അപ്പൊസ്തലപ്രവൃത്തികള്‍ 10:28-48
28
അന്യജാതിക്കാരന്റെ അടുക്കൽ ചെല്ലുന്നതും അവനുമായി പെരുമാറ്റം ചെയ്യുന്നതും യെഹൂദന്നു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ദൈവം എനിക്കു കാണിച്ചു തന്നിരിക്കുന്നു.
29
അതുകൊണ്ടാകുന്നു നിങ്ങൾ ആളയച്ചപ്പോൾ ഞാൻ എതിർ പറയാതെ വന്നതു; എന്നാൽ എന്നെ വിളിപ്പിച്ച സംഗതി എന്തു എന്നു അറിഞ്ഞാൽ കൊള്ളാം എന്നു പറഞ്ഞു.
30
അതിന്നു കൊൎന്നേല്യൊസ്: നാലാകുന്നാൾ ഈ നേരത്തു ഞാൻ വീട്ടിൽ ഒമ്പതാം മണിനേരത്തെ പ്രാൎത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ ശുഭ്രവസ്ത്രം ധരിച്ചോരു പുരുഷൻ എന്റെ മുമ്പിൽ നിന്നു:
31
കൊൎന്നേല്യൊസേ, ദൈവം നിന്റെ പ്രാൎത്ഥന കേട്ടു നിന്റെ ധൎമ്മം ഓൎത്തിരിക്കുന്നു.
32
യോപ്പയിലേക്കു ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വിളിപ്പിക്ക; അവൻ കടല്പുറത്തു തോൽക്കൊല്ലനായ ശീമോന്റെ വീട്ടിൽ പാൎക്കുന്നു എന്നു പറഞ്ഞു.
33
ക്ഷണത്തിൽ ഞാൻ നിന്റെ അടുക്കൽ ആളയച്ചു; നീ വന്നതു ഉപകാരം. കൎത്താവു നിന്നോടു കല്പിച്ചതൊക്കെയും കേൾപ്പാൻ ഞങ്ങൾ എല്ലാവരും ഇവിടെ ദൈവത്തിന്റെ മുമ്പാകെ കൂടിയിരിക്കുന്നു എന്നു പറഞ്ഞു.
34
അപ്പോൾ പത്രൊസ് വായി തുറന്നു പറഞ്ഞു തുടങ്ങിയതു: ദൈവത്തിന്നു മുഖപക്ഷമില്ല എന്നും
35
ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവൎത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യാഥാൎത്ഥമായി ഗ്രഹിക്കുന്നു.
36
അവൻ എല്ലാവരുടെയും കൎത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽ മക്കൾക്കു അയച്ച വചനം,
37
യോഹന്നാൻ പ്രസംഗിച്ച സ്നാനത്തിന്റെശേഷം ഗലീലയിൽ തുടങ്ങി യെഹൂദ്യയിൽ ഒക്കെയും ഉണ്ടായ വൎത്തമാനം,
38
നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.
39
യെഹൂദ്യദേശത്തിലും യെരൂശലേമിലും അവൻ ചെയ്ത സകലത്തിനും ഞങ്ങൾ സാക്ഷികൾ ആകുന്നു. അവനെ അവർ മരത്തിന്മേൽ തൂക്കിക്കൊന്നു;
40
ദൈവം അവനെ മൂന്നാം നാൾ ഉയിൎത്തെഴുന്നേല്പിച്ചു,
41
സകല ജനത്തിന്നുമല്ല, ദൈവം മുമ്പുകൂട്ടി നിയമിച്ച സാക്ഷികളായി, അവൻ മരിച്ചവരിൽനിന്നു ഉയിൎത്തെഴുന്നേറ്റശേഷം അവനോടുകൂടെ തിന്നുകുടിച്ചവരായ ഞങ്ങൾക്കു തന്നേ പ്രത്യക്ഷനാക്കിത്തന്നു.
42
ജീവികൾക്കും മരിച്ചവൎക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ അവൻ തന്നേ എന്നു ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാൻ അവൻ ഞങ്ങളോടു കല്പിച്ചു.
43
അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.
44
ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു.
45
അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കയാൽ
46
പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകൎന്നതു കണ്ടു വിസ്മയിച്ചു.
47
നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആൎക്കു കഴിയും എന്നു പറഞ്ഞു.
48
പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു.
Settings