Skip to content
1 ശമൂവേല്‍ 1:1-20

1 ശമൂവേല്‍ 1:1-20

1
എഫ്രയീം മലനാട്ടിലെ രാമാഥയീം-സോഫീമിൽ എല്ക്കാനാ എന്നു പേരുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു; അവൻ എലീഹൂവിന്റെ മകനായ യെരോഹാമിന്റെ മകൻ ആയിരുന്നു; എലീഹൂ എഫ്രയീമ്യനായ സൂഫിന്റെ മകനായ തോഹൂവിന്റെ മകൻ ആയിരുന്നു.
2
എല്ക്കാനെക്കു രണ്ടു ഭാൎയ്യമാർ ഉണ്ടായിരുന്നു; ഒരുത്തിക്കു ഹന്നാ എന്നും മറ്റേവൾക്കു പെനിന്നാ എന്നും പേർ; പെനിന്നെക്കു മക്കൾ ഉണ്ടായിരുന്നു; ഹന്നെക്കോ മക്കൾ ഇല്ലായിരുന്നു.
3
അവൻ ശീലോവിൽ സൈന്യങ്ങളുടെ യഹോവയെ നമസ്കരിപ്പാനും അവന്നു യാഗം കഴിപ്പാനും തന്റെ പട്ടണത്തിൽനിന്നു ആണ്ടുതോറും ശീലോവിലേക്കു പോക പതിവായിരുന്നു; ഏലിയുടെ രണ്ടു പുത്രന്മാരായി യഹോവെക്കു പുരോഹിതന്മാരായിരുന്ന ഹൊഫ്നിയും ഫീനെഹാസും അവിടെ ഉണ്ടായിരുന്നു.
4
എല്ക്കാനാ യാഗം കഴിക്കുമ്പോൾ ഒക്കെയും തന്റെ ഭാൎയ്യയായ പെനിന്നെക്കും അവളുടെ സകലപുത്രന്മാൎക്കും പുത്രിമാൎക്കും ഓഹരി കൊടുക്കും.
5
ഹന്നെക്കോ അവൻ ഹന്നയെ സ്നേഹിക്കകൊണ്ടു ഇരട്ടി ഓഹരി കൊടുക്കും. എന്നാൽ യഹോവ അവളുടെ ഗൎഭം അടെച്ചിരിന്നു.
6
യഹോവ അവളുടെ ഗൎഭം അടെച്ചിരുന്നതിനാൽ അവളുടെ പ്രതിയോഗി അവളെ വ്യസനിപ്പിപ്പാൻ തക്കവണ്ണം വളരെ മുഷിപ്പിച്ചു.
7
അവൾ യഹോവയുടെ ആലയത്തിലേക്കു പോകുന്ന സമയത്തൊക്കെയും ആണ്ടുതോറും അവൾ അങ്ങനെ ചെയ്തുപോന്നു. അവൾ അവളെ മുഷിപ്പിച്ചതുകൊണ്ടു അവൾ കരഞ്ഞു പട്ടിണികിടന്നു.
8
അവളുടെ ഭൎത്താവായ എല്ക്കാനാ അവളോടു: ഹന്നേ, നീ എന്തിന്നു കരയുന്നു? എന്തിന്നു പട്ടിണികിടക്കുന്നു? നീ വ്യസനിക്കുന്നതു എന്തു? ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ നന്നല്ലയോ എന്നു പറഞ്ഞു.
9
അവർ ശീലോവിൽവെച്ചു തിന്നുകയും കുടിക്കയും ചെയ്തശേഷം ഹന്നാ എഴുന്നേറ്റു പോയി. പുരോഹിതനായ ഏലി യഹോവയുടെ മന്ദിരത്തിന്റെ വാതില്ക്കൽ ആസനത്തിൽ ഇരിക്കയായിരുന്നു.
10
അവൾ മനോവ്യസനത്തോടെ യഹോവയോടു പ്രാൎത്ഥിച്ചു വളരെ കരഞ്ഞു.
11
അവൾ ഒരു നേൎച്ച നേൎന്നു; സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഓൎക്കയും അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നല്കുകയും ചെയ്താൽ അടിയൻ അവനെ അവന്റെ ജീവപൎയ്യന്തം യഹോവെക്കു കൊടുക്കും; അവന്റെ തലയിൽ ക്ഷൌരക്കത്തി തൊടുകയുമില്ല എന്നു പറഞ്ഞു.
12
ഇങ്ങനെ അവൾ യഹോവയുടെ സന്നിധിയിൽ പ്രാൎത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ഏലി അവളുടെ വായെ സൂക്ഷിച്ചു നോക്കി.
13
ഹന്നാ ഹൃദയംകൊണ്ടു സംസാരിച്ചതിനാൽ അവളുടെ അധരം അനങ്ങിയതല്ലാതെ ശബ്ദം കേൾപ്പാനില്ലായിരുന്നു; ആകയാൽ അവൾക്കു ലഹരിപിടിച്ചിരിക്കുന്നു എന്നു ഏലിക്കു തോന്നിപ്പോയി.
14
ഏലി അവളോടു: നീ എത്രത്തോളം ലഹരിപിടിച്ചിരിക്കും? നിന്റെ വീഞ്ഞു ഇറങ്ങട്ടെ എന്നു പറഞ്ഞു.
15
അതിന്നു ഹന്നാ ഉത്തരം പറഞ്ഞതു: അങ്ങനെയല്ല, യജമാനനേ; ഞാൻ മനോവ്യസനമുള്ളൊരു സ്ത്രീ; ഞാൻ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല; യഹോവയുടെ സന്നിധിയിൽ എന്റെ ഹൃദയം പകരുകയത്രേ ചെയ്തതു.
16
അടിയനെ ഒരു നീചസ്ത്രീയായി വിചാരിക്കരുതേ; അടിയൻ സങ്കടത്തിന്റെയും വ്യസനത്തിന്റെയും ആധിക്യംകൊണ്ടാകുന്നു സംസാരിച്ചതു.
17
അതിന്നു ഏലി: സമാധാനത്തോടെ പൊയ്ക്കൊൾക; യിസ്രായേലിന്റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവൻ നിനക്കു നല്കുമാറാകട്ടെ എന്നു ഉത്തരം പറഞ്ഞു.
18
അടിയന്നു തൃക്കണ്ണിൽ കൃപ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു സ്ത്രീ തന്റെ വഴിക്കു പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖം പിന്നെ വാടിയതുമില്ല.
19
അനന്തരം അവർ അതികാലത്തു എഴുന്നേറ്റു യഹോവയുടെ സന്നിധിയിൽ നമസ്കരിച്ചശേഷം രാമയിൽ തങ്ങളുടെ വീട്ടിലേക്കു പോയി. എന്നാൽ എല്ക്കാനാ തന്റെ ഭാൎയ്യയായ ഹന്നയെ പരിഗ്രഹിച്ചു; യഹോവ അവളെ ഓൎത്തു.
20
ഒരു ആണ്ടു കഴിഞ്ഞിട്ടു ഹന്നാ ഗൎഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; ഞാൻ അവനെ യഹോവയോടു അപേക്ഷിച്ചുവാങ്ങി എന്നു പറഞ്ഞു അവന്നു ശമൂവേൽ എന്നു പേരിട്ടു.
Settings

Reading Style

Typeface

Font Size 19px

Options