2 ദിനവൃത്താന്തം 8:1-14
1
ശലോമോൻ യഹോവയുടെ ആലയവും തന്റെ അരമനയും ഇരുപതു സംവത്സരം കൊണ്ടു പണിതശേഷം
2
ഹൂരാം ശലോമോന്നു കൊടുത്ത പട്ടണങ്ങളെ ശലോമോൻ പണിതുറപ്പിച്ചു അവിടെ യിസ്രായേല്യരെ പാൎപ്പിച്ചു.
3
അനന്തരം ശലോമോൻ ഹമാത്ത്-സോബയിലേക്കു പോയി അതിനെ ജയിച്ചു;
4
അവൻ മരുഭൂമിയിൽ തദ്മോരും ഹമാത്തിൽ അവൻ പണിതിരുന്ന സംഭാരനഗരങ്ങളുമെല്ലാം ഉറപ്പിച്ചു.
5
അവൻ മേലത്തെ ബേത്ത്-ഹോരോനും താഴത്തെ ബേത്ത്-ഹോരോനും മതിലുകളോടും വാതിലുകളോടും ഓടാമ്പലുകളോടും കൂടിയ ഉറപ്പുള്ള പട്ടണങ്ങളായും
6
ബാലാത്തും ശലോമോന്നുണ്ടായിരുന്ന സകല സംഭാരനഗരങ്ങളും സകലരഥനഗരങ്ങളും കുതിരച്ചേവകൎക്കുള്ള പട്ടണങ്ങളും യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്തു എല്ലാടവും പണിവാൻ ശലോമോൻ ആഗ്രഹിച്ചതൊക്കെയും പണിതു.
7
ഹിത്യർ, അമോൎയ്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യിസ്രായേലിൽ ഉൾപ്പെടാത്ത ശേഷിപ്പുള്ള സകലജനത്തെയും
8
യിസ്രായേല്യർ സംഹരിക്കാതെ പിന്നീടും ദേശത്തു ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോൻ ഇന്നുവരെയും ഊഴിയവേലക്കാരാക്കി.
9
യിസ്രായേല്യരിൽനിന്നോ ശലോമോൻ ആരെയും തന്റെ വേലക്കു ദാസന്മാരാക്കിയില്ല; അവർ യോദ്ധാക്കളും അവന്റെ സേനാനായകശ്രേഷ്ഠന്മാരും രഥങ്ങൾക്കും കുതിരച്ചേവകൎക്കും അധിപന്മാരും ആയിരുന്നു.
10
ശലോമോൻരാജാവിന്റെ പ്രധാന ഉദ്യോഗസ്ഥന്മാരും ജനത്തിന്റെ മേൽവിചാരകന്മാരുമായ ഇവർ ഇരുനൂറ്റമ്പതുപേർ ആയിരുന്നു.
11
ശലോമോൻ ഫറവോന്റെ മകളെ ദാവീദിന്റെ നഗരത്തിൽനിന്നു താൻ അവൾക്കു വേണ്ടി പണിത അരമനയിൽ കൊണ്ടുപോയി പാൎപ്പിച്ചു; യിസ്രായേൽരാജാവായ ദാവീദിന്റെ അരമനയിൽ എന്റെ ഭാൎയ്യ പാൎക്കരുതു; യഹോവയുടെ പെട്ടകം അവിടെ വന്നിരിക്കയാൽ അതു വിശുദ്ധമല്ലോ എന്നു അവൻ പറഞ്ഞു.
12
ശലോമോൻ താൻ മണ്ഡപത്തിന്നു മുമ്പിൽ പണിത യഹോവയുടെ യാഗപീഠത്തിന്മേൽ
13
അതതു ദിവസത്തേക്കു വേണ്ടിയിരുന്നതുപോലെ മോശെയുടെ കല്പനപ്രകാരം ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തിൽ, വാരോത്സവത്തിൽ, കൂടാരങ്ങളുടെ ഉത്സവത്തിൽ ഇങ്ങനെ ആണ്ടിൽ മൂന്നു പ്രാവശ്യവും യഹോവെക്കു ഹോമയാഗങ്ങളെ കഴിച്ചുപോന്നു.
14
അവൻ തന്റെ അപ്പനായ ദാവീദിന്റെ നിയമപ്രകാരം പുരോഹിതന്മാരുടെ കൂറുകളെ അവരുടെ ശുശ്രൂഷെക്കും അതതു ദിവസം വേണ്ടിയിരുന്നതുപോലെ സ്തോത്രം ചെയ്വാനും പുരോഹിതന്മാരുടെ മുമ്പിൽ ശുശ്രൂഷിപ്പാനും ലേവ്യരെ അവരുടെ പ്രവൃത്തികൾക്കും വാതിൽകാവല്ക്കാരെ അവരുടെ കൂറുകൾക്കൊത്തവണ്ണം അതതു വാതിലിന്നു നിയമിച്ചു; ഇങ്ങനെയായിരുന്നു ദൈവപുരുഷനായ ദാവീദിന്റെ കല്പന.
ബൈബിൾ പാഠം: Sathyavedapusthakam 1910, contemporary orthography · Malayalam Bible 1910 – Revised and in Contemporary Orthography, © 2015 The Free Bible Foundation · CC BY-SA 4.0
Settings