Skip to content
എസ്ഥേര്‍ 9:1-17

എസ്ഥേര്‍ 9:1-17

1
ആദാർമാസമായ പന്ത്രണ്ടാം മാസം പതിമ്മൂന്നാം തിയ്യതി രാജാവിന്റെ കല്പനയും തീൎപ്പും നടത്തുവാൻ അടുത്തപ്പോൾ യെഹൂദന്മാരുടെ ശത്രുക്കൾ അവരുടെ നേരെ പ്രാബല്യം പ്രാപിക്കും എന്നു ആശിച്ചതും നേരെ മറിച്ചു യെഹൂദന്മാൎക്കു തങ്ങളുടെ വൈരികളുടെ നേരെ പ്രാബല്യം പ്രാപിച്ചതുമായ ദിവസത്തിൽ തന്നേ
2
അഹശ്വേരോശ്‌രാജാവിന്റെ സകലസംസ്ഥാനങ്ങളിലും യെഹൂദന്മാർ തങ്ങളുടെ പട്ടണങ്ങളിൽ തങ്ങളോടു ദോഷം ചെയ്‌വാൻ ഭാവിച്ചവരെ കയ്യേറ്റം ചെയ്യേണ്ടതിന്നു ഒന്നിച്ചുകൂടി; അവരെയുള്ള പേടി സകലജാതികളുടെയുംമേൽ വീണിരുന്നതുകൊണ്ടു ആൎക്കും അവരോടു എതിൎത്തുനില്പാൻ കഴിഞ്ഞില്ല.
3
സകലസംസ്ഥാനപ്രഭുക്കന്മാരും രാജപ്രതിനിധികളും ദേശാധിപതികളും രാജാവിന്റെ കാൎയ്യക്കാരന്മാരും മൊൎദ്ദെഖായിയെയുള്ള പേടി അവരുടെമേൽ വീണിരുന്നതുകൊണ്ടു യെഹൂദന്മാൎക്കു സഹായം ചെയ്തു.
4
മൊൎദ്ദെഖായി രാജധാനിയിൽ മഹാൻ ആയിരുന്നു; മൊൎദ്ദെഖായി എന്ന പുരുഷൻ മേല്ക്കുമേൽ മഹാനായിത്തീൎന്നതുകൊണ്ടു അവന്റെ കീൎത്തി സകലസംസ്ഥാനങ്ങളിലും പരന്നു.
5
യെഹൂദന്മാർ തങ്ങളുടെ ശത്രുക്കളെ ഒക്കെയും വെട്ടിക്കൊന്നു മുടിച്ചുകളഞ്ഞു, തങ്ങളെ പകെച്ചവരോടു തങ്ങൾക്കു ബോധിച്ചതുപോലെ പ്രവൎത്തിച്ചു.
6
ശൂശൻരാജധാനിയിൽ യെഹൂദന്മാർ അഞ്ഞൂറുപേരെ കൊന്നുമുടിച്ചു.
7
പൎശൻദാഥാ, ദൽഫോൻ, അസ്പാഥാ,
8
പോറാഥാ, അദല്യാ, അരീദാഥാ,
9
പൎമ്മസ്ഥാ, അരീസായി, അരീദായി, വയെസാഥാ എന്നിങ്ങനെ ഹമ്മെദാഥയുടെ മകനായ യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ പത്തു പുത്രന്മാരെയും അവർ കൊന്നുകളഞ്ഞു.
10
എന്നാൽ കവൎച്ചെക്കു അവർ കൈ നീട്ടിയില്ല.
11
ശൂശൻരാജധാനിയിൽ അവർ കൊന്നവരുടെ സംഖ്യ അന്നു തന്നേ രാജസന്നിധിയിൽ കൊണ്ടുവന്നു.
12
അപ്പോൾ രാജാവു എസ്ഥേർരാജ്ഞിയോടു: യെഹൂദന്മാർ ശൂശൻ രാജധാനിയിൽ അഞ്ഞൂറുപേരെയും ഹാമാന്റെ പത്തു പുത്രന്മാരെയും കൊന്നുമുടിച്ചു; രാജാവിന്റെ മറ്റു സംസ്ഥാനങ്ങളിൽ അവർ എന്തു ചെയ്തിരിക്കും? ഇനിയും നിന്റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; ഇനിയും നിന്റെ ആഗ്രഹം എന്തു? അതു നിവൎത്തിച്ചുതരാം എന്നു പറഞ്ഞു.
13
അതിന്നു എസ്ഥേർ: രാജാവിന്നു തിരുവുള്ളമുണ്ടായി ശൂശനിലെ യെഹൂദന്മാർ ഇന്നത്തെ തീൎപ്പുപോലെ നാളെയും ചെയ്‌വാൻ അനുവദിക്കയും ഹാമാന്റെ പത്തു പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കിക്കയും ചെയ്യേണമേ എന്നു പറഞ്ഞു.
14
അങ്ങനെ ചെയ്തുകൊൾവാൻ രാജാവു കല്പിച്ചു ശൂശനിൽ തീൎപ്പു പരസ്യമാക്കി; ഹാമാന്റെ പത്തു പുത്രന്മാരെ അവർ തൂക്കിക്കളഞ്ഞു.
15
ശൂശനിലെ യെഹൂദന്മാർ ആദാർമാസം പതിനാലാം തിയ്യതിയും ഒന്നിച്ചുകൂടി ശൂശനിൽ മുന്നൂറുപേരെ കൊന്നു; എങ്കിലും കവൎച്ചെക്കു അവർ കൈ നീട്ടിയില്ല.
16
രാജാവിന്റെ സംസ്ഥാനങ്ങളിലെ ശേഷം യെഹൂദന്മാർ ആദാർമാസം പതിമ്മൂന്നാം തിയ്യതി ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷെക്കായി പൊരുതു ശത്രുക്കളുടെ കയ്യിൽനിന്നു ഒഴിഞ്ഞു വിശ്രമം പ്രാപിച്ചു. അവർ തങ്ങളുടെ വൈരികളിൽ എഴുപത്തയ്യായിരം പേരെ കൊന്നുകളഞ്ഞു എങ്കിലും കവൎച്ചെക്കു കൈ നീട്ടിയില്ല.
17
ആ മാസം പതിന്നാലാം തിയ്യതിയോ അവർ വിശ്രമിച്ചു വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ടു അതിനെ ആചരിച്ചു.
Settings

Reading Style

Typeface

Font Size 19px

Options