പുറപ്പാട് 18:1-12
1
ദൈവം മോശെക്കും തന്റെ ജനമായ യിസ്രായേലിന്നും വേണ്ടി ചെയ്തതു ഒക്കെയും യഹോവ യിസ്രായേലിനെ മിസ്രയീമിൽ നിന്നു പുറപ്പെടുവിച്ചതും മിദ്യാനിലെ പുരോഹിതനായി മോശെയുടെ അമ്മായപ്പനായ യിത്രോ കേട്ടു.
2
അപ്പോൾ മോശെയുടെ അമ്മായപ്പനായ യിത്രോ മോശെ മടക്കി അയച്ചിരുന്ന അവന്റെ ഭാൎയ്യ സിപ്പോറയെയും അവളുടെ രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടു പുറപ്പെട്ടു.
3
ഞാൻ അന്യദേശത്തു പരദേശിയായി എന്നു അവൻ പറഞ്ഞതുകൊണ്ടു അവരിൽ ഒരുത്തന്നു ഗേൎഷോം എന്നു പേർ.
4
എന്റെ പിതാവിന്റെ ദൈവം എനിക്കു തുണയായി എന്നെ ഫറവോന്റെ വാളിങ്കൽനിന്നു രക്ഷിച്ചു എന്നു അവൻ പറഞ്ഞതുകൊണ്ടു മററവന്നു എലീയേസെർ എന്നു പേർ.
5
എന്നാൽ മോശെയുടെ അമ്മായപ്പനായ യിത്രോ അവന്റെ പുത്രന്മാരോടും അവന്റെ ഭാൎയ്യയോടുംകൂടെ, മോശെ പാളയമിറങ്ങിയിരുന്ന മരുഭൂമിയിൽ ദൈവത്തിന്റെ പൎവ്വതത്തിങ്കൽ അവന്റെ അടുക്കൽ വന്നു.
6
നിന്റെ അമ്മായപ്പൻ യിത്രോ എന്ന ഞാനും നിന്റെ ഭാൎയ്യയും രണ്ടു പുത്രന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നു എന്നു അവൻ മോശെയോടു പറയിച്ചു.
7
മോശെ തന്റെ അമ്മായപ്പനെ എതിരേല്പാൻ ചെന്നു വണങ്ങി അവനെ ചുംബിച്ചു; അവർ തമ്മിൽ കുശലപ്രശ്നം ചെയ്തു കൂടാരത്തിൽ വന്നു.
8
മോശെ തന്റെ അമ്മായപ്പനോടു യഹോവ യിസ്രായേലിന്നുവേണ്ടി ഫറവോനോടും മിസ്രയീമ്യരോടും ചെയ്തതു ഒക്കെയും വഴിയിൽ തങ്ങൾക്കു നേരിട്ട പ്രയാസം ഒക്കെയും യഹോവ തങ്ങളെ രക്ഷിച്ചപ്രകാരവും വിവരിച്ചു പറഞ്ഞു.
9
യഹോവ മിസ്രയീമ്യരുടെ കയ്യിൽനിന്നു യിസ്രായേലിനെ വിടുവിച്ചതിനാൽ അവൎക്കു ചെയ്ത എല്ലാനന്മനിമിത്തവും യിത്രോ സന്തോഷിച്ചു.
10
യിത്രോ പറഞ്ഞതെന്തെന്നാൽ: നിങ്ങളെ മിസ്രയീമ്യരുടെ കയ്യിൽനിന്നും ഫറവോന്റെ കയ്യിൽനിന്നും രക്ഷിച്ചു മിസ്രയീമ്യരുടെ കൈക്കീഴിൽനിന്നു ജനത്തെ വിടുവിച്ചിരിക്കുന്ന യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ.
11
യഹോവ സകലദേവന്മാരിലും വലിയവൻ എന്നു ഞാൻ ഇപ്പോൾ അറിയുന്നു. അതേ, ഇവരോടു അവർ അഹങ്കരിച്ച കാൎയ്യത്തിൽ തന്നേ.
12
മോശെയുടെ അമ്മായപ്പനായ യിത്രോ ദൈവത്തിന്നു ഹോമവും ഹനനയാഗവും കഴിച്ചു; അഹരോനും യിസ്രായേൽമൂപ്പന്മാരെല്ലാവരും വന്നു മോശെയുടെ അമ്മായപ്പനോടുകൂടെ ദൈവസന്നിധിയിൽ ഭക്ഷണം കഴിച്ചു.
Settings