ഉള്ളടക്കത്തിലേക്ക് പോകുക

circa 800–400 BC

The Hebrew Prophets

God speaks through Isaiah, Jeremiah, and the minor prophets—calling Israel to repentance and foretelling the coming Messiah.

3,706 വാക്യങ്ങൾ · 14 പുസ്തകങ്ങൾ ഉൾപ്പെടുന്നു

പുസ്തകം അനുസരിച്ച് അരിക്കുക
  1. യിരെമ്യാവ് 46:10ഏകദേശം ക്രി.മു. 607

    ആ ദിവസം സൈന്യങ്ങളുടെ യഹോവയായ കൎത്താവു തന്റെ വൈരികളോടു പ്രതികാരം ചെയ്യുന്ന പ്രതികാരദിവസം ആകുന്നു; വാൾ വേണ്ടുവോളം തിന്നുകയും അവരുടെ രക്തം കുടിച്ചു മദിക്കയും ചെയ്യും; വടക്കു ഫ്രാത്ത് നദീതീരത്തു സൈന്യങ്ങളുടെ യഹോവയായ കൎത്താവിന്നു ഒരു ഹനനയാഗമുണ്ടല്ലോ.

  2. യിരെമ്യാവ് 46:11ഏകദേശം ക്രി.മു. 607

    മിസ്രയീംപുത്രിയായ കന്യകേ! ഗിലെയാദിൽ ചെന്നു തൈലം വാങ്ങുക; നീ വളരെ ഔഷധം പ്രയോഗിക്കുന്നതു വെറുതെ! നിനക്കു രോഗശാന്തി ഉണ്ടാകയില്ല.

  3. യിരെമ്യാവ് 46:12ഏകദേശം ക്രി.മു. 607

    ജാതികൾ നിന്റെ ലജ്ജയെക്കുറിച്ചു കേട്ടിരിക്കുന്നു; നിന്റെ നിലവിളി ദേശത്തു നിറഞ്ഞിരിക്കുന്നു; വീരൻ വീരനോടു മുട്ടി രണ്ടുപേരും ഒരുമിച്ചു വീണിരിക്കുന്നു!

  4. യിരെമ്യാവ് 46:13ഏകദേശം ക്രി.മു. 607

    ബാബേൽരാജാവായ നെബൂഖദ്നേസർ വന്നു മിസ്രയീംദേശത്തെ ജയിക്കുന്നതിനെക്കുറിച്ചു യിരെമ്യാപ്രവാചകനോടു യഹോവ കല്പിച്ച അരുളപ്പാടു.

  5. യിരെമ്യാവ് 46:14ഏകദേശം ക്രി.മു. 607

    മിസ്രയീമിൽ പ്രസ്താവിച്ചു മിഗ്ദോലിൽ പ്രസിദ്ധമാക്കി, നോഫിലും തഹ്പനേസിലും കേൾപ്പിപ്പിൻ! അണിനിരന്നു ഒരുങ്ങിനില്ക്ക എന്നു പറവിൻ! വാൾ നിന്റെ ചുറ്റം തിന്നുകളയുന്നുവല്ലോ.

  6. യിരെമ്യാവ് 46:15ഏകദേശം ക്രി.മു. 607

    നിന്റെ ബലവാന്മാർ വീണുകിടക്കുന്നതെന്തു? യഹോവ അവരെ തള്ളിയിട്ടതുകൊണ്ടു അവൎക്കു നില്പാൻ കഴിഞ്ഞില്ല.

  7. യിരെമ്യാവ് 46:16ഏകദേശം ക്രി.മു. 607

    അവൻ പലരെയും ഇടറി വീഴുമാറാക്കി; ഒരുത്തൻ മറ്റൊരുത്തന്റെ മീതെ വീണു; എഴുന്നേല്പിൻ; നശിപ്പിക്കുന്ന വാളിന്നു ഒഴിഞ്ഞു നാം സ്വജനത്തിന്റെ അടുക്കലേക്കും ജന്മദേശത്തേക്കും മടങ്ങിപ്പോക എന്നു അവർ പറയും.

  8. യിരെമ്യാവ് 46:17ഏകദേശം ക്രി.മു. 607

    മിസ്രയീംരാജാവായ ഫറവോന്നു: വിനാശം എന്നും സമയം തെറ്റി വരുന്നവൻ എന്നും പേർ പറവിൻ!

  9. യിരെമ്യാവ് 46:18ഏകദേശം ക്രി.മു. 607

    എന്നാണ, പൎവ്വതങ്ങളിൽവെച്ചു താബോർപോലെയും കടലിന്നരികെയുള്ള കൎമ്മേൽപോലെയും നിശ്ചയമായിട്ടു അവൻ വരുമെന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാടു.

  10. യിരെമ്യാവ് 46:19ഏകദേശം ക്രി.മു. 607

    മിസ്രയീമിൽ പാൎക്കുന്ന പുത്രീ, പ്രവാസത്തിന്നു പോകുവാൻ കോപ്പുകൂട്ടുക; നോഫ് നിവാസികളില്ലാതെ ശൂന്യമായി വെന്തുപോകും.

  11. യിരെമ്യാവ് 46:20ഏകദേശം ക്രി.മു. 607

    മിസ്രയീം ഏറ്റവും അഴകുള്ള പശുക്കിടാവാകുന്നു; എന്നാൽ വടക്കുനിന്നു ഈച്ച അതിന്മേൽ വരുന്നു.

  12. യിരെമ്യാവ് 46:21ഏകദേശം ക്രി.മു. 607

    അതിന്റെ കൂലിച്ചേവകർ അതിന്റെ മദ്ധ്യേ തടിപ്പിച്ച കാളക്കിടാക്കളെപ്പോലെയാകുന്നു; അവരും പിന്തിരിഞ്ഞു ഒരുപോലെ ഓടിപ്പോയി; അവരുടെ അപായദിവസവും സന്ദൎശനകാലവും വന്നിരിക്കയാൽ അവൎക്കു നില്പാൻ കഴിഞ്ഞില്ല.

  13. യിരെമ്യാവ് 46:22ഏകദേശം ക്രി.മു. 607

    അതിന്റെ ശബ്ദം പാമ്പു ഓടുന്ന ശബ്ദംപോലെ; അവർ സൈന്യത്തോടുകൂടെ നടന്നു, മരം മുറിക്കുന്നവരെപ്പോലെ കോടാലികളുമായി അതിന്റെ നേരെ വരും.

  14. യിരെമ്യാവ് 46:23ഏകദേശം ക്രി.മു. 607

    അതിന്റെ കാടു തിങ്ങിയതായിരുന്നാലും അവർ അതിനെ വെട്ടിക്കളയും എന്നു യഹോവയുടെ അരുളപ്പാടു; അവർ വെട്ടുക്കിളികളെക്കാൾ അധികം; അവൎക്കു സംഖ്യയുമില്ല.

  15. യിരെമ്യാവ് 46:24ഏകദേശം ക്രി.മു. 607

    മിസ്രയീംപുത്രി ലജ്ജിച്ചുപോകും; അവൾ വടക്കെ ജാതിയുടെ കയ്യിൽ ഏല്പിക്കപ്പെടും.

  16. യിരെമ്യാവ് 46:25ഏകദേശം ക്രി.മു. 607

    ഞാൻ നോവിലെ അമ്മോനെയും ഫറവോനെയും മിസ്രയീമിനെയും അതിന്റെ ദേവന്മാരെയും രാജാക്കന്മാരെയും സന്ദൎശിക്കും; ഫറവോനെയും അവനിൽ ആശ്രയിക്കുന്നവരെയും സന്ദൎശിക്കും എന്നു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

  17. യിരെമ്യാവ് 46:26ഏകദേശം ക്രി.മു. 607

    ഞാൻ അവരെ, അവൎക്കു പ്രാണഹാനിവരുത്തുവാൻ നോക്കുന്നവരുടെ കയ്യിലും ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കയ്യിലും അവന്റെ ഭൃത്യന്മാരുടെ കയ്യിലും ഏല്പിക്കും; അതിന്റെശേഷം അതിന്നു പുരാതനകാലത്തെന്നപോലെ നിവാസികൾ ഉണ്ടാകും എന്നു യഹോവയുടെ അരുളപ്പാടു.

  18. യിരെമ്യാവ് 46:27ഏകദേശം ക്രി.മു. 607

    എന്നാൽ എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടേണ്ടാ; യിസ്രായേലേ, നീ ഭ്രമിക്കേണ്ടാ; ഞാൻ നിന്നെ ദൂരത്തുനിന്നും നിന്റെ സന്തതിയെ അവരുടെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; യാക്കോബ് മടങ്ങിവന്നു സ്വസ്ഥമായും സ്വൈരമായും ഇരിക്കും; ആരും അവനെ ഭയപ്പെടുത്തുകയുമില്ല.

  19. യിരെമ്യാവ് 46:28ഏകദേശം ക്രി.മു. 607

    എന്റെ ദാസനായ യാക്കോബേ നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു. നിന്നെ ഞാൻ ചിതറിച്ചുകളഞ്ഞ സകലജാതികളെയും ഞാൻ മുടിച്ചുകളയും; എങ്കിലും നിന്നെ ഞാൻ മുടിച്ചുകളകയില്ല; ഞാൻ നിന്നെ ന്യായമായി ശിക്ഷിക്കും; നിന്നെ ശിക്ഷിക്കാതെ വിടുകയില്ലതാനും.

  20. ഫറവോൻ ഗസ്സയെ തോല്പിച്ചതിന്നുമുമ്പെ ഫെലിസ്ത്യരെക്കുറിച്ചു യിരെമ്യാപ്രവാചകന്നു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാടു.

  21. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വടക്കുനിന്നു വെള്ളം പൊങ്ങി കവിഞ്ഞൊഴുകുന്ന നദിയാകും; അതു ദേശത്തിന്മേലും അതിലുള്ള സകലത്തിന്മേലും പട്ടണത്തിന്മേലും അതിൽ പാൎക്കുന്നവരുടെ മേലും കവിഞ്ഞൊഴുകും; അപ്പോൾ മനുഷ്യർ നിലവിളിക്കും; ദേശനിവാസികൾ ഒക്കെയും മുറയിടും.

  22. അവന്റെ ബലമുള്ള കുതിരകളുടെ കുളമ്പൊച്ചയും അവന്റെ രഥങ്ങളുടെ ഘോഷവും ചക്രങ്ങളുടെ ആരവവും നിമിത്തം ധൈൎയ്യം ക്ഷയിച്ചിട്ടു അപ്പന്മാർ മക്കളെ തിരിഞ്ഞുനോക്കുകയില്ല.

  23. ഫെലിസ്ത്യരെ ഒക്കെയും നശിപ്പിപ്പാനും സോരിലും സീദോനിലും ശേഷിച്ചിരിക്കുന്ന സകലസഹായകന്മാരെയും ഛേദിച്ചുകളവാനും ഉള്ള ദിവസം വരുന്നതുകൊണ്ടു തന്നേ; കഫ്തോർകടല്പുറത്തു ശേഷിപ്പുള്ള ഫെലിസ്ത്യരെ യഹോവ നശിപ്പിക്കും.

  24. ഗസ്സെക്കു കഷണ്ടി വന്നിരിക്കുന്നു; അവരുടെ താഴ്വരയിലെ ശേഷിപ്പായ അസ്കലോൻ മുടിഞ്ഞുപോയി; എത്രത്തോളം നീ നിന്നെത്തന്നേ മുറിവേല്പിക്കും?

  25. അയ്യോ, യഹോവയുടെ വാളേ, നീ എത്രത്തോളം വിശ്രമിക്കാതെ ഇരിക്കും? നിന്റെ ഉറയിൽ കടക്ക; വിശ്രമിച്ചു അടങ്ങിയിരിക്ക.