Skip to content
ദാനീയേല്‍ 2:28-49

ദാനീയേല്‍ 2:28-49

28
എങ്കിലും രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വൎഗ്ഗത്തിൽ ഉണ്ടു; അവൻ ഭാവികാലത്തു സംഭവിപ്പാനിരിക്കുന്നതു നെബൂഖദ്നേസർരാജാവിനെ അറിയിച്ചിരിക്കുന്നു. സ്വപ്നവും പള്ളിമെത്തയിൽവെച്ചു തിരുമനസ്സിൽ ഉണ്ടായ ദൎശനങ്ങളും ആവിതു:
29
രാജാവേ, ഇനിമേൽ സംഭവിപ്പാനിരിക്കുന്നതു എന്തെന്നുള്ള വിചാരം പള്ളിമെത്തയിൽവെച്ചു തിരുമനസ്സിൽ ഉണ്ടായി; രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവൻ സംഭവിപ്പാനിരിക്കുന്നതു അറിയിച്ചുമിരിക്കുന്നു.
30
എനിക്കോ ജീവനോടിരിക്കുന്ന യാതൊരുത്തനെക്കാളും അധികമായ ജ്ഞാനം ഒന്നും ഉണ്ടായിട്ടല്ല, രാജാവിനോടു അൎത്ഥം ബോധിപ്പിക്കേണ്ടതിന്നും തിരുമനസ്സിലെ വിചാരം തിരുമനസ്സുകൊണ്ടു അറിയേണ്ടതിന്നും അത്രേ ഈ രഹസ്യം എനിക്കു വെളിപ്പെട്ടിരിക്കുന്നതു.
31
രാജാവു കണ്ട ദൎശനമോ: വലിയൊരു ബിംബം; വലിപ്പമേറിയതും വിശേഷശോഭയുള്ളതുമായ ആ ബിംബം തിരുമുമ്പിൽ നിന്നു; അതിന്റെ രൂപം ഭയങ്കരമായിരുന്നു.
32
ബിംബത്തിന്റെ തല തങ്കംകൊണ്ടും നെഞ്ചും കയ്യും വെള്ളികൊണ്ടും വയറും അരയും താമ്രംകൊണ്ടും തുട ഇരിമ്പു കൊണ്ടും
33
കാൽ പാതി ഇരിമ്പുകൊണ്ടും പാതി കളിമണ്ണുകൊണ്ടും ആയിരുന്നു.
34
തിരുമനസ്സുകൊണ്ടു നോക്കിക്കൊണ്ടിരിക്കുമ്പോൾ കൈ തൊടാതെ ഒരു കല്ലു പറിഞ്ഞുവന്നു ബിംബത്തെ ഇരിമ്പും കളിമണ്ണുംകൊണ്ടുള്ള കാലിൽ അടിച്ചു തകൎത്തുകളഞ്ഞു.
35
ഇരിമ്പും കളിമണ്ണും താമ്രവും വെള്ളിയും പൊന്നും ഒരുപോലെ തകൎന്നു വേനല്ക്കാലത്തു കളത്തിലെ പതിർപോലെ ആയിത്തീൎന്നു; ഒരിടത്തും തങ്ങാതവണ്ണം കാറ്റു അവയെ പറപ്പിച്ചു കൊണ്ടുപോയി; ബിംബത്തെ അടിച്ച കല്ലു ഒരു മഹാപൎവ്വതമായിത്തീൎന്നു ഭൂമിയിൽ ഒക്കെയും നിറഞ്ഞു.
36
ഇതത്രേ സ്വപ്നം; അൎത്ഥവും അടിയങ്ങൾ തിരുമനസ്സു അറിയിക്കാം.
37
രാജാവേ, തിരുമനസ്സുകൊണ്ടു രാജാധിരാജാവാകുന്നു; സ്വൎഗ്ഗസ്ഥനായ ദൈവം തിരുമനസ്സിലേക്കു രാജത്വവും ഐശ്വൎയ്യവും ശക്തിയും മഹത്വവും നല്കിയിരിക്കുന്നു.
38
മനുഷ്യർ പാൎക്കുന്നേടത്തൊക്കെയും അവരെയും കാട്ടിലെ മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും അവൻ തൃക്കയ്യിൽ തന്നു, എല്ലാറ്റിന്നും തിരുമനസ്സിലെ അധിപതി ആക്കിയിരിക്കുന്നു; പൊന്നുകൊണ്ടുള്ള തല തിരുമനസ്സുകൊണ്ടു തന്നേ.
39
തിരുമനസ്സിലെ ശേഷം തിരുമേനിയെക്കാൾ താണതായ മറ്റൊരു രാജത്വവും സൎവ്വഭൂമിയിലും വാഴുവാനിരിക്കുന്നതായി താമ്രംകൊണ്ടുള്ള മൂന്നാമതൊരു രാജത്വവും ഉത്ഭവിക്കും.
40
നാലാമത്തെ രാജത്വം ഇരിമ്പുപോലെ ബലമുള്ളതായിരിക്കും; ഇരിമ്പു സകലത്തെയും തകൎത്തു കീഴടക്കുന്നുവല്ലോ. തകൎക്കുന്ന ഇരിമ്പുപോലെ അതു അവയെ ഒക്കെയും ഇടിച്ചു തകൎത്തുകളയും.
41
കാലും കാൽ വിരലും പാതി കളിമണ്ണും പാതി ഇരുമ്പുംകൊണ്ടുള്ളതായി കണ്ടതിന്റെ താല്പൎയ്യമോ: അതു ഒരു ഭിന്നരാജത്വം ആയിരിക്കും; എങ്കിലും ഇരിമ്പും കളിമണ്ണും ഇടകലൎന്നതായി കണ്ടതുപോലെ അതിൽ ഇരിമ്പിന്നുള്ള ബലം കുറെ ഉണ്ടായിരിക്കും.
42
കാൽവിരൽ പാതി ഇരിമ്പും പാതി കളിമണ്ണുംകൊണ്ടു ആയിരുന്നതുപോലെ രാജത്വം ഒട്ടു ബലമുള്ളതും ഒട്ടു ഉടഞ്ഞുപോകുന്നതും ആയിരിക്കും.
43
ഇരിമ്പും കളിമണ്ണും ഇടകലൎന്നതായി കണ്ടതിന്റെ താല്പൎയ്യമോ: അവർ മനുഷ്യബീജത്താൽ തമ്മിൽ ഇടകലരുമെങ്കിലും ഇരിമ്പും കളിമണ്ണും തമ്മിൽ ചേരാതിരിക്കുന്നതുപോലെ അവർ തമ്മിൽ ചേരുകയില്ല.
44
ഈ രാജാക്കന്മാരുടെ കാലത്തു സ്വൎഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകൎത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.
45
കൈ തൊടാതെ ഒരു കല്ലു പൎവ്വതത്തിൽനിന്നു പറിഞ്ഞുവന്നു ഇരിമ്പും താമ്രവും കളിമണ്ണും വെള്ളിയും പൊന്നും തകൎത്തുകളഞ്ഞതായി കണ്ടതിന്റെ താല്പൎയ്യമോ: മഹാദൈവം മേലാൽ സംഭവിപ്പാനുള്ളതു രാജാവിനെ അറിയിച്ചിരിക്കുന്നു; സ്വപ്നം നിശ്ചയവും അൎത്ഥം സത്യവും ആകുന്നു.
46
അപ്പോൾ നെബൂഖദ്നേസർരാജാവു സാഷ്ടാംഗം വീണു ദാനീയേലിനെ നമസ്കരിച്ചു, അവന്നു ഒരു വഴിപാടും സൌരഭ്യവാസനയും അൎപ്പിക്കേണമെന്നു കല്പിച്ചു. രാജാവു ദാനീയേലിനോടു:
47
നീ ഈ രഹസ്യം വെളിപ്പെടുത്തുവാൻ പ്രാപ്തനായതുകൊണ്ടു നിങ്ങളുടെ ദൈവം ദൈവാധി ദൈവവും രാജാധികൎത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു സത്യം എന്നു കല്പിച്ചു.
48
രാജാവു ദാനീയേലിനെ മഹാനാക്കി, അവന്നു അനേകം വലിയ സമ്മാനങ്ങളും കൊടുത്തു, അവനെ ബാബേൽസംസ്ഥാനത്തിന്നൊക്കെയും അധിപതിയും ബാബേലിലെ സകലവിദ്വാന്മാൎക്കും പ്രധാനവിചാരകനും ആക്കിവെച്ചു.
49
ദാനീയേലിന്റെ അപേക്ഷപ്രകാരം രാജാവു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും ബാബേൽ സംസ്ഥാനത്തിലെ കാൎയ്യാദികൾക്കു മേൽവിചാരകരാക്കി; ദാനീയേലോ രാജാവിന്റെ കോവിലകത്തു പാൎത്തു.

ബൈബിൾ പാഠം: Sathyavedapusthakam 1910, contemporary orthography · Malayalam Bible 1910 – Revised and in Contemporary Orthography, © 2015 The Free Bible Foundation · CC BY-SA 4.0

Settings

Reading style

Typeface

Font size 19px

Reading width 75 chars

Options