ഉള്ളടക്കത്തിലേക്ക് പോകുക

Adoni-Zedek സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ

27 വാക്യങ്ങൾ · 1 വശം

പ്രധാന ബൈബിൾ വാക്യങ്ങൾ

  1. യോശുവ ഹായിപട്ടണം പിടിച്ചു നിൎമ്മൂലമാക്കി എന്നും അവൻ യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്തു എന്നും ഗിബെയോൻ നിവാസികൾ യിസ്രായേലിനോടു സഖ്യത ചെയ്തു അവരുടെ കൂട്ടത്തിലായി എന്നും യെരൂശലേംരാജാവായ അദോനീ-സേദെക്ക് കേട്ടപ്പോൾ

  2. ഗിബെയോൻരാജനഗരങ്ങളിൽ ഒന്നുപോലെ വലിയോരു പട്ടണവും ഹായിയെക്കാൾ വലിയതും അവിടത്തെ പുരുഷന്മാർ എല്ലാവരും പരാക്രമശാലികളും ആയിരുന്നതുകൊണ്ടു അവർ ഏറ്റവും ഭയപ്പെട്ടു.

  3. ആകയാൽ യെരൂശലേംരാജാവായ അദോനീ-സേദെക്ക് ഹെബ്രോൻരാജാവായ ഹോഹാമിന്റെയും യൎമ്മൂത്ത്‌രാജാവായ പിരാമിന്റെയും ലാഖീശ്‌രാജാവായ യാഹീയയുടെയും എഗ്ലോൻ രാജാവായ ദെബീരിന്റെയും അടുക്കൽ ആളയച്ചു:

  4. ഗിബെയോൻ യോശുവയോടും യിസ്രായേൽമക്കളോടും സഖ്യതചെയ്കകൊണ്ടു നാം അതിനെ നശിപ്പിക്കേണ്ടതിന്നു എന്നെ സഹായിപ്പിൻ എന്നു പറയിച്ചു.

  5. ഇങ്ങനെ യെരൂശലേംരാജാവു, ഹെബ്രോൻരാജാവു, യൎമ്മൂത്ത്‌രാജാവു, ലാഖീശ്‌രാജാവു, എഗ്ലോൻരാജാവു എന്നീ അഞ്ചു അമോൎയ്യരാജാക്കന്മാരും ഒരുമിച്ചുകൂടി; അവരും അവരുടെ സൈന്യങ്ങളൊക്കെയും ചെന്നു ഗിബെയോന്നുനേരെ പാളയം ഇറങ്ങി അതിനോടു യുദ്ധംചെയ്തു.

  6. അപ്പോൾ ഗിബെയോന്യർ ഗില്ഗാലിൽ പാളയത്തിലേക്കു യോശുവയുടെ അടുക്കൽ ആളയച്ചു: അടിയങ്ങളെ കൈവിടാതെ വേഗം ഞങ്ങളുടെ അടുക്കൽ വന്നു ഞങ്ങളെ സഹായിച്ചു രക്ഷിക്കേണമേ; പൎവ്വതങ്ങളിൽ പാൎക്കുന്ന അമോൎയ്യരാജാക്കന്മാർ ഒക്കെയും ഞങ്ങൾക്കു വിരോധമായിട്ടു ഒന്നിച്ചു കൂടിയിരിക്കുന്നു എന്നു പറയിച്ചു.

  7. എന്നാറെ യോശുവയും പടജ്ജനം ഒക്കെയും സകലപരാക്രമശാലികളും ഗില്ഗാലിൽനിന്നു പറപ്പെട്ടു.

  8. യഹോവ യോശുവയോടു: അവരെ ഭയപ്പെടരുതു; ഞാൻ അവരെ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവരിൽ ഒരുത്തനും നിന്റെ മുമ്പിൽ നിൽക്കയില്ല എന്നു അരുളിച്ചെയ്തു.

  9. യോശുവ ഗില്ഗാലിൽനിന്നു പുറപ്പെട്ടു രാത്രി മുഴുവനും നടന്നു പെട്ടെന്നു അവരെ എതിൎത്തു.

  10. യഹോവ അവരെ യിസ്രായേലിന്റെ മുമ്പിൽ കുഴക്കി ഗിബെയോനിൽവെച്ചു അവരെ കഠിനമായി തോല്പിച്ചു ബേത്ത്-ഹോരോനിലേക്കുള്ള കയറ്റംവഴിയായി അവരെ ഓടിച്ചു അസേക്കവരെയും മക്കേദവരെയും അവരെ വെട്ടി.

  11. അങ്ങനെ അവർ യിസ്രായേലിന്റെ മുമ്പിൽനിന്നു ഓടി; ബേത്ത്-ഹോരോൻ ഇറക്കത്തിൽവെച്ചു അസേക്കവരെ യഹോവ ആകാശത്തിൽനിന്നു വലിയ കല്ലു അവരുടെ മേൽ പെയ്യിച്ചു അവരെ കൊന്നു. യിസ്രായേൽമക്കൾ വാൾകൊണ്ടു കൊന്നവരെക്കാൾ കല്മഴയാൽ മരിച്ചുപോയവർ അധികം ആയിരുന്നു.

  12. എന്നാൽ യഹോവ അമോൎയ്യരെ യിസ്രായേൽമക്കളുടെ കയ്യിൽ ഏല്പിച്ചുകൊടുത്ത ദിവസം യോശുവ യഹോവയോടു സംസാരിച്ചു, യിസ്രായേൽമക്കൾ കേൾക്കെ: സൂൎയ്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോൻ താഴ്‌വരയിലും നില്ക്ക എന്നു പറഞ്ഞു.

  13. ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളം സൂൎയ്യൻ നിന്നു, ചന്ദ്രനും നിശ്ചലമായി. ശൂരന്മാരുടെ പുസ്തകത്തിൽ അങ്ങനെ എഴുതിയിരിക്കുന്നുവല്ലോ. ഇങ്ങനെ സൂൎയ്യൻ ആകാശമദ്ധ്യേ ഒരു ദിവസം മുഴുവൻ അസ്തമിക്കാതെ നിന്നു.

  14. യഹോവ ഒരു മനുഷ്യന്റെ വാക്കു കേട്ടനുസരിച്ച ആ ദിവസം പോലെ ഒരു ദിവസം അതിന്നു മുമ്പും പിമ്പും ഉണ്ടായിട്ടില്ല; യഹോവ തന്നേയായിരുന്നു യിസ്രായേലിന്നുവേണ്ടി യുദ്ധംചെയ്തതു.

  15. അനന്തരം യോശുവയും യിസ്രായേലൊക്കെയും ഗില്ഗാലിൽ പാളയത്തിലേക്കു മടങ്ങിവന്നു.

  16. എന്നാൽ ആ രാജാക്കന്മാർ ഐവരും ഓടി മക്കേദയിലെ ഗുഹയിൽ ചെന്നു ഒളിച്ചു.

  17. രാജാക്കന്മാർ ഐവരും മക്കേദയിലെ ഗുഹയിൽ ഒളിച്ചിരിക്കുന്നതായി കണ്ടു എന്നു യോശുവെക്കു അറിവുകിട്ടി.

  18. എന്നാറെ യോശുവ: ഗുഹയുടെ ദ്വാരത്തിങ്കൽ വലിയ കല്ലുകൾ ഉരുട്ടിവെച്ചു അവരെ കാക്കേണ്ടതിന്നു അവിടെ ആളെയാക്കുവിൻ;

  19. നിങ്ങളോ നില്ക്കാതെ ശത്രുക്കളെ പിന്തുടൎന്നു അവരുടെ പിൻപടയെ സംഹരിപ്പിൻ; പട്ടണങ്ങളിൽ കടപ്പാൻ അവരെ സമ്മതിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.

  20. അങ്ങനെ അവർ ഒടുങ്ങുംവരെ യോശുവയും യിസ്രായേൽമക്കളും അവരിൽ ഒരു മഹാസംഹാരം നടത്തിക്കഴിഞ്ഞപ്പോൾ ശേഷിച്ചവർ ഉറപ്പുള്ള പട്ടണങ്ങളിൽ ശരണം പ്രാപിച്ചു.

  21. ജനമൊക്കെയും സമാധാനത്തോടെ മക്കേദയിലെ പാളയത്തിൽ യോശുവയുടെ അടുക്കൽ മടങ്ങിവന്നു; യിസ്രായേൽമക്കളിൽ യാതൊരുത്തന്റെയും നേരെ ആരും തന്റെ നാവു അനക്കിയതുമില്ല.

  22. പിന്നെ യോശുവ: ഗുഹയുടെ ദ്വാരത്തെ തുറന്നു രാജാക്കന്മാരെ ഐവരെയും ഗുഹയിൽനിന്നു എന്റെ അടുക്കൽ പുറത്തു കൊണ്ടുവരുവിൻ എന്നു പറഞ്ഞു.

  23. അവർ അങ്ങനെ ചെയ്തു; യെരൂശലേംരാജാവു, ഹെബ്രോൻരാജാവു, യൎമ്മൂത്ത്‌രാജാവു, ലാഖീശ്‌രാജാവു, എഗ്ലോൻരാജാവു എന്നീ അഞ്ചുരാജാക്കന്മാരെയും ഗുഹയിൽനിന്നു അവന്റെ അടുക്കൽ കൊണ്ടുവന്നു.

  24. രാജാക്കന്മാരെ യോശുവയുടെ അടുക്കൽ കൊണ്ടുവന്നപ്പോൾ യോശുവ യിസ്രായേൽപുരുഷന്മാരെ ഒക്കെയും വിളിപ്പിച്ചു തന്നോടുകൂടെ പോയ പടജ്ജനത്തിന്റെ അധിപതിമാരോടു: അടുത്തുവന്നു ഈ രാജാക്കന്മാരുടെ കഴുത്തിൽ കാൽവെപ്പിൻ എന്നു പറഞ്ഞു. അവർ അടുത്തുചെന്നു അവരുടെ കഴുത്തിൽ കാൽവെച്ചു.

  25. യോശുവ അവരോടു: ഭയപ്പെടരുതു, ശങ്കിക്കരുതു; ഉറപ്പും ധൈൎയ്യവും ഉള്ളവരായിരിപ്പിൻ; നിങ്ങൾ യുദ്ധംചെയ്യുന്ന സകലശത്രുക്കളോടും യഹോവ ഇങ്ങനെ തന്നെ ചെയ്യും എന്നു പറഞ്ഞു.