God
God പരാമർശിക്കുന്ന വാക്യങ്ങൾ
ആരും ഇല്ലെന്നു അവൻ കണ്ടു പക്ഷവാദം ചെയ്‌വാൻ ആരും ഇല്ലായ്കയാൽ ആശ്ചൎയ്യപ്പെട്ടു; അതുകൊണ്ടു അവന്റെ ഭുജം തന്നേ അവന്നു രക്ഷവരുത്തി, അവന്റെ നീതി അവനെ താങ്ങി.
അവൻ നീതി ഒരു കവചംപോലെ ധരിച്ചു രക്ഷ എന്ന തലക്കോരിക തലയിൽ ഇട്ടു; അവൻ പ്രതികാരവസ്ത്രങ്ങളെ ഉടുത്തു, തീക്ഷ്ണത ഒരു മേലങ്കിപോലെ പുതെച്ചു.
അവരുടെ ക്രിയകൾക്കു തക്കവണ്ണം അവൻ പകരം ചെയ്യും; തന്റെ വൈരികൾക്കു ക്രോധവും തന്റെ ശത്രുക്കൾക്കു പ്രതികാരവും തന്നേ; ദ്വീപുവാസികളോടു അവൻ പ്രതിക്രിയ ചെയ്യും.
അങ്ങനെ അവർ പടിഞ്ഞാറു യഹോവയുടെ നാമത്തെയും കിഴക്കു അവന്റെ മഹത്വത്തെയും ഭയപ്പെടും; കെട്ടിനിന്നതും യഹോവയുടെ ശ്വാസം തള്ളിപ്പായിക്കുന്നതുമായ ഒരു നദിപോലെ അവൻ വരും.
എന്നാൽ സീയോന്നും യാക്കോബിൽ അതിക്രമം വിട്ടുതിരിയുന്നവൎക്കും അവൻ വീണ്ടെടുപ്പുകാരനായി വരും എന്നു യഹോവയുടെ അരുളപ്പാടു.
ഞാൻ അവരോടു ചെയ്തിരിക്കുന്ന നിയമമോ ഇതാകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു: നിന്റെമേലുള്ള എന്റെ ആത്മാവും നിന്റെ വായിൽ ഞാൻ തന്ന എന്റെ വചനങ്ങളും നിന്റെ വായിൽനിന്നും നിന്റെ സന്തതിയുടെ വായിൽനിന്നും നിന്റെ സന്തതിയുടെ സന്തതിയുടെ വായിൽനിന്നും ഇന്നുമുതൽ ഒരുനാളും വിട്ടുപോകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു.
അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും.
ഒട്ടകങ്ങളുടെ കൂട്ടവും മിദ്യാനിലെയും ഏഫയിലെയും ചിറ്റൊട്ടകങ്ങളും നിന്നെ മൂടും; ശേബയിൽ നിന്നു അവരൊക്കെയും വരും; പൊന്നും കുന്തുരുക്കവും അവർ കൊണ്ടുവന്നു യഹോവയുടെ സ്തുതിയെ ഘോഷിക്കും.
കേദാരിലെ ആടുകൾ ഒക്കെയും നിന്റെ അടുക്കൽ ഒന്നിച്ചുകൂടും; നെബായോത്തിലെ മുട്ടാടുകൾ നിനക്കു ശുശ്രൂഷ ചെയ്യും; അവ പ്രസാദമുള്ള യാഗമായി എന്റെ പീഠത്തിന്മേൽ വരും; അങ്ങനെ ഞാൻ എന്റെ മഹത്വമുള്ള ആലയത്തെ മഹത്വപ്പെടുത്തും
ദൂരത്തുനിന്നു നിന്റെ മക്കളെ അവരുടെ പൊന്നും വെള്ളിയുമായി നിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നും അവൻ നിന്നെ മഹത്വപ്പെടുത്തിയിരിക്കകൊണ്ടു യിസ്രായേലിന്റെ പരിശുദ്ധന്നും കൊണ്ടുവരേണ്ടതിന്നു ദ്വീപുവാസികളും തൎശീശ് കപ്പലുകൾ ആദ്യമായും എനിക്കായി കാത്തിരിക്കുന്നു.
അന്യജാതിക്കാർ നിന്റെ മതിലുകളെ പണിയും; അവരുടെ രാജാക്കന്മാർ നിനക്കു ശുശ്രൂഷ ചെയ്യും; എന്റെ ക്രോധത്തിൽ ഞാൻ നിന്നെ അടിച്ചു; എങ്കിലും എന്റെ പ്രീതിയിൽ എനിക്കു നിന്നോടു കരുണ തോന്നും.
എന്റെ വിശുദ്ധമന്ദിരമുള്ള സ്ഥലത്തിന്നു ഭംഗിവരുത്തുവാനായി ലെബാനോന്റെ മഹത്വവും സരളവൃക്ഷവും പയിനും പുന്നയും ഒരുപോലെ നിന്റെ അടുക്കൽ വരും; അങ്ങനെ ഞാൻ എന്റെ പാദസ്ഥാനത്തെ മഹത്വീകരിക്കും.
നിന്നെ ക്ലേശിപ്പിച്ചവരുടെ പുത്രന്മാർ നിന്റെ അടുക്കൽ വണങ്ങിക്കൊണ്ടു വരും; നിന്നെ നിന്ദിച്ചവരൊക്കെയും നിന്റെ കാൽ പിടിച്ചു നമസ്കരിക്കും; അവർ നിന്നെ യഹോവയുടെ നഗരം എന്നും യിസ്രായേലിൻ പരിശുദ്ധന്റെ സീയോൻ എന്നും വിളിക്കും.
ആരും കടന്നുപോകാതവണ്ണം നീ നിൎജ്ജനവും ദ്വേഷവിഷയവും ആയിരുന്നതിന്നു പകരം ഞാൻ നിന്നെ നിത്യമാഹാത്മ്യവും തലമുറതലമുറയായുള്ള ആനന്ദവും ആക്കിത്തീൎക്കും.
നീ ജാതികളുടെ പാൽ കുടിക്കും; രാജാക്കന്മാരുടെ മുല കുടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷകൻ എന്നും യാക്കോബിന്റെ വല്ലഭൻ നിന്റെ വീണ്ടെടുപ്പുകാരൻ എന്നും നീ അറിയും.
ഞാൻ താമ്രത്തിന്നു പകരം സ്വൎണ്ണം വരുത്തും; ഇരിമ്പിന്നു പകരം വെള്ളിയും മരത്തിന്നു പകരം താമ്രവും കല്ലിന്നു പകരം ഇരിമ്പും വരുത്തും; ഞാൻ സമാധാനത്തെ നിനക്കു നായകന്മാരും നീതിയെ നിനക്കു അധിപതിമാരും ആക്കും.
ഇനി പകൽനേരത്തു നിന്റെ വെളിച്ചം സൂൎയ്യനല്ല; നിനക്കു നിലാവെട്ടം തരുന്നതു ചന്ദ്രനുമല്ല; യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ തേജസ്സും ആകുന്നു.
നിന്റെ സൂൎയ്യൻ ഇനി അസ്തമിക്കയില്ല; നിന്റെ ചന്ദ്രൻ മറഞ്ഞുപോകയുമില്ല; യഹോവ നിന്റെ നിത്യപ്രകാശമായിരിക്കും; നിന്റെ ദുഃഖകാലം തീൎന്നുപോകും.
നിന്റെ ജനമൊക്കെയും നീതിമാന്മാരാകും; ഞാൻ മഹത്വപ്പെടേണ്ടതിന്നു എന്റെ നടുതലയുടെ മുളയും എന്റെ കൈകളുടെ പ്രവൃത്തിയും ആയിട്ടു അവർ ദേശത്തെ സദാകാലത്തേക്കു കൈവശമാക്കും.
കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും; യഹോവയായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്രമായി നിവൎത്തിക്കും.
എളിയവരോടു സദ്വൎത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കൎത്താവിന്റെ ആത്മാവു എന്റെമേൽ ഇരിക്കുന്നു; ഹൃദയം തകൎന്നവരെ മുറികെട്ടുവാനും തടവുകാൎക്കു വിടുതലും ബദ്ധന്മാൎക്കു സ്വാതന്ത്ര്യവും അറിയിപ്പാനും
യഹോവയുടെ പ്രസാദവൎഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും
സീയോനിലെ ദുഃഖിതന്മാൎക്കു വെണ്ണീറിന്നു പകരം അലങ്കാരമാലയും ദുഃഖത്തിന്നു പകരം ആനന്ദതൈലവും വിഷണ്ഡമനസ്സിന്നു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും അവൻ എന്നെ അയച്ചിരിക്കുന്നു; അവൻ മഹത്വീകരിക്കപ്പെടേണ്ടതിന്നു അവൎക്കു നീതിവൃക്ഷങ്ങൾ എന്നും യഹോവയുടെ നടുതല എന്നും പേരാകും.
നിങ്ങളോ യഹോവയുടെ പുരോഹിതന്മാർ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകന്മാർ എന്നും നിങ്ങൾക്കു പേരാകും; നിങ്ങൾ ജാതികളുടെ സമ്പത്തു അനുഭവിച്ചു, അവരുടെ മഹത്വത്തിന്നു അവകാശികൾ ആയിത്തീരും.