സദൃശവാക്യങ്ങള് 24:1-25
1
ദുഷ്ടന്മാരോടു അസൂയപ്പെടരുതു; അവരോടുകൂടെ ഇരിപ്പാൻ ആഗ്രഹിക്കയുമരുതു.
2
അവരുടെ ഹൃദയം സാഹസം ചിന്തിക്കുന്നു; അവരുടെ അധരം വേണ്ടാതനം പറയുന്നു.
3
ജ്ഞാനംകൊണ്ടു ഭവനം പണിയുന്നു; വിവേകംകൊണ്ടു അതു സ്ഥിരമായിവരുന്നു.
4
പരിജ്ഞാനംകൊണ്ടു അതിന്റെ മുറികളിൽ വലിയേറിയതും മനോഹരവുമായ സകല സമ്പത്തും നിറഞ്ഞുവരുന്നു.
5
ജ്ഞാനിയായ പുരുഷൻ ബലവാനാകുന്നു; പരിജ്ഞാനമുള്ളവൻ ബലം വൎദ്ധിപ്പിക്കുന്നു.
6
ഭരണസാമൎത്ഥ്യത്തോടെ നീ യുദ്ധം നടത്തി ജയിക്കും; മന്ത്രിമാരുടെ ബഹുത്വത്തിൽ രക്ഷയുണ്ടു.
7
ജ്ഞാനം ഭോഷന്നു അത്യുന്നതമായിരിക്കുന്നു; അവൻ പട്ടണവാതില്ക്കൽ വായ് തുറക്കുന്നില്ല.
8
ദോഷം ചെയ്വാൻ നിരൂപിക്കുന്നവനെ ദുഷ്കൎമ്മി എന്നു പറഞ്ഞുവരുന്നു;
9
ഭോഷന്റെ നിരൂപണം പാപം തന്നേ; പരിഹാസി മനുഷ്യൎക്കു വെറുപ്പാകുന്നു.
10
കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ നിന്റെ ബലം നഷ്ടം തന്നേ.
11
മരണത്തിന്നു കൊണ്ടുപോകുന്നവരെ വിടുവിക്ക; കുലെക്കായി വിറെച്ചു ചെല്ലുന്നവരെ രക്ഷിപ്പാൻ നോക്കുക.
12
ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്നു നീ പറഞ്ഞാൽ ഹൃദയങ്ങളെ തൂക്കിനോക്കുന്നവൻ ഗ്രഹിക്കയില്ലയോ? നിന്റെ പ്രാണനെ കാക്കുന്നവൻ അറികയില്ലയോ? അവൻ മനുഷ്യന്നു പ്രവൃത്തിക്കു തക്കവണ്ണം പകരം കൊടുക്കയില്ലയോ?
13
മകനേ, തേൻ തിന്നുക; അതു നല്ലതല്ലോ; തേങ്കട്ട നിന്റെ അണ്ണാക്കിന്നു മധുരമത്രേ.
14
ജ്ഞാനവും നിന്റെ ഹൃദയത്തിന്നു അങ്ങനെ തന്നേ എന്നറിക; നീ അതു പ്രാപിച്ചാൽ പ്രതിഫലം ഉണ്ടാകും; നിന്റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല.
15
ദുഷ്ടാ, നീ നീതിമാന്റെ പാൎപ്പിടത്തിന്നു പതിയിരിക്കരുതു; അവന്റെ വിശ്രാമസ്ഥലത്തെ നശിപ്പിക്കയുമരുതു.
16
നീതിമാൻ ഏഴുപ്രാവശ്യം വീണാലും എഴുന്നേല്ക്കും; ദുഷ്ടന്മാരോ അനൎത്ഥത്തിൽ നശിച്ചുപോകും.
17
നിന്റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുതു; അവൻ ഇടറുമ്പോൾ നിന്റെ ഹൃദയം ആനന്ദിക്കരുതു.
18
യഹോവ കണ്ടിട്ടു അവന്നു ഇഷ്ടക്കേടാകുവാനും തന്റെ കോപം അവങ്കൽനിന്നു മാറ്റിക്കളവാനും മതി.
19
ദുഷ്പ്രവൃത്തിക്കാർനിമിത്തം മുഷിയരുതു; ദുഷ്ടന്മാരോടു അസൂയപ്പെടുകയും അരുതു.
20
ദോഷിക്കു പ്രതിഫലമുണ്ടാകയില്ല; ദുഷ്ടന്റെ വിളക്കു കെട്ടുപോകും.
21
മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; മത്സരികളോടു ഇടപെടരുതു.
22
അവരുടെ ആപത്തു പെട്ടെന്നു വരും; രണ്ടു കൂട്ടൎക്കും വരുന്ന നാശം ആരറിയുന്നു?
23
ഇവയും ജ്ഞാനികളുടെ വാക്യങ്ങൾ. ന്യായവിസ്താരത്തിൽ മുഖദാക്ഷിണ്യം നന്നല്ല.
24
ദുഷ്ടനോടു നീ നീതിമാൻ എന്നു പറയുന്നവനെ ജാതികൾ ശപിക്കയും വംശങ്ങൾ വെറുക്കുകയും ചെയ്യും.
25
അവനെ ശാസിക്കുന്നവൎക്കോ നന്മ ഉണ്ടാകും; നല്ലോരനുഗ്രഹം അവരുടെ മേൽ വരും.
ബൈബിൾ പാഠം: Sathyavedapusthakam 1910, contemporary orthography · Malayalam Bible 1910 – Revised and in Contemporary Orthography, © 2015 The Free Bible Foundation · CC BY-SA 4.0
Settings