2 ദിനവൃത്താന്തം 34:19-28
19
ന്യായപ്രമാണത്തിലെ വാക്യങ്ങളെ കേട്ടിട്ടു രാജാവു വസ്ത്രം കീറി.
20
രാജാവു ഹില്ക്കീയാവോടും ശാഫാന്റെ മകൻ അഹീക്കാമിനോടും മീഖയുടെ മകൻ അബ്ദോനോടും രായസക്കാരനായ ശാഫാനോടും രാജഭൃത്യനായ അസായാവോടും കല്പിച്ചതു എന്തെന്നാൽ:
21
നിങ്ങൾ ചെന്നു, കണ്ടുകിട്ടിയിരിക്കുന്ന ഈ പുസ്തകത്തിലെ വാക്യങ്ങളെക്കുറിച്ചു എനിക്കും യിസ്രായേലിലും യെഹൂദയിലും ശേഷിച്ചിരിക്കുന്നവൎക്കും വേണ്ടി യഹോവയോടു അരുളപ്പാടു ചോദിപ്പിൻ; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതൊക്കെയും അനുസരിച്ചു നടക്കത്തക്കവണ്ണം നമ്മുടെ പിതാക്കന്മാർ യഹോവയുടെ വചനത്തെ പ്രമാണിക്കാതെയിരുന്നതുകൊണ്ടു നമ്മുടെമേൽ ചൊരിഞ്ഞിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ.
22
അങ്ങനെ ഹില്ക്കീയാവും രാജാവു നിയോഗിച്ചവരും ഹസ്രയുടെ മകനായ തൊക്ഹത്തിന്റെ മകനായി രാജവസ്ത്രവിചാരകനായ ശല്ലൂമിന്റെ ഭാൎയ്യ ഹുൽദാ എന്ന പ്രവാചകിയുടെ അടുക്കൽ ചെന്നു -അവൾ യെരൂശലേമിൽ രണ്ടാം ഭാഗത്തു പാൎത്തിരുന്നു;- അവളോടു ആ സംഗതിയെക്കുറിച്ചു സംസാരിച്ചു.
23
അവൾ അവരോടു ഉത്തരം പറഞ്ഞതു: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; നിങ്ങളെ എന്റെ അടുക്കൽ അയച്ച പുരുഷനോടു നിങ്ങൾ പറയേണ്ടതു എന്തെന്നാൽ:
24
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിന്നും നിവാസികൾക്കും യെഹൂദാരാജാവിന്റെ മുമ്പാകെ വായിച്ചുകേൾപ്പിച്ച പുസ്തകത്തിൽ എഴുതിയിരിക്കുന്ന സകലശാപങ്ങളുമായ അനൎത്ഥം വരുത്തും.
25
അവർ എന്നെ ഉപേക്ഷിച്ചു തങ്ങളുടെ സകലപ്രവൃത്തികളാലും എനിക്കു കോപം വരത്തക്കവണ്ണം അന്യദൈവങ്ങൾക്കു ധൂപം കാട്ടിയതുകൊണ്ടു എന്റെ കോപം ഈ സ്ഥലത്തു ചൊരിയും; അതു കെട്ടുപോകയും ഇല്ല.
26
എന്നാൽ യഹോവയോടു ചോദിപ്പാൻ നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു നിങ്ങൾ പറയേണ്ടതു എന്തെന്നാൽ: നീ കേട്ടിരിക്കുന്ന വചനങ്ങളെക്കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു;
27
ഈ സ്ഥലത്തിന്നും നിവാസികൾക്കും വിരോധമായുള്ള ദൈവത്തിന്റെ വചനങ്ങളെ നീ കേട്ടപ്പോൾ നിന്റെ ഹൃദയം അലിഞ്ഞു നീ അവന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തുകയും എന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തി നിന്റെ വസ്ത്രം കീറി എന്റെ മുമ്പാകെ കരകയും ചെയ്കകൊണ്ടു ഞാനും നിന്റെ അപേക്ഷ കേട്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
28
ഞാൻ നിന്നെ നിന്റെ പിതാക്കന്മാരോടു ചേൎത്തുകൊള്ളും; നീ സമാധാനത്തോടെ നിന്റെ കല്ലറയിൽ അടക്കപ്പെടും; ഞാൻ ഈ സ്ഥലത്തിന്നും നിവാസികൾക്കും വരുത്തുവാൻ പോകുന്ന അനൎത്ഥമൊന്നും നിന്റെ കണ്ണു കാണുകയുമില്ല. അവർ രാജാവിനെ ഈ മറുപടി ബോധിപ്പിച്ചു.
Settings