ഉള്ളടക്കത്തിലേക്ക് പോകുക

Artaxerxes സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ

18 വാക്യങ്ങൾ · 2 വശങ്ങൾ

പ്രധാന ബൈബിൾ വാക്യങ്ങൾ

  1. അൎത്ഥഹ്ശഷ്ടാവിന്റെ കാലത്തു ബിശ്ലാമും മിത്രെദാത്തും താബെയേലും ശേഷം അവരുടെ കൂട്ടക്കാരും പാൎസിരാജാവായ അൎത്ഥഹ്ശഷ്ടാവിന്നു ഒരു പത്രിക എഴുതി അയച്ചു; പത്രിക അരാമ്യാക്ഷരത്തിൽ, അരാമ്യഭാഷയിൽ തന്നേ എഴുതിയിരുന്നു.

  2. ധൎമ്മാദ്ധ്യക്ഷനായ രെഹൂമും രായസക്കാരനായ ശിംശായിയും യെരൂശലേമിന്നു വിരോധമായി അൎത്ഥഹ്ശഷ്ടാരാജാവിന്നു ഒരു പത്രിക എഴുതി അയച്ചു.

  3. ധൎമ്മാദ്ധ്യക്ഷൻ രെഹൂമും രായസക്കാരൻ ശിംശായിയും ശേഷം അവരുടെ കൂട്ടക്കാരായ ദീന്യർ, അഫർസത്യർ, തർപ്പേല്യർ, അഫർസ്യർ, അർക്കവ്യർ, ബാബേല്യർ, ശൂശന്യർ, ദേഹാവ്യർ, ഏലാമ്യർ എന്നിവരും

  4. മഹാനും ശ്രേഷ്ഠനുമായ അസ്നപ്പാർ പിടിച്ചു കൊണ്ടുവന്നു ശമൎയ്യാപട്ടണങ്ങളിലും നദിക്കു ഇക്കരെ മറ്റു ദിക്കുകളിലും പാൎപ്പിച്ചിരിക്കുന്ന ശേഷംജാതികളും ഇത്യാദി.

  5. അവർ അൎത്ഥഹ്ശഷ്ടാരാജാവിന്നു അയച്ച പത്രികയുടെ പകൎപ്പു എന്തെന്നാൽ: നദിക്കു ഇക്കരെയുള്ള നിന്റെ ദാസന്മാരായ പുരുഷന്മാർ ഇത്യാദി രാജാവു ബോധിപ്പാൻ:

  6. തിരുമുമ്പിൽനിന്നു പുറപ്പെട്ടു ഞങ്ങളുടെ അടുക്കൽ യെരൂശലേമിൽ വന്നിരിക്കുന്ന യെഹൂദന്മാർ മത്സരവും ദുഷ്ടതയുമുള്ള ആ പട്ടണം പണികയും അതിന്റെ മതിലുകൾ കെട്ടുകയും അടിസ്ഥാനങ്ങൾ നന്നാക്കുകയും ചെയ്യുന്നു.

  7. പട്ടണം പണിതു മതിലുകൾ കെട്ടിത്തീൎന്നാൽ അവർ കരമോ നികുതിയോ ചുങ്കമോ ഒന്നും അടെക്കയില്ല; അങ്ങനെ ഒടുവിൽ അവർ രാജാക്കന്മാൎക്കു നഷ്ടം വരുത്തും എന്നു രാജാവിന്നു ബോധിച്ചിരിക്കേണം.

  8. എന്നാൽ ഞങ്ങൾ കോവിലകത്തെ ഉപ്പു തിന്നുന്നവരാകയാലും രാജാവിന്നു അപമാനം വരുന്നതു കണ്ടുകൊണ്ടിരിക്കുന്നതു ഞങ്ങൾക്കു ഉചിതമല്ലായ്കയാലും ഞങ്ങൾ ആളയച്ചു രാജാവിനെ ഇതു ബോധിപ്പിച്ചുകൊള്ളുന്നു.

  9. അവിടത്തെ പിതാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ നോക്കിയാൽ ഈ പട്ടണം മത്സരവും രാജാക്കന്മാൎക്കും സംസ്ഥാനങ്ങൾക്കും ഉപദ്രവവും ഉള്ള പട്ടണം എന്നും അതിൽ അവർ പുരാതനമേ കലഹം ഉണ്ടാക്കിയതിനാൽ ഈ പട്ടണം നശിച്ചുകിടക്കുന്നു എന്നും വൃത്താന്തപുസ്തകത്തിൽനിന്നു അറിവാറാകും.

  10. ഈ പട്ടണം പണികയും അതിന്റെ മതിലുകൾ കെട്ടിത്തീരുകയും ചെയ്താൽ അതു നിമിത്തം അവിടത്തേക്കു നദിക്കു ഇക്കരെ ഒരു അവകാശവും ഉണ്ടായിരിക്കയില്ലെന്നു രാജാവിനെ ഉണൎത്തിച്ചുകൊള്ളുന്നു.

  11. അതിന്നു രാജാവു ധൎമ്മാദ്ധ്യക്ഷനായ രെഹൂമിന്നും രായസക്കാരനായ ശിംശായിക്കും ശമൎയ്യാനിവാസികളായ അവരുടെ കൂട്ടക്കാൎക്കും നദിക്കും അക്കരെയുള്ള ശേഷംപേൎക്കും മറുപടി എഴുതി അയച്ചതു എന്തെന്നാൽ: നിങ്ങൾക്കു കുശലം ഇത്യാദി;

  12. നിങ്ങൾ കൊടുത്തയച്ച പത്രിക നമ്മുടെ സന്നിധിയിൽ വ്യക്തമായി വായിച്ചുകേട്ടു.

  13. നാം കല്പന കൊടുത്തിട്ടു അവർ ശോധനചെയ്തു നോക്കിയപ്പോൾ ആ പട്ടണം പുരാതനമേ രാജാക്കന്മാരോടു എതിൎത്തുനില്ക്കുന്നതു എന്നും അതിൽ മത്സരവും കലഹവും ഉണ്ടായിരുന്നു എന്നും

  14. യെരൂശലേമിൽ ബലവാന്മാരായ രാജാക്കന്മാർ ഉണ്ടായിരുന്നു; അവർ നദിക്കു അക്കരെയുള്ള നാടൊക്കെയും വാണു കരവും നികുതിയും ചുങ്കവും വാങ്ങിവന്നു എന്നും കണ്ടിരിക്കുന്നു.

  15. ആകയാൽ നാം മറ്റൊരു കല്പന അയക്കുന്നതുവരെ അവർ പട്ടണം പണിയുന്നതു നിൎത്തിവെക്കേണ്ടതിന്നു ആജ്ഞാപിപ്പിൻ.

  16. നിങ്ങൾ അതിൽ ഉപേക്ഷചെയ്യാതെ ജാഗ്രതയായിരിപ്പിൻ; രാജാക്കന്മാൎക്കു നഷ്ടവും ഹാനിയും വരരുതു.

  17. അൎത്ഥഹ് ശഷ്ടാരാജാവിന്റെ എഴുത്തിന്റെ പകൎപ്പു രെഹൂമും രായസക്കാരനായ ശിംശായിയും അവരുടെ കൂട്ടക്കാരും വായിച്ചു കേട്ടശേഷം അവർ യെരൂശലേമിൽ യെഹൂദന്മാരുടെ അടുക്കൽ ബദ്ധപ്പെട്ടു ചെന്നു ബലാല്ക്കാരത്തോടെ അവരെ ഹേമിച്ചു പണി മുടക്കി.

  18. അങ്ങനെ യെരൂശലേമിലെ ദൈവാലയത്തിന്റെ പണി മുടങ്ങി; പാൎസിരാജാവായ ദാൎയ്യാവേശിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടുവരെ പണി മുടങ്ങിക്കിടന്നു.