1 ശമൂവേല്‍ 20:1-23
1
ദാവീദ് രാമയിലെ നയ്യോത്തിൽനിന്നു ഓടി യോനാഥാന്റെ അടുക്കൽ ചെന്നു: ഞാൻ എന്തു ചെയ്തു? എന്റെ കുറ്റം എന്തു? നിന്റെ അപ്പൻ എന്നെ കൊല്ലുവാൻ അന്വേഷിക്കേണ്ടതിന്നു അവനോടു ഞാൻ ചെയ്ത പാപം എന്തു എന്നു ചോദിച്ചു.
2
അവൻ അവനോടു: അങ്ങനെ ഭവിക്കരുതേ, നീ മരിക്കയില്ല; എന്റെ അപ്പൻ എന്നെ അറിയിക്കാതെ വലുതോ ചെറുതോ യാതൊന്നും ചെയ്‌വാറില്ല; പിന്നെ ഈ കാൎയ്യം എന്നെ മറെപ്പാൻ സംഗതി എന്തു? അങ്ങനെ വരികയില്ല എന്നു പറഞ്ഞു.
3
ദാവീദ് പിന്നെയും അവനോടു: എന്നോടു നിനക്കു പ്രിയമാകുന്നുവെന്നു നിന്റെ അപ്പൻ നല്ലവണ്ണം അറികയാൽ യോനാഥാൻ ദുഃഖിക്കാതിരിക്കേണ്ടതിന്നു അവൻ ഇതു ഗ്രഹിക്കരുതു എന്നു അവൻ വിചാരിക്കുന്നു; എന്നാൽ യഹോവയാണ, നിന്നാണ, എനിക്കും മരണത്തിന്നും മദ്ധ്യേ ഒരടി അകലം മാത്രമേയുള്ളു എന്നു സത്യം ചെയ്തു പറഞ്ഞു.
4
അപ്പോൾ യോനാഥാൻ ദാവീദിനോടു: നിന്റെ ആഗ്രഹം എന്തു? ഞാൻ അതു ചെയ്തുതരും എന്നു പറഞ്ഞു.
5
ദാവീദ് യോനാഥാനോടു പറഞ്ഞതു: നാളെ അമാവാസ്യയാകുന്നു; ഞാനും രാജാവിനോടുകൂടെ പന്തിഭോജനത്തിന്നു ഇരിക്കേണ്ടതല്ലോ; എങ്കിലും മറ്റെന്നാൾ വൈകുന്നേരംവരെ വയലിൽ ഒളിച്ചിരിപ്പാൻ എനിക്കു അനുവാദം തരേണം.
6
നിന്റെ അപ്പൻ എന്നെ കാണാഞ്ഞിട്ടു അന്വേഷിച്ചാൽ: ദാവീദ് സ്വന്തപട്ടണമായ ബേത്ത്ലേഹെമിലേക്കു ഒന്നു പോയിവരേണ്ടതിന്നു എന്നോടു താല്പൎയ്യമായി അനുവാദം ചോദിച്ചു; അവന്റെ കുലത്തിന്നെല്ലാം അവിടെ വൎഷാന്തരയാഗം ഉണ്ടു എന്നു ബോധിപ്പിക്കേണം.
7
കൊള്ളാമെന്നു അവൻ പറഞ്ഞാൽ അടിയന്നു ശുഭം; അല്ല, കോപിച്ചാൽ: അവൻ ദോഷം നിൎണ്ണയിച്ചിരിക്കുന്നു എന്നു അറിഞ്ഞുകൊള്ളേണം.
8
എന്നാൽ അങ്ങുന്നു അടിയനോടു ദയ ചെയ്യേണം; അടിയനുമായി യഹോവയെ സാക്ഷിയാക്കി സഖ്യത ചെയ്തിട്ടുണ്ടല്ലോ; വല്ല കുറ്റവും എന്നിൽ ഉണ്ടെങ്കിലോ അങ്ങുന്നു തന്നേ എന്നെ കൊല്ലുക; അപ്പന്റെ അടുക്കൽ എന്നെ കൊണ്ടുപോകുവാൻ എന്തൊരാവശ്യം?
9
അതിന്നു യോനാഥാൻ: അങ്ങനെ നിനക്കു വരാതിരിക്കട്ടെ; എന്റെ അപ്പൻ നിനക്കു ദോഷം വരുത്തുവാൻ നിൎണ്ണയിച്ചിരിക്കുന്നു എന്നു ഞാൻ അറിഞ്ഞാൽ നിന്നെ അറിയിക്കാതിരിക്കുമോ എന്നു പറഞ്ഞു.
10
ദാവീദ് യോനാഥാനോടു: നിന്റെ അപ്പൻ നിന്നോടു കഠിനമായി ഉത്തരം പറഞ്ഞാലോ അതു ആർ എന്നെ അറിയിക്കും എന്നു ചോദിച്ചു.
11
യോനാഥാൻ ദാവീദിനോടു: വരിക, നമുക്കു വയലിലേക്കു പോകാം എന്നു പറഞ്ഞു; അവർ ഇരുവരും വയലിലേക്കു പോയി.
12
പിന്നെ യോനാഥാൻ ദാവീദിനോടു പറഞ്ഞതു: യിസ്രായേലിന്റെ ദൈവമായ യഹോവ സാക്ഷി: നാളെ ഈ നേരത്തോ മറ്റെന്നാളോ എന്റെ അപ്പന്റെ അന്തൎഗ്ഗതമറിഞ്ഞു നിനക്കു ഗുണമെന്നു കണ്ടാൽ ഞാൻ ആളയച്ചു നിന്നെ അറിയിക്കാതിരിക്കുമോ?
13
എന്നാൽ നിന്നോടു ദോഷം ചെയ്‌വാനാകുന്നു എന്റെ അപ്പന്റെ ഭാവമെങ്കിൽ ഞാൻ അതു നിന്നെ അറിയിച്ചു നീ സമാധാനത്തോടെ പോകേണ്ടതിന്നു നിന്നെ പറഞ്ഞയക്കാതിരുന്നാൽ യഹോവ യോനാഥാനോടു തക്കവണ്ണവും അധികവും ചെയ്യട്ടെ; യഹോവ എന്റെ അപ്പനോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കുമാറാകട്ടെ.
14
ഞാൻ ഇനി ജീവനോടിരിക്കയാകുന്നു എങ്കിൽ ഞാൻ മരിക്കാതവണ്ണം യഹോവയുടെ ദയ നീ കാണിക്കേണ്ടതു എന്നോടു മാത്രമല്ല;
15
എന്റെ ഗൃഹത്തോടും നിന്റെ ദയ ഒരിക്കലും അറ്റുപോകരുതു; യഹോവ ദാവീദിന്റെ ശത്രുക്കളെ ഒട്ടൊഴിയാതെ ഭൂതലത്തിൽനിന്നു ഛേദിച്ചുകളയുംകാലത്തും അറ്റുപോകരുതു.
16
ഇങ്ങനെ യോനാഥാൻ ദാവീദിന്റെ ഗൃഹത്തോടു സഖ്യതചെയ്തു. ദാവീദിന്റെ ശത്രുക്കളോടു യഹോവ ചോദിച്ചുകൊള്ളും.
17
യോനാഥാൻ സ്വന്തപ്രാണനെപ്പോലെ ദാവീദിനെ സ്നേഹിക്കയാൽ തന്നോടുള്ള സ്നേഹത്തെച്ചൊല്ലി അവനെക്കൊണ്ടു പിന്നെയും സത്യംചെയ്യിച്ചു.
18
പിന്നെ യോനാഥാൻ ദാവീദിനോടു പറഞ്ഞതു: നാളെ അമാവാസ്യയാകുന്നുവല്ലോ; നിന്റെ ഇരിപ്പിടം ഒഴിഞ്ഞിരിക്കുമ്പോൾ നീ ഇല്ലെന്നു കാണും.
19
മൂന്നു ദിവസം കഴിഞ്ഞിട്ടു കാൎയ്യം നടന്ന അന്നു നീ ഒളിച്ചിരുന്ന സ്ഥലത്തേക്കു വേഗത്തിൽ ഇറങ്ങിവന്നു ഏസെൽകല്ലിന്റെ അരികെ താമസിക്കേണം.
20
അപ്പോൾ ഞാൻ അതിന്റെ ഒരുവശത്തു ഒരു ലാക്കിന്നു എയ്യുന്ന ഭാവത്തിൽ മൂന്നു അമ്പു എയ്യും.
21
നീ ചെന്നു അമ്പു നോക്കി എടുത്തുകൊണ്ടു വരിക എന്നു പറഞ്ഞു ഒരു ബാല്യക്കാരനെ അയക്കും. അമ്പുകൾ നിന്റെ ഇപ്പുറത്തു ഇതാ, എടുത്തുകൊണ്ടു വരിക എന്നു ഞാൻ ബാല്യക്കാരനോടു പറഞ്ഞാൽ നീ അവ എടുത്തുകൊണ്ടു വരിക; യഹോവയാണ, നിനക്കു ശുഭമല്ലാതെ മറ്റൊന്നും വരികയില്ല.
22
എന്നാൽ ഞാൻ ബാല്യക്കാരനോടു: അമ്പു നിന്റെ അപ്പുറത്തു അതാ എന്നു പറഞ്ഞാൽ നിന്റെ വഴിക്കു പൊയ്ക്കൊൾക; യഹോവ നിന്നെ പറഞ്ഞയച്ചിരിക്കുന്നു.
23
ഞാനും നീയും തമ്മിൽ പറഞ്ഞിരിക്കുന്ന കാൎയ്യത്തിലോ, യഹോവ എനിക്കും നിനക്കും മദ്ധ്യേ എന്നേക്കും സാക്ഷി.
Settings