ദാനീയേല് 4:27-36
27
ആകയാൽ രാജാവേ, എന്റെ ആലോചന തിരുമനസ്സിലേക്കു പ്രസാദമായിരിക്കട്ടെ; നീതിയാൽ പാപങ്ങളെയും ദരിദ്രന്മാൎക്കു കൃപകാട്ടുന്നതിനാൽ അകൃത്യങ്ങളെയും പരിഹരിച്ചുകൊൾക; അതിനാൽ പക്ഷേ തിരുമനസ്സിലെ സുഖകാലം ദീൎഘമായി നില്ക്കും.
28
ഇതെല്ലാം നെബൂഖദ്നേസർരാജാവിന്നു വന്നുഭവിച്ചു.
29
പന്ത്രണ്ടു മാസം കഴിഞ്ഞിട്ടു അവൻ ബാബേലിലെ രാജമന്ദിരത്തിന്മേൽ ഉലാവിക്കൊണ്ടിരുന്നു.
30
ഇതു ഞാൻ എന്റെ ധനമാഹാത്മ്യത്താൽ എന്റെ പ്രതാപമഹത്വത്തിന്നായിട്ടു രാജധാനിയായി പണിത മഹതിയാം ബാബേൽ അല്ലയോ എന്നു രാജാവു പറഞ്ഞുതുടങ്ങി.
31
ഈ വാക്കു രാജാവിന്റെ വായിൽ ഇരിക്കുമ്പോൾ തന്നേ, സ്വൎഗ്ഗത്തിൽനിന്നു ഒരു ശബ്ദം ഉണ്ടായതെന്തെന്നാൽ: നെബൂഖദ്നേസർരാജാവേ, നിന്നോടു ഇതു കല്പിക്കുന്നു: രാജത്വം നിന്നെ വിട്ടു നീങ്ങിയിരിക്കുന്നു.
32
നിന്നെ മനുഷ്യരുടെ ഇടയിൽനിന്നു നീക്കിക്കളയും; നിന്റെ പാൎപ്പു കാട്ടിലെ മൃഗങ്ങളോടുകൂടെ ആയിരിക്കും; നിന്നെ കാളയെപ്പോലെ പുല്ലു തീറ്റും; അത്യുന്നതനായവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും ചെയ്യുന്നു എന്നു നീ അറിയുന്നതുവരെ നിനക്കു ഏഴു കാലം കഴിയും.
33
ഉടൻ തന്നേ ആ വാക്കു നെബൂഖദ്നേസരിന്നു നിവൃത്തിയായി; അവനെ മനുഷ്യരുടെ ഇടയിൽ നിന്നു നീക്കിക്കളഞ്ഞു; അവന്റെ രോമം കഴുകന്റെ തൂവൽപോലെയും അവന്റെ നഖം പക്ഷിയുടെ നഖംപോലെയും വളരുന്നതുവരെ, അവൻ കാള എന്നപോലെ പുല്ലു തിന്നുകയും അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനയുകയും ചെയ്തു.
34
ആ കാലം കഴിഞ്ഞിട്ടു നെബൂഖദ്നേസർ എന്ന ഞാൻ സ്വൎഗ്ഗത്തേക്കു കണ്ണുയൎത്തി എന്റെ ബുദ്ധിയും എനിക്കു മടങ്ങിവന്നു; ഞാൻ അത്യുന്നതനായവനെ വാഴ്ത്തി, എന്നേക്കും ജീവിച്ചിരിക്കുന്നവനെ സ്മരിച്ചു ബഹുമാനിക്കയും ചെയ്തു; അവന്റെ ആധിപത്യം എന്നേക്കുമുള്ള ആധിപത്യവും അവന്റെ രാജത്വം തലമുറതലമുറയായുള്ളതും അല്ലോ.
35
അവൻ സൎവ്വഭൂവാസികളെയും നാസ്തിയായി എണ്ണുന്നു; സ്വൎഗ്ഗീയ സൈന്യത്തോടും ഭൂവാസികളോടും ഇഷ്ടംപോലെ പ്രവൎത്തിക്കുന്നു; അവന്റെ കൈ തടുപ്പാനോ നീ എന്തു ചെയ്യുന്നു എന്നു അവനോടു ചോദിപ്പാനോ ആൎക്കും കഴികയില്ല.
36
ആ നേരത്തു തന്നേ എന്റെ ബുദ്ധി മടങ്ങിവന്നു; എന്റെ രാജത്വത്തിന്റെ മഹത്വത്തിന്നായി എന്റെ മഹിമയും മുഖപ്രകാശവും മടങ്ങിവന്നു; എന്റെ മന്ത്രിമാരും മഹത്തുക്കളും എന്നെ അന്വേഷിച്ചു; ഞാൻ എന്റെ രാജത്വത്തിൽ യഥാസ്ഥാനപ്പെട്ടു, ശ്രേഷ്ഠമഹത്വം എനിക്കു അധികമായി സിദ്ധിച്ചു.
ബൈബിൾ പാഠം: Sathyavedapusthakam 1910, contemporary orthography · Malayalam Bible 1910 – Revised and in Contemporary Orthography, © 2015 The Free Bible Foundation · CC BY-SA 4.0
Settings