ഉള്ളടക്കത്തിലേക്ക് പോകുക

God

11,427 വാക്യങ്ങൾ · 2 കുടുംബാംഗങ്ങൾ

God പരാമർശിക്കുന്ന വാക്യങ്ങൾ

പുസ്തകം അനുസരിച്ച് അരിക്കുക
  1. ആകയാൽ ഞാൻ അതിന്നു തക്കവണ്ണം വട്ടംകൂട്ടും എന്നു ദാവീദ് പറഞ്ഞു. അങ്ങനെ ദാവീദ് തന്റെ മരണത്തിന്നു മുമ്പെ ധാരാളം വട്ടംകൂട്ടി.

  2. അവൻ തന്റെ മകനായ ശലോമോനെ വിളിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവെക്കു ഒരു ആലയം പണിവാൻ കല്പന കൊടുത്തു.

  3. ദാവീദ് ശലോമോനോടു പറഞ്ഞതു: മകനേ, ഞാൻ തന്നേ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാൻ താല്പൎയ്യപ്പെട്ടിരുന്നു.

  4. എങ്കിലും എനിക്കു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: നീ വളരെ രക്തം ചിന്തി വലിയ യുദ്ധങ്ങളും ചെയ്തിട്ടുണ്ടു; നീ എന്റെ നാമത്തിന്നു ഒരു ആലയം പണിയരുതു; നീ എന്റെ മുമ്പാകെ ഭൂമിയിൽ ബഹു രക്തം ചിന്തിയിരിക്കുന്നു.

  5. എന്നാൽ നിനക്കു ഒരു മകൻ ജനിക്കും; അവൻ വിശ്രമപുരുഷനായിരിക്കും; ഞാൻ ചുറ്റുമുള്ള അവന്റെ സകലശത്രുക്കളെയും നീക്കി അവന്നു വിശ്രമം കൊടുക്കും; അവന്റെ പേർ ശലോമോൻ എന്നു ആയിരിക്കും; അവന്റെ കാലത്തു ഞാൻ യിസ്രായേലിന്നു സമാധാനവും സ്വസ്ഥതയും നല്കും.

  6. അവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; അവൻ എനിക്കു മകനായും ഞാൻ അവന്നു അപ്പനായും ഇരിക്കും; യിസ്രായേലിൽ അവന്റെ രാജാസനം ഞാൻ എന്നേക്കും നിലനില്ക്കുമാറാക്കും.

  7. ആകയാൽ എന്റെ മകനേ, യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ; നിന്റെ ദൈവമായ യഹോവ നിന്നെക്കുറിച്ചു അരുളിച്ചെയ്തതുപോലെ നീ കൃതാൎത്ഥനായി അവന്റെ ആലയം പണിക.

  8. നിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണം നീ ആചരിക്കേണ്ടതിന്നു യഹോവ നിനക്കു ജ്ഞാനവും വിവേകവും തന്നു നിന്നെ യിസ്രായേലിന്നു നിയമിക്കുമാറാകട്ടെ.

  9. യഹോവ യിസ്രായേലിന്നു വേണ്ടി മോശെയോടു കല്പിച്ച ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചാചരിക്കുന്നു എങ്കിൽ നീ കൃതാൎത്ഥനാകും; ധൈൎയ്യപ്പെട്ടു ഉറെച്ചിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു.

  10. ഇതാ, ഞാൻ എന്റെ കഷ്ടത്തിൽ യഹോവയുടെ ആലയത്തിന്നായി ഒരു ലക്ഷം താലന്ത് പൊന്നും പത്തു ലക്ഷം താലന്ത് വെള്ളിയും പെരുപ്പംനിമിത്തം തൂക്കമില്ലാത്ത താമ്രവും ഇരിമ്പും സ്വരൂപിച്ചിട്ടുണ്ടു; മരവും കല്ലും കൂടെ ഞാൻ ഒരുക്കിവെച്ചിരിക്കുന്നു; നിനക്കു ഇനിയും അതിനോടു ചേൎത്തുകൊള്ളാമല്ലോ.

  11. പൊന്നു, വെള്ളി, താമ്രം, ഇരിമ്പു എന്നിവ ധാരാളം ഉണ്ടു; ഉത്സാഹിച്ചു പ്രവൎത്തിച്ചുകൊൾക; യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ.

  12. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൂടെ ഉണ്ടല്ലോ; അവൻ നിങ്ങൾക്കു ചുറ്റും വിശ്രമം വരുത്തിയിരിക്കുന്നു. അവൻ ദേശനിവാസികളെ എന്റെ കയ്യിൽ ഏല്പിച്ചു ദേശം യഹോവെക്കും അവന്റെ ജനത്തിന്നും കീഴടങ്ങിയുമിരിക്കുന്നു.

  13. ആകയാൽ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിപ്പാൻ നിങ്ങളുടെ ഹൃദയവും മനസ്സും ഏല്പിച്ചുകൊടുപ്പിൻ. എഴുന്നേല്പിൻ; യഹോവയുടെ നിയമപെട്ടകവും ദൈവത്തിന്റെ വിശുദ്ധപാത്രങ്ങളും യഹോവയുടെ നാമത്തിന്നു പണിവാനുള്ള ആലയത്തിലേക്കു കൊണ്ടുവരേണ്ടതിന്നു യഹോവയായ ദൈവത്തിന്റെ വിശുദ്ധമന്ദിരത്തെ പണിവിൻ.

  14. അവരിൽ ഇരുപത്തിനാലായിരംപേർ യഹോവയുടെ ആലയത്തിലെ വേല നടത്തേണ്ടുന്നവരും ആറായിരംപേർ പ്രമാണികളും

  15. ന്യായാധിപന്മാരും നാലായിരംപേർ വാതിൽകാവല്ക്കാരും നാലായിരംപേർ സ്തോത്രം ചെയ്യേണ്ടതിന്നു ദാവീദ് ഉണ്ടാക്കിയ വാദ്യങ്ങളാൽ യഹോവയെ സ്തുതിക്കുന്നവരും ആയിരുന്നു;

  16. അമ്രാമിന്റെ പുത്രന്മാർ: അഹരോൻ, മോശെ; അഹരോനും പുത്രന്മാരും അതിവിശുദ്ധവസ്തുക്കളെ ശുദ്ധീകരിപ്പാനും യഹോവയുടെ സന്നിധിയിൽ ധൂപംകാട്ടുവാനും അവന്നു ശുശ്രൂഷചെയ്‌വാനും എപ്പോഴും അവന്റെ നാമത്തിൽ അനുഗ്രഹിപ്പാനും സദാകാലത്തേക്കും വേർതിരിക്കപ്പെട്ടിരുന്നു.

  17. ദൈവപുരുഷനായ മോശെയുടെ പുത്രന്മാരെയോ ലേവിഗോത്രത്തിൽ എണ്ണിയിരുന്നു.

  18. ഇവർ കുടുംബംകുടുംബമായി ആളെണ്ണം പേരുപേരായി എണ്ണപ്പെട്ടപ്രകാരം തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരായ ലേവിപുത്രന്മാർ; അവർ ഇരുപതു വയസ്സുമുതൽ മേലോട്ടു യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ വേല ചെയ്തുവന്നു.

  19. യിസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനത്തിന്നു സ്വസ്ഥത കൊടുത്തു യെരൂശലേമിൽ എന്നേക്കും വസിക്കുന്നുവല്ലോ.

  20. അവരുടെ മുറയോ, യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കായി പ്രാകാരങ്ങളിലും അറകളിലും സകലവിശുദ്ധവസ്തുക്കളെയും ശുദ്ധീകരിക്കുന്നതിലും ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലെക്കു അഹരോന്റെ പുത്രന്മാരെ സഹായിക്കുന്നതും

  21. രാവിലെയും വൈകുന്നേരവും യഹോവയെ വാഴ്ത്തി സ്തുതിക്കേണ്ടതിന്നു ഒരുങ്ങിനില്ക്കുന്നതും

  22. യഹോവെക്കു ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും യഹോവയുടെ സന്നിധിയിൽ നിരന്തരം അവയെക്കുറിച്ചുള്ള നിയമത്തിന്നനുസരണയായ സംഖ്യപ്രകാരം ഹോമയാഗങ്ങളെ അൎപ്പിക്കുന്നതും

  23. സമാഗമനകൂടാരത്തിന്റെ കാൎയ്യവും വിശുദ്ധസ്ഥലത്തിന്റെ കാൎയ്യവും യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ അവരുടെ സഹോദരന്മാരായ അഹരോന്റെ പുത്രന്മാരുടെ കാൎയ്യവും വിചാരിക്കുന്നതും തന്നേ.

  24. എലെയാസാരിന്റെ പുത്രന്മാരിലും ഈഥാമാരിന്റെ പുത്രന്മാരിലും വിശുദ്ധസ്ഥലത്തിന്റെ പ്രഭുക്കന്മാരും ദൈവാലയത്തിന്റെ പ്രഭുക്കന്മാരും ഉള്ളതുകൊണ്ടു അവരെ തരഭേദം കൂടാതെ ചീട്ടിട്ടു വിഭാഗിച്ചു.

  25. യിസ്രായേലിന്റെ ദൈവമായ യഹോവ അവരുടെ പിതാവായ അഹരോനോടു കല്പിച്ചതുപോലെ അവൻ അവൎക്കു കൊടുത്ത നിയമപ്രകാരം അവരുടെ ശുശ്രൂഷെക്കായിട്ടു യഹോവയുടെ ആലയത്തിലേക്കു അവർ വരേണ്ടുന്ന ക്രമം ഇതു ആയിരുന്നു.