ദാനീയേല്‍ 2:14-23
14
എന്നാൽ രാജാവിന്റെ അകമ്പടിനായകനായി ബാബേലിലെ വിദ്വാന്മാരെ കൊന്നുകളവാൻ പുറപ്പെട്ടു അൎയ്യോക്കിനോടു ദാനീയേൽ ബുദ്ധിയോടും വിവേകത്തോടും കൂടെ ഉത്തരം പറഞ്ഞു.
15
രാജസന്നിധിയിൽനിന്നു ഇത്ര കഠിനകല്പന പുറപ്പെടുവാൻ സംഗതി എന്തു എന്നു അവൻ രാജാവിന്റെ സേനാപതിയായ അൎയ്യോക്കിനോടു ചോദിച്ചു; അൎയ്യോക്ക് ദാനീയേലിനോടു കാൎയ്യം അറിയിച്ചു;
16
ദാനീയേൽ അകത്തു ചെന്നു രാജാവിനോടു തനിക്കു സമയം തരേണം എന്നും താൻ രാജാവിനോടു അൎത്ഥം അറിയിക്കാമെന്നും ബോധിപ്പിച്ചു.
17
പിന്നെ ദാനീയേൽ വീട്ടിൽ ചെന്നു, താനും കൂട്ടുകാരും ബാബേലിലെ ശേഷം വിദ്വാന്മാരോടുകൂടെ നശിച്ചുപോകാതിരിക്കേണ്ടതിന്നു
18
ഈ രഹസ്യത്തെക്കുറിച്ചു സ്വൎഗ്ഗസ്ഥനായ ദൈവത്തിന്റെ കരുണ അപേക്ഷിപ്പാൻ തക്കവണ്ണം കൂട്ടുകാരായ ഹനന്യാവോടും മീശായേലിനോടും അസൎയ്യാവോടും കാൎയ്യം അറിയിച്ചു.
19
അങ്ങനെ ആ രഹസ്യം ദാനീയേലിന്നു രാത്രിദൎശനത്തിൽ വെളിപ്പെട്ടു; ദാനീയേൽ സ്വൎഗ്ഗസ്ഥനായ ദൈവത്തെ സ്തുതിച്ചുപറഞ്ഞതു:
20
ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ; ജ്ഞാനവും ബലവും അവന്നുള്ളതല്ലോ.
21
അവൻ കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു; അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കയും ചെയ്യുന്നു; അവൻ ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു ബുദ്ധിയും കൊടുക്കുന്നു.
22
അവൻ അഗാധവും ഗൂഢവുമായതു വെളിപ്പെടുത്തുന്നു; അവൻ ഇരുട്ടിൽ ഉള്ളതു അറിയുന്നു; വെളിച്ചം അവനോടുകൂടെ വസിക്കുന്നു.
23
എന്റെ പിതാക്കന്മാരുടെ ദൈവമായുള്ളോവേ, നീ എനിക്കു ജ്ഞാനവും ബലവും തന്നു, ഞങ്ങൾ നിന്നോടു അപേക്ഷിച്ചതു ഇപ്പോൾ എന്നെ അറിയിച്ചു രാജാവിന്റെ കാൎയ്യം ഞങ്ങൾക്കു വെളിപ്പെടുത്തിത്തന്നിരിക്കകൊണ്ടു ഞാൻ നിന്നെ വാഴ്ത്തിസ്തുതിക്കുന്നു.
Settings