1 ശമൂവേല്‍ 4:5-18
5
യഹോവയുടെ നിയമപെട്ടകം പാളയത്തിൽ എത്തിയപ്പോൾ ഭൂമി കുലുങ്ങുംവണ്ണം യിസ്രായേലെല്ലാം ഉച്ചത്തിൽ ആൎപ്പിട്ടു.
6
ഫെലിസ്ത്യർ ആൎപ്പിന്റെ ഒച്ച കേട്ടിട്ടു: എബ്രായരുടെ പാളയത്തിൽ ഈ വലിയ ആൎപ്പിന്റെ കാരണം എന്തു എന്നു അന്വേഷിച്ചു, യഹോവയുടെ പെട്ടകം പാളയത്തിൽ വന്നിരിക്കുന്നു എന്നു ഗ്രഹിച്ചു.
7
ദൈവം പാളയത്തിൽ വന്നിരിക്കുന്നു എന്നു ഫെലിസ്ത്യർ പറഞ്ഞു ഭയപ്പെട്ടു: നമുക്കു അയ്യോ കഷ്ടം! ഇങ്ങനെ ഒരു കാൎയ്യം ഇതുവരെ ഉണ്ടായിട്ടില്ല.
8
നമുക്കു അയ്യോ കഷ്ടം! ശക്തിയുള്ള ഈ ദൈവത്തിന്റെ കയ്യിൽനിന്നു നമ്മെ ആർ രക്ഷിക്കും? മിസ്രയീമ്യരെ മരുഭൂമിയിൽ സകലവിധബാധകളാലും ബാധിച്ച ദൈവം ഇതു തന്നേ.
9
ഫെലിസ്ത്യരേ, ധൈൎയ്യം പൂണ്ടു പുരുഷത്വം കാണിപ്പിൻ; എബ്രായർ നിങ്ങൾക്കു ദാസന്മാരായിരുന്നതുപോലെ നിങ്ങൾ അവൎക്കു ആകരുതു; പുരുഷത്വം കാണിച്ചു പൊരുതുവിൻ എന്നു പറഞ്ഞു.
10
അങ്ങനെ ഫെലിസ്ത്യർ പട തുടങ്ങിയപ്പോൾ യിസ്രായേൽ തോറ്റു; ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു ഓടി; യിസ്രായേലിൽ മുപ്പതിനായിരം കാലാൾ വീണുപോകത്തക്കവണ്ണം ഒരു മഹാ സംഹാരം ഉണ്ടായി.
11
ദൈവത്തിന്റെ പെട്ടകം പിടിപെട്ടു; ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടു പോയി.
12
പോൎക്കളത്തിൽനിന്നു ഒരു ബെന്യാമീന്യൻ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു ഓടി അന്നു തന്നെ ശീലോവിൽ വന്നു.
13
അവൻ വരുമ്പോൾ ഏലി നോക്കിക്കൊണ്ടു വഴിയരികെ തന്റെ ആസനത്തിൽ ഇരിക്കയായിരുന്നു; ദൈവത്തിന്റെ പെട്ടകത്തെക്കുറിച്ചു അവന്റെ ഹൃദയം വ്യാകുലപ്പെട്ടിരുന്നു; ആ മനുഷ്യൻ പട്ടണത്തിൽ എത്തി വസ്തുത പറഞ്ഞപ്പോൾ പട്ടണത്തിലെല്ലാം നിലവിളിയായി.
14
ഏലി നിലവിളികേട്ടപ്പോൾ ഈ ആരവം എന്തു എന്നു ചോദിച്ചു. ആ മനുഷ്യൻ ബദ്ധപ്പെട്ടു വന്നു ഏലിയോടും അറിയിച്ചു.
15
ഏലിയോ തൊണ്ണൂറ്റെട്ടു വയസ്സുള്ളവനും കാണ്മാൻ വഹിയാതവണ്ണം കണ്ണു മങ്ങിയവനും ആയിരുന്നു.
16
ആ മനുഷ്യൻ ഏലിയോടു: ഞാൻ പോൎക്കളത്തിൽനിന്നു വന്നവൻ ആകുന്നു; ഇന്നു തന്നേ ഞാൻ പോൎക്കളത്തിൽനിന്നു ഓടിപ്പോന്നു എന്നു പറഞ്ഞു. വൎത്തമാനം എന്താകുന്നു, മകനേ, എന്നു അവൻ ചോദിച്ചു.
17
അതിന്നു ആ ദൂതൻ: യിസ്രായേൽ ഫെലിസ്ത്യരുടെ മുമ്പിൽ തോറ്റോടി; ജനത്തിൽ ഒരു മഹാസംഹാരം ഉണ്ടായി; നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടുപോയി; ദൈവത്തിന്റെ പെട്ടകവും പിടിപെട്ടുപോയി എന്നു പറഞ്ഞു.
18
അവൻ ദൈവത്തിന്റെ പെട്ടകത്തിന്റെ വസ്തുത പറഞ്ഞപ്പോൾ ഏലി പടിവാതില്ക്കൽ ആസനത്തിൽനിന്നു പിറകോട്ടു വീണു കഴുത്തൊടിഞ്ഞു മരിച്ചു; അവൻ വൃദ്ധനും സ്ഥൂലിച്ചവനും ആയിരുന്നു. അവൻ നാല്പതു സംവത്സരം യിസ്രായേലിന്നു ന്യായപാലനം ചെയ്തു.
Settings