീ വെറുതെ വെട്ടുകൊണ്ടു ചാകുന്നതു എന്തിന്നു എന്നു പറഞ്ഞു. അങ്ങനെ പ്രവാചകൻ മതിയാക്കി: നീ എന്റെ ആലോചന കേൾക്കാതെ ഇതു ചെയ്തതുകൊണ്ടു ദൈവം നിന്നെ നശിപ്പിപ്പാൻ നിശ്ചയിച്ചിരിക്കുന്നു എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.
17
അനന്തരം യെഹൂദാരാജാവായ അമസ്യാവു ആലോചന കഴിച്ചിട്ടു യിസ്രായേൽരാജാവായി യേഹൂവിന്റെ മകനായ യെഹോവാഹാസിന്റെ മകൻ യോവാശിന്റെ അടുക്കൽ ആളയച്ചു: വരിക, നാം തമ്മിൽ ഒന്നു നോക്കുക എന്നു പറയിച്ചു.
18
അതിന്നു യിസ്രായേൽരാജാവായ യോവാശ് യെഹൂദാരാജാവായ അമസ്യാവിന്റെ അടുക്കൽ പറഞ്ഞയച്ചതെന്തെന്നാൽ: ലെബാനോനിലെ മുൾപടൎപ്പു ലെബാനോനിലെ ദേവദാരുവിന്റെ അടുക്കൽ ആളയച്ചു: നിന്റെ മകളെ എന്റെ മകന്നു ഭാൎയ്യയായി തരിക എന്നു പറയിച്ചു; എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുചെന്നു മുൾപടൎപ്പിനെ ചവിട്ടിക്കളഞ്ഞു.
19
എദോമ്യരെ തോല്പിച്ചു എന്നു നീ വിചാരിക്കുന്നു; വമ്പുപറവാൻ തക്കവണ്ണം നിന്റെ മനസ്സു നിഗളിച്ചിരിക്കുന്നു; വീട്ടിൽ അടങ്ങി പാൎത്തുകൊൾക; നീയും യെഹൂദയും വീഴുവാൻ തക്കവണ്ണം അനൎത്ഥത്തിൽ ഇടപെടുന്നതു എന്തിന്നു?
20
എന്നാൽ അമസ്യാവു കേട്ടില്ല; അവർ എദോമ്യദേവന്മാരെ ആശ്രയിക്കകൊണ്ടു അവരെ ശത്രുവിന്റെ കയ്യിൽ ഏല്പിക്കേണ്ടതിന്നു അതു ദൈവഹിതത്താൽ സംഭവിച്ചു.
21
അങ്ങനെ യിസ്രായേൽരാജാവായ യോവാശ് പുറപ്പെട്ടുചെന്നു; അവനും യെഹൂദാരാജാവായ അമസ്യാവും യെഹൂദെക്കുള്ള ബേത്ത്-ശേമെശിൽവെച്ചു തമ്മിൽ നേരിട്ടു.
22
യെഹൂദാ യിസ്രായേലിനോടു തോറ്റു ഓരോരുത്തൻ താന്താന്റെ കൂടാരത്തിലേക്കു ഓടിപ്പോയി.
23
യിസ്രായേൽരാജാവായ യോവാശ്, യെഹോവാഹാസിന്റെ മകനായ യോവാശിന്റെ മകനായി, യെഹൂദാരാജാവായ അമസ്യാവെ ബേത്ത്-ശെമെശിൽവെച്ചു പിടിച്ചു യെരൂശലേമിൽ കൊണ്ടുവന്നു; യെരൂശലേമിന്റെ മതിൽ എഫ്രയീമിന്റെ പടിവാതിൽമുതൽ കോൺപടിവാതിൽവരെ നാനൂറു മുഴം ഇടിച്ചുകളഞ്ഞു.
24
അവൻ ദൈവാലയത്തിൽ ഓബേദ്-എദോമിന്റെ പക്കൽ കണ്ട എല്ലാപൊന്നും വെള്ളിയും സകലപാത്രങ്ങളും രാജധാനിയിലെ ഭണ്ഡാരവും എടുത്തു ജാമ്യക്കാരെയും പിടിച്ചു ശമൎയ്യയിലേക്കു മടങ്ങിപ്പോയി.
25
യിസ്രായേൽരാജാവായ യെഹോവാഹാസിന്റെ മകൻ യോവാശ് മരിച്ചശേഷം യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവു പതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു.
26
എന്നാൽ അമസ്യാവിന്റെ മറ്റുള്ളവൃത്താന്തങ്ങൾ ആദ്യാവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
27
അമസ്യാവു യഹോവയെ വിട്ടുമാറിയ കാലംമുതൽ അവർ യെരൂശലേമിൽ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി; അതുനിമിത്തം അവൻ ലാഖീശിലേക്കു ഓടിപ്പോയി: എന്നാൽ അവർ ലാഖീശിലേക്കു അവന്റെ പിന്നാലെ ആളയച്ചു അവിടെവെച്ചു അവനെ കൊന്നുകളഞ്ഞു.
28
അവനെ കുതിരപ്പുറത്തു കൊണ്ടുവന്നു യെഹൂദയുടെ മൂലനഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അടക്കം ചെയ്തു.
Settings