Skip to content

Ish-Bosheth സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ

21 വാക്യങ്ങൾ · 6 വശങ്ങൾ

പ്രധാന ബൈബിൾ വാക്യങ്ങൾ

  1. എന്നാൽ ശൌലിന്റെ സേനാപതിയായ നേരിന്റെ മകൻ അബ്നേർ ശൌലിന്റെ മകനായ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൂട്ടിക്കൊണ്ടുപോയി,

  2. അവനെ ഗിലെയാദ്, അശൂരി, യിസ്രെയേൽ, എഫ്രയീം, ബെന്യാമീൻ എന്നിങ്ങനെ എല്ലാ യിസ്രായേല്യൎക്കും രാജാവാക്കി,

  3. ശൌലിന്റെ മകനായ ഈശ്-ബോശെത്ത് യിസ്രായേലിൽ രാജാവായപ്പോൾ അവന്നു നാല്പതു വയസ്സായിരുന്നു; അവൻ രണ്ടു സംവത്സരം വാണു. യെഹൂദാഗൃഹമോ ദാവീദിനോടു ചേൎന്നുനിന്നു.

  4. ശൌലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മിൽ യുദ്ധം ഉണ്ടായിരുന്ന കാലത്തു അബ്നേർ ശൌലിന്റെ ഗൃഹത്തിൽ തന്നെത്താൻ ബലപ്പെടുത്തിയിരുന്നു.

  5. എന്നാൽ ശൌലിന്നു അയ്യാവിന്റെ മകളായി രിസ്പാ എന്നു പേരുള്ള ഒരു വെപ്പാട്ടി ഉണ്ടായിരുന്നു; ഈശ്-ബോശെത്ത് അബ്നേരിനോടു: നീ എന്റെ അപ്പന്റെ വെപ്പാട്ടിയുടെ അടുക്കൽ ചെന്നതു എന്തു എന്നു ചോദിച്ചു.

  6. അബ്നേർ ഈശ്-ബോശെത്തിന്റെ വാക്കുനിമിത്തം ഏറ്റവും കോപിച്ചു പറഞ്ഞതു: ഞാൻ യെഹൂദാ പക്ഷത്തിലുള്ള ഒരു നായ്ത്തലയോ? ഇന്നു ഞാൻ നിന്റെ അപ്പനായ ശൌലിന്റെ ഗൃഹത്തോടും അവന്റെ സഹോദരന്മാരോടും സ്നേഹിതന്മാരോടും ദയ കാണിക്കയും നിന്നെ ദാവീദിന്റെ കയ്യിൽ ഏല്പിക്കാതിരിക്കയും ചെയ്തിരിക്കെ ഇന്നു ഈ സ്ത്രീ നിമിത്തം നീ എന്നെ കുറ്റം ചുമത്തുന്നുവോ?

  7. ശൌലിന്റെ ഗൃഹത്തിൽനിന്നു രാജത്വം മാറ്റുകയും ദാവീദിന്റെ സിംഹാസനം ദാൻമുതൽ ബേർ-ശേബവരെ യിസ്രായേലിലും യെഹൂദയിലും സ്ഥാപിക്കയും ചെയ്‌വാൻ തക്കവണ്ണം

  8. യഹോവ ദാവീദിനോടു സത്യം ചെയ്തതുപോലെ ഞാൻ അവന്നു സാധിപ്പിച്ചുകൊടുക്കാതിരുന്നാൽ ദൈവം അബ്നേരിനോടു തക്കവണ്ണവും അധികവും ചെയ്യട്ടെ.

  9. അവൻ അബ്നേരിനെ ഭയപ്പെടുകകൊണ്ടു അവനോടു പിന്നെ ഒരു വാക്കും പറവാൻ കഴിഞ്ഞില്ല.

  10. അനന്തരം അബ്നേർ ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ദേശം ആൎക്കുള്ളതു? എന്നോടു ഉടമ്പടി ചെയ്ക; എന്നാൽ എല്ലായിസ്രായേലിനെയും നിന്റെ പക്ഷത്തിൽ വരുത്തേണ്ടതിന്നു എന്റെ സഹായം നിനക്കു ഉണ്ടാകും എന്നു പറയിച്ചു.

  11. ദാവീദ് ശൌലിന്റെ മകനായ ഈശ്-ബോശെത്തിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ വിവാഹനിശ്ചയത്തിന്നു ഫെലിസ്ത്യരുടെ നൂറു അഗ്രചൎമ്മം കൊടുത്തു വാങ്ങിയ എന്റെ ഭാൎയ്യയായ മീഖളിനെ ഏല്പിച്ചുതരിക എന്നു പറയിച്ചു.

  12. ഈശ്-ബോശെത്ത് അവളെ ലയീശിന്റെ മകനായി അവളുടെ ഭൎത്താവായ ഫല്തിയേലിന്റെ അടുക്കൽനിന്നു വരുത്തി.

  13. അവളുടെ ഭൎത്താവു കരഞ്ഞുംകൊണ്ടു ബഹൂരീംവരെ അവളുടെ പിന്നാലെ വന്നു. അബ്നേർ അവനോടു: നീ മടങ്ങിപ്പോക എന്നു പറഞ്ഞു.

  14. ബെരോത്യർ രിമ്മോന്റെ പുത്രന്മാരായ രേഖാബും ബാനയും വെയിൽ മൂത്തപ്പോഴേക്കു ഈശ്-ബോശെത്തിന്റെ വീട്ടിൽ ചെന്നെത്തി; അവൻ ഉച്ചസമയത്തു ആശ്വസിച്ചു കിടക്കുകയായിരുന്നു.

  15. അവർ കോതമ്പു എടുപ്പാൻ വരുന്ന ഭാവത്തിൽ വീട്ടിന്റെ നടുവിൽ കടന്നു അവനെ വയറ്റത്തു കുത്തി; രേഖാബും സഹോദരനായ ബാനയും ഓടിപ്പോയ്ക്കളഞ്ഞു.

  16. അവർ അകത്തു കടന്നപ്പോൾ അവൻ ശയനഗൃഹത്തിൽ കട്ടിലിന്മേൽ കിടക്കുകയായിരുന്നു; ഇങ്ങനെ അവർ അവനെ കുത്തിക്കൊന്നു തലവെട്ടിക്കളഞ്ഞു തലയും എടുത്തു രാത്രി മുഴുവനും അരാബയിൽകൂടി നടന്നു

  17. ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ഈശ്-ബോശെത്തിന്റെ തല കൊണ്ടുവന്നു രാജാവിനോടു: നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കിയ നിന്റെ ശത്രുവായ ശൌലിന്റെ മകൻ ഈശ്-ബോശെത്തിന്റെ തല ഇതാ; ഇന്നു യജമാനനായ രാജാവിന്നു വേണ്ടി ശൌലിനോടും അവന്റെ സന്തതിയോടും യഹോവ പ്രതികാരം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.

  18. എന്നാറെ ദാവീദ് ബെരോത്യനായ രിമ്മോന്റെ പുത്രന്മാരായ രേഖാബിനോടും അവന്റെ സഹോദരൻ ബാനയോടും ഉത്തരം പറഞ്ഞതു: എന്റെ പ്രാണനെ സകലആപത്തിൽനിന്നും വീണ്ടെടുത്ത യഹോവയാണ,

  19. ശൌൽ മരിച്ചുപോയി എന്നു ഒരുത്തൻ എന്നെ അറിയിച്ചു താൻ ശുഭവൎത്തമാനം കൊണ്ടുവന്നു എന്നു വിചാരിച്ചിരിക്കുമ്പോൾ ഞാൻ അവനെ പിടിച്ചു സിക്ലാഗിൽവെച്ചു കൊന്നു. ഇതായിരുന്നു ഞാൻ അവന്റെ വൎത്തമാനത്തിന്നുവേണ്ടി അവന്നു കൊടുത്ത പ്രതിഫലം.

  20. എന്നാൽ ദുഷ്ടന്മാർ ഒരു നീതിമാനെ അവന്റെ വീട്ടിൽ മെത്തയിൽവെച്ചു കൊലചെയ്താൽ എത്ര അധികം? ഞാൻ അവന്റെ രക്തം നിങ്ങളോടു ചോദിച്ചു നിങ്ങളെ ഭൂമിയിൽനിന്നു ഛേദിച്ചുകളയാതിരിക്കുമോ?

  21. പിന്നെ ദാവീദ് തന്റെ ബാല്യക്കാൎക്കു കല്പനകൊടുത്തു; അവർ അവരെ കൊന്നു അവരുടെ കൈകാലുകൾ വെട്ടി അവരെ ഹെബ്രോനിലെ കുളത്തിന്നരികെ തൂക്കിക്കളഞ്ഞു. ഈശ്-ബോശെത്തിന്റെ തല അവർ എടുത്തു ഹെബ്രോനിൽ അബ്നേരിന്റെ ശവക്കുഴിയിൽ അടക്കം ചെയ്തു.