Skip to content

Prisoners സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Jeremiah

24 വാക്യങ്ങൾ · 22 വശങ്ങൾ

Jeremiah സംബന്ധിച്ച വാക്യങ്ങൾ

  1. അവർ യിരെമ്യാവെ പിടിച്ചു കാവൽപുരമുറ്റത്തു രാജകുമാരനായ മല്ക്കീയാവിന്നുള്ള കുഴിയിൽ ഇറക്കി; കയറുകൊണ്ടായിരുന്നു അവർ യിരെമ്യാവെ ഇറക്കിയതു; കുഴിയിൽ ചെളിയല്ലാതെ വെള്ളമില്ലായിരുന്നു; യിരെമ്യാവു ചെളിയിൽ താണു.

  2. അവർ യിരെമ്യാവെ കുഴിയിൽ ഇട്ടുകളഞ്ഞു എന്നു രാജഗൃഹത്തിൽ ഉണ്ടായിരുന്ന കൂശ്യനായ ഏബെദ്--മേലെക്ക് എന്ന ഷണ്ഡൻ കേട്ടു; അന്നു രാജാവു ബെന്യാമീൻവാതില്ക്കൽ ഇരിക്കയായിരുന്നു.

  3. ഏബെദ്-മേലെക്ക് രാജഗൃഹത്തിൽനിന്നു ഇറങ്ങിച്ചെന്നു രാജാവിനോടു സംസാരിച്ചു:

  4. യജമാനനായ രാജാവേ, ഈ മനുഷ്യർ യിരെമ്യാപ്രവാചകനോടു ചെയ്തതൊക്കെയും അന്യായമത്രേ; അവർ അവനെ കുഴിയിൽ ഇട്ടുകളഞ്ഞു; നഗരത്തിൽ അപ്പം ഇല്ലായ്കയാൽ അവൻ അവിടെ പട്ടിണികിടന്നു ചാകേയുള്ള എന്നു പറഞ്ഞു.

  5. രാജാവു കൂശ്യനായ ഏബെദ്-മേലെക്കിനോടു: നീ ഇവിടെനിന്നു മുപ്പതു ആളുകളെ കൂട്ടിക്കൊണ്ടുചെന്നു, യിരെമ്യാപ്രവാചകൻ മരിക്കുംമുമ്പെ അവനെ കുഴിയിൽനിന്നു കയറ്റിക്കൊൾക എന്നു കല്പിച്ചു.

  6. അങ്ങനെ ഏബെദ്-മേലെക്ക് ആയാളുകളെ കൂട്ടിക്കൊണ്ടു രാജഗൃഹത്തിൽ ഭണ്ഡാരമുറിക്കു കീഴെ ചെന്നു അവിടെ നിന്നു പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും എടുത്തു കുഴിയിൽ യിരെമ്യാവിന്നു കയറുവഴി ഇറക്കിക്കൊടുത്തു.

  7. കൂശ്യനായ ഏബെദ്--മേലെക്ക് യിരെമ്യാവോടു: ഈ പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും നിന്റെ കക്ഷങ്ങളിൽ വെച്ചു അതിന്നു പുറമെ കയറിട്ടുകൊൾക എന്നു പറഞ്ഞു; യിരെമ്യാവു അങ്ങനെ ചെയ്തു.

  8. അവർ യിരെമ്യാവെ കയറുകൊണ്ടു കുഴിയിൽനിന്നു വലിച്ചുകയറ്റി; യിരെമ്യാവു കാവൽപുരമുറ്റത്തു പാൎത്തു.

  9. അതിന്റെ ശേഷം സിദെക്കീയാരാജാവു ആളയച്ചു യിരെമ്യാപ്രവാചകനെ യഹോവയുടെ ആലയത്തിലെ മൂന്നാം പ്രവേശനത്തിങ്കൽ തന്റെ അടുക്കൽ വരുത്തി; രാജാവു യിരെമ്യാവോടു: ഞാൻ നിന്നോടു ഒരു കാൎയ്യം ചോദിക്കുന്നു; എന്നോടു ഒന്നും മറെച്ചുവെക്കരുതു എന്നു കല്പിച്ചു.

  10. അതിന്നു യിരെമ്യാവു സിദെക്കീയാവോടു: ഞാൻ അതു ബോധിപ്പിച്ചാൽ എന്നെ കൊല്ലുകയില്ലയോ? ഞാൻ ഒരു ആലോചന പറഞ്ഞു തന്നാൽ എന്റെ വാക്കു കേൾക്കയില്ലല്ലോ എന്നു പറഞ്ഞു.

  11. സിദെക്കീയാരാജാവു: ഈ പ്രാണനെ സൃഷ്ടിച്ചുതന്ന യഹോവയാണ, ഞാൻ നിന്നെ കൊല്ലുകയില്ല; നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്ന ഈ മനുഷ്യരുടെ കയ്യിൽ ഞാൻ നിന്നെ ഏല്പിക്കയുമില്ല എന്നു യിരെമ്യാവോടു രഹസ്യമായി സത്യംചെയ്തു.

  12. എന്നാറെ യിരെമ്യാവു സിദെക്കീയാവോടു: യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെന്നാൽ നിനക്കു പ്രാണരക്ഷയുണ്ടാകും; ഈ നഗരത്തെ തീ വെച്ചു ചുട്ടുകളകയുമില്ല; നീയും നിന്റെ ഗൃഹവും ജീവനോടെ ഇരിക്കും.

  13. നീ ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെല്ലാഞ്ഞാലോ ഈ നഗരം കല്ദയരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അതിനെ തീ വെച്ചു ചുട്ടുകളയും; നീ അവരുടെ കയ്യിൽനിന്നു തെറ്റിയൊഴികയുമില്ല എന്നു പറഞ്ഞു.

  14. സിദെക്കീയാരാജാവു യിരെമ്യാവോടു: കല്ദയർ എന്നെ അവരുടെ പക്ഷം ചേൎന്നിരിക്കുന്ന യെഹൂദന്മാരുടെ കയ്യിൽ ഏല്പിക്കയും അവർ എന്നെ അപമാനിക്കയും ചെയ്യുമെന്നു ഞാൻ ഭയപ്പെടുന്നു എന്നു പറഞ്ഞു.

  15. അതിന്നു യിരെമ്യാവു പറഞ്ഞതു: അവർ നിന്നെ ഏല്പിക്കയില്ല; ഞാൻ ബോധിപ്പിക്കുന്ന യഹോവയുടെ വചനം കേൾക്കേണമേ; എന്നാൽ നിനക്കു നന്നായിരിക്കും; നിനക്കു പ്രാണരക്ഷയുണ്ടാകും.

  16. പുറത്തു ചെല്ലുവാൻ നിനക്കു മനസ്സില്ലെങ്കിലോ, യഹോവ വെളിപ്പെടുത്തിത്തന്ന അരുളപ്പാടാവിതു:

  17. യെഹൂദാരാജാവിന്റെ അരമനയിൽ ശേഷിച്ചിരിക്കുന്ന സകലസ്ത്രീകളും പുറത്തു ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പോകേണ്ടിവരും; നിന്റെ ചങ്ങാതിമാർ നിന്നെ വശീകരിച്ചു തോല്പിച്ചു; നിന്റെ കാൽ ചെളിയിൽ താണപ്പോൾ പിന്മാറിക്കളഞ്ഞു എന്നു അവർ പറയും.

  18. നിന്റെ സകലഭാൎയ്യമാരെയും മക്കളെയും പുറത്തു കല്ദയരുടെ അടുക്കൽ കൊണ്ടുപോകും; നീയും അവരുടെ കയ്യിൽനിന്നു ഒഴിഞ്ഞുപോകാതെ ബാബേൽരാജാവിന്റെ കയ്യിൽ അകപ്പെടും; ഈ നഗരത്തെ തീ വെച്ചു ചുട്ടുകളയുന്നതിന്നു നീ ഹേതുവാകും.

  19. സിദെക്കീയാവു യിരെമ്യാവോടു പറഞ്ഞതു: ഈ കാൎയ്യം ആരും അറിയരുതു: എന്നാൽ നീ മരിക്കയില്ല.

  20. ഞാൻ നിന്നോടു സംസാരിച്ചപ്രകാരം പ്രഭുക്കന്മാർ കേട്ടിട്ടു നിന്റെ അടുക്കൽ വന്നു: നീ രാജാവിനോടു എന്തു സംസാരിച്ചു? ഞങ്ങളോടു പറക; ഒന്നും മറെച്ചുവെക്കരുതു; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; രാജാവു നിന്നോടു എന്തു സംസാരിച്ചു എന്നിങ്ങനെ ചോദിച്ചാൽ,

  21. നീ അവരോടു: യോനാഥാന്റെ വീട്ടിൽ കിടന്നു മരിക്കാതെ ഇരിക്കേണ്ടതിന്നു എന്നെ വീണ്ടും അവിടെ അയക്കരുതേ എന്നു ഞാൻ രാജസന്നിധിയിൽ സങ്കടം ബോധിപ്പിക്കയായിരുന്നു എന്നു പറയേണം.

  22. സകലപ്രഭുക്കന്മാരും യിരെമ്യാവിന്റെ അടുക്കൽ വന്നു അവനോടു ചോദിച്ചാറെ അവൻ, രാജാവു കല്പിച്ച ഈ വാക്കുപോലെ ഒക്കെയും അവരോടു പറഞ്ഞു; അങ്ങനെ കാൎയ്യം വെളിവാകാഞ്ഞതുകൊണ്ടു അവർ ഒന്നും മിണ്ടാതെ അവനെ വിട്ടുപോയി.

  23. യെരൂശലേം പിടിച്ച നാൾവരെ യിരെമ്യാവു കാവൽപുരമുറ്റത്തു പാൎത്തു; യെരൂശലേം പിടിച്ചപ്പോഴും അവൻ അവിടെത്തന്നെ ആയിരുന്നു.

  24. യിരെമ്യാവെ കാവൽപുരമുറ്റത്തുനിന്നു വരുത്തി അവനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകേണ്ടതിന്നു ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ ഏല്പിച്ചു; അങ്ങനെ അവൻ ജനത്തിന്റെ ഇടയിൽ പാൎത്തു.