Skip to content
ദാനീയേല്‍ 4:19-27

ദാനീയേല്‍ 4:19-27

19
അപ്പോൾ ബേല്ത്ത് ശസ്സർ എന്നും പേരുള്ള ദാനീയേൽ കുറെ നേരത്തേക്കു സ്തംഭിച്ചിരുന്നു; അവൻ വിചാരങ്ങളാൽ പരവശനായി. രാജാവു അവനോടു: ബേല്ത്ത് ശസ്സരേ, സ്വപ്നവും അതിന്റെ അൎത്ഥവുംനിമിത്തം നീ പരവശനാകരുതേ എന്നു കല്പിച്ചു. ബേല്ത്ത ശസ്സർ ഉത്തരം പറഞ്ഞതു: യജമാനനേ, സ്വപ്നം തിരുമനസ്സിലെ ശത്രുക്കൾക്കും അതിന്റെ അൎത്ഥം തിരുമനസ്സിലെ വൈരികൾക്കും ഭവിക്കട്ടെ.
20
വളൎന്നു ബലപ്പെട്ടതും ആകാശത്തോളം ഉയരമുള്ളതും ഭൂമിയിൽ എല്ലാടത്തുനിന്നും കാണാകുന്നതും
21
ഭംഗിയുള്ള ഇലയും അനവധി ഫലവും എല്ലാവൎക്കും ആഹാരവും ഉള്ളതും കീഴെ കാട്ടുമൃഗങ്ങൾ വസിച്ചതും കൊമ്പുകളിൽ ആകാശത്തിലെ പക്ഷികൾക്കു പാൎപ്പിടം ഉണ്ടായിരുന്നതുമായി കണ്ട വൃക്ഷം,
22
രാജാവേ, വൎദ്ധിച്ചു ബലവാനായി തീൎന്നിരിക്കുന്ന തിരുമേനി തന്നേ; തിരുമനസ്സിലെ മഹത്വം വൎദ്ധിച്ചു ആകാശംവരെയും ആധിപത്യം ഭൂമിയുടെ അറുതിവരെയും എത്തിയിരിക്കുന്നു.
23
ഒരു ദൂതൻ, ഒരു പരിശുദ്ധൻ തന്നേ, സ്വൎഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു: വൃക്ഷത്തെ വെട്ടിയിട്ടു നശിപ്പിച്ചുകളവിൻ; എങ്കിലും അതിന്റെ തായ് വേർ വയലിലെ ഇളമ്പുല്ലിൽ ഇരിമ്പും താമ്രവും കൊണ്ടുള്ള ബന്ധനത്തോടുകൂടെ ഭൂമിയിൽ വെച്ചേക്കുവിൻ; അവൻ ആകാശത്തിലെ മഞ്ഞുകൊണ്ടു നനയട്ടെ; അവന്നു ഏഴുകാലം കഴിയുന്നതുവരെ അവന്റെ ഉപജീവനം കാട്ടുമൃഗങ്ങളോടുകൂടെ ആയിരിക്കട്ടെ എന്നിങ്ങനെ പറയുന്നതു രാജാവു കണ്ടുവല്ലോ.
24
രാജാവേ, അതിന്റെ അൎത്ഥം ഇതാകുന്നു; എന്റെ യജമാനനായ രാജാവിന്റെമേൽ വരുന്ന അത്യുന്നതനായവന്റെ വിധി ഇതു തന്നേ;
25
തിരുമേനിയെ മനുഷ്യരുടെ ഇടയിൽനിന്നു നീക്കിക്കളയും; തിരുമനസ്സിലെ വാസം കാട്ടുമൃഗങ്ങളോടുകൂടെയാകും. തിരുമേനിയെ കാളയെപ്പോലെ പുല്ലു തീറ്റും; തിരുമേനി ആകാശത്തിലെ മഞ്ഞുകൊണ്ടു നനയും; മനുഷ്യരുടെ രാജത്വത്തിന്മേൽ അത്യുന്നതനായവൻ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും ചെയ്യുന്നുവെന്നു തിരുമനസ്സുകൊണ്ടു അറിയുന്നതുവരെ ഏഴു കാലം കഴിയും.
26
വൃക്ഷത്തിന്റെ തായ് വേർ വെച്ചേക്കുവാൻ അവർ കല്പിച്ചതോ: വാഴുന്നതു സ്വൎഗ്ഗമാകുന്നു എന്നു തിരുമനസ്സുകൊണ്ടു ഗ്രഹിച്ചശേഷം രാജത്വം തിരുമേനിക്കു സ്ഥിരമാകും എന്നത്രേ.
27
ആകയാൽ രാജാവേ, എന്റെ ആലോചന തിരുമനസ്സിലേക്കു പ്രസാദമായിരിക്കട്ടെ; നീതിയാൽ പാപങ്ങളെയും ദരിദ്രന്മാൎക്കു കൃപകാട്ടുന്നതിനാൽ അകൃത്യങ്ങളെയും പരിഹരിച്ചുകൊൾക; അതിനാൽ പക്ഷേ തിരുമനസ്സിലെ സുഖകാലം ദീൎഘമായി നില്ക്കും.
Settings

Reading Style

Typeface

Font Size 19px

Options