Skip to content

Nebuchadnezzar സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ

22 വാക്യങ്ങൾ · 3 വശങ്ങൾ

പ്രധാന ബൈബിൾ വാക്യങ്ങൾ

  1. ബാബേൽരാജാവായ നെബൂഖദ്നേസർ ഞങ്ങളോടു യുദ്ധം ചെയ്യുന്നതുകൊണ്ടു നീ ഞങ്ങൾക്കു വേണ്ടി യഹോവയോടു അപേക്ഷിക്കേണമേ; അവൻ ഞങ്ങളെ വിട്ടുപോകേണ്ടതിന്നു യഹോവ തന്റെ സകലഅത്ഭുതങ്ങൾക്കും ഒത്തവണ്ണം പക്ഷേ ഞങ്ങളോടു പ്രവൎത്തിക്കും എന്നു പറയിച്ചപ്പോൾ യിരെമ്യാവിന്നു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാടു.

  2. അതിന്റെശേഷം യെഹൂദാരാജാവായ സിദെക്കീയാവെയും അവന്റെ ഭൃത്യന്മാരെയും ജനത്തെയും ഈ നഗരത്തിൽ മഹാമാരി, വാൾ, ക്ഷാമം എന്നിവെക്കു തെറ്റി ഒഴിഞ്ഞവരെ തന്നേ, ഞാൻ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കയ്യിലും അവരുടെ ശത്രുക്കളുടെ കയ്യിലും അവൎക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കയ്യിലും ഏല്പിക്കും; അവൻ അവരോടു ക്ഷമയോ കനിവോ കരുണയോ കാണിക്കാതെ, അവരെ വാളിന്റെ വായ്ത്തലകൊണ്ടു സംഹരിക്കും എന്നു യഹോവയുടെ അരുളപ്പാടു.

  3. ഞാൻ എന്റെ മുഖം ഈ നഗരത്തിന്നുനേരെ നന്മെക്കല്ല തിന്മെക്കത്രേ വെച്ചിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു. അതിനെ ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കും; അവൻ അതിനെ തീവെച്ചു ചുട്ടുകളയും.

  4. ഞാൻ നിന്നെ നിനക്കു പ്രാണഹാനിവരുത്തുവാൻ നോക്കുന്നവരുടെ കയ്യിലും നീ ഭയപ്പെടുന്നവരുടെ കയ്യിലും ഏല്പിക്കും; ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കയ്യിലും കല്ദയരുടെ കയ്യിലും തന്നേ.

  5. ഞാൻ ആളയച്ചു വടക്കുള്ള സകലവംശങ്ങളെയും എന്റെ ദാസനായി ബാബേൽരാജാവായ നെബൂഖദ്നേസരിനെയും ഈ ദേശത്തിന്റെ നേരെയും അതിലെ നിവാസികളുടെ നേരെയും ചുറ്റും വസിക്കുന്ന ഈ സകലജാതികളുടെ നേരെയും വരുത്തി അവരെ ഉന്മൂലനാശം ചെയ്തു സ്തംഭനഹേതുവും പരിഹാസവിഷയവും ശാശ്വതശൂന്യവുമാക്കിത്തിൎക്കും.

  6. ഇപ്പോഴോ ഞാൻ ഈ ദേശങ്ങളെ ഒക്കെയും എന്റെ ദാസനായി ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കയ്യിൽ കൊടുത്തിരിക്കുന്നു; അവനെ സേവിക്കേണ്ടതിന്നു വയലിലെ മൃഗങ്ങളെയും ഞാൻ അവന്നു കൊടുത്തിരിക്കുന്നു.

  7. സകലജാതികളും അവനെയും അവന്റെ മകനെയും മകന്റെ മകനെയും അവന്റെ ദേശത്തിന്റെ കാലാവധിയാകുവോളം സേവിക്കും; അതിന്റെ ശേഷം അനേകം ജാതികളും വലിയ രാജാക്കന്മാരും അവനെക്കൊണ്ടും സേവ ചെയ്യിക്കും.

  8. ബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കയോ ബാബേൽരാജാവിന്റെ നുകത്തിന്നു കഴുത്തു കീഴ്പെടുത്തുകയോ ചെയ്യാത്ത ജാതിയെയും രാജ്യത്തെയും ഞാൻ അവന്റെ കൈകൊണ്ടു അവരെ മുടിച്ചുകളയുംവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും സന്ദൎശിക്കും എന്നു യഹോവയുടെ അരുളപ്പാടു.

  9. നിങ്ങൾ ബാബേൽരാജാവിനെ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന നിങ്ങളുടെ പ്രവാചകന്മാൎക്കും പ്രശ്നക്കാൎക്കും നിങ്ങളുടെ സ്വപ്നങ്ങൾക്കും നിങ്ങളുടെ ശകുനവാദികൾക്കും ക്ഷുദ്രക്കാൎക്കും ചെവികൊടുക്കരുതു.

  10. അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ നഗരത്തെ കല്ദയരുടെ കയ്യിലും ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കയ്യിലും ഏല്പിക്കും; അവൻ അതിനെ പിടിക്കും.

  11. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ ദാസനായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിനെ വരുത്തി ഞാൻ കുഴിച്ചിട്ട ഈ കല്ലുകളിന്മേൽ അവന്റെ സിംഹാസനം വെക്കും; അവൻ അവയുടെമേൽ തന്റെ മണിപ്പന്തൽ നിൎത്തും.

  12. ബാബേൽരാജാവായ നെബൂഖദ്നേസർ വന്നു മിസ്രയീംദേശത്തെ ജയിക്കുന്നതിനെക്കുറിച്ചു യിരെമ്യാപ്രവാചകനോടു യഹോവ കല്പിച്ച അരുളപ്പാടു.

  13. ഹാസോർനിവാസികളേ, ഓടിപ്പോകുവിൻ; അതിദൂരത്തു ചെന്നു കുഴിയിൽ പാൎത്തുകൊൾവിൻ എന്നു യഹോവയുടെ അരുളപ്പാടു; ബാബേൽരാജാവായ നെബൂഖദ്നേസർ നിങ്ങളെക്കുറിച്ചു ഒരു ആലേചന ആലോചിച്ചു ഒരു നിരൂപണം നിരൂപിച്ചിരിക്കുന്നു.

  14. വാതിലുകളും ഓടാമ്പലുകളും ഇല്ലാതെ തനിച്ചു പാൎക്കുന്നവരും സ്വൈരവും നിൎഭയവുമായി വസിക്കുന്നവരുമായ ജാതിയുടെ അടുക്കൽ പുറപ്പെട്ടുചെല്ലുവിൻ എന്നു യഹോവയുടെ അരുളപ്പാടു.

  15. അവരുടെ ഒട്ടകങ്ങൾ കവൎച്ചയും അവരുടെ കന്നുകാലിക്കൂട്ടങ്ങൾ കൊള്ളയും ആയിത്തീരും; തലയുടെ അരികു വടിച്ചുവരെ ഞാൻ എല്ലാകാറ്റുകളിലേക്കും ചിന്നിച്ചുകളകയും നാലു പുറത്തുനിന്നും അവൎക്കു ആപത്തു വരുത്തുകയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.

  16. ഹാസോർ കുറുനരികളുടെ പാൎപ്പിടവും നിത്യശൂന്യവും ആയിത്തീരും; ആരും അവിടെ പാൎക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയുമില്ല.

  17. യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ വടക്കുനിന്നു രാജാധിരാജാവായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിനെ കുതിരകളോടും രഥങ്ങളോടും കുതിരച്ചേവകരോടും ജനസമൂഹത്തോടും വളരെ പടജ്ജനത്തോടും കൂടെ സോരിന്നുനേരെ വരുത്തും.

  18. അവൻ നാട്ടുപുറത്തുള്ള നിന്റെ പുത്രിമാരെ വാൾകൊണ്ടു കൊല്ലും; അവൻ നിന്റെ നേരെ കൊത്തളം പണിതു വാടകോരി നിന്റെ നേരെ ഒരു മറ നിൎത്തും.

  19. അവൻ നിന്റെ മതിലുകളുടെ നേരെ യന്ത്രമുട്ടികളെ വെച്ചു കോടാലികൊണ്ടു നിന്റെ ഗോപുരങ്ങളെ തകൎത്തുകളയും.

  20. അവന്റെ കുതിരകളുടെ പെരുപ്പംകൊണ്ടു കിളരുന്ന പൊടി നിന്നെ മൂടും; മതിൽ ഇടിഞ്ഞുകിടക്കുന്ന പട്ടണത്തിലേക്കു കടക്കുന്നതുപോലെ അവൻ നിന്റെ ഗോപുരങ്ങളിൽകൂടി കടക്കുമ്പോൾ കുതിരച്ചേവകരുടെയും ചക്രങ്ങളുടെയും രഥങ്ങളുടെയും മുഴക്കംകൊണ്ടു നിന്റെ മതിലുകൾ കുലുങ്ങിപ്പോകും.

  21. തന്റെ കുതിരകളുടെ കുളമ്പുകൊണ്ടു അവൻ നിന്റെ സകലവീഥികളെയും മെതിച്ചുകളയും; നിന്റെ ജനത്തെ അവൻ വാൾകൊണ്ടു കൊല്ലും; നിന്റെ ബലമുള്ള തൂണുകൾ നിലത്തു വീണുകിടക്കും.

  22. അവർ നിന്റെ സമ്പത്തു കവൎന്നു നിന്റെ ചരക്കു കൊള്ളയിട്ടു നിന്റെ മതിലുകൾ ഇടിച്ചു നിന്റെ മനോഹരഭവനങ്ങൾ നശിപ്പിക്കും; നിന്റെ കല്ലും മരവും മണ്ണും എല്ലാം അവർ വെള്ളത്തിൽ ഇട്ടുകളയും.