Skip to content
ന്യായാധിപന്മാര്‍ 18:14-31

ന്യായാധിപന്മാര്‍ 18:14-31

14
അപ്പോൾ ലയീശ് ദേശം ഒറ്റുനോക്കുവാൻ പോയിരുന്ന ആ അഞ്ചു പുരുഷന്മാരും തങ്ങളുടെ സഹോദരന്മാരോടു: ഈ വീടുകളിൽ ഒരു ഏഫോദും ഒരു ഗൃഹബിംബവും കൊത്തുപണിയും വാൎപ്പുപണിയുമായ ഒരു വിഗ്രഹവും ഉണ്ടു എന്നു അറിഞ്ഞുവോ? ആകയാൽ നിങ്ങൾ ചെയ്യേണ്ടതു എന്തെന്നു വിചാരിച്ചുകൊൾവിൻ.
15
അവർ അങ്ങോട്ടു തിരിഞ്ഞു മീഖാവിന്റെ വീട്ടിനോടു ചേൎന്ന ലേവ്യയുവാവിന്റെ വീട്ടിൽ ചെന്നു അവനോടു കുശലം ചോദിച്ചു.
16
യുദ്ധസന്നദ്ധരായ ദാന്യർ അറുനൂറുപേരും വാതില്ക്കൽ നിന്നു.
17
ദേശം ഒറ്റുനോക്കുവാൻ പോയിരുന്നവർ അഞ്ചുപേരും അകത്തുകടന്നു കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാൎപ്പുപണിയായ വിഗ്രഹവും എടുത്തു; പുരോഹിതൻ യുദ്ധസന്നദ്ധരായ അറുനൂറുപേരുടെ അടുക്കൽ നിന്നിരുന്നു.
18
ഇവർ മീഖാവിന്റെ വീട്ടിന്നകത്തു കടന്നു കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാൎപ്പുപണിയായ വിഗ്രഹവും എടുത്തപ്പോൾ പുരോഹിതൻ അവരോടു: നിങ്ങൾ എന്തു ചെയ്യുന്നു എന്നു ചോദിച്ചു.
19
അവർ അവനോടു: മിണ്ടരുതു; നിന്റെ വായ് പൊത്തി ഞങ്ങളോടു കൂടെ വന്നു ഞങ്ങൾക്കു പിതാവും പുരോഹിതനുമായിരിക്ക; ഒരുവന്റെ വീട്ടിന്നു മാത്രം പുരോഹിതനായിരിക്കുന്നതോ യിസ്രായേലിൽ ഒരു ഗോത്രത്തിന്നും കുലത്തിന്നും പുരോഹിതനായിരിക്കുന്നതോ ഏതു നിനക്കു നല്ലതു എന്നു ചോദിച്ചു.
20
അപ്പോൾ പുരോഹിതന്റെ മനം തെളിഞ്ഞു; അവൻ ഏഫോദും ഗൃഹബിംബവും കൊത്തുപണിയായ വിഗ്രഹവും എടുത്തു പടജ്ജനത്തിന്റെ നടുവിൽ നടന്നു.
21
ഇങ്ങനെ അവർ പുറപ്പെട്ടു കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും സമ്പത്തുകളെയും തങ്ങളുടെ മുമ്പിലാക്കി പ്രയാണം ചെയ്തു.
22
അവർ മീഖാവിന്റെ വീട്ടിൽനിന്നു കുറെ ദൂരത്തായപ്പേൾ മീഖാവിന്റെ വീട്ടിനോടു ചേൎന്ന വീടുകളിലുള്ളവർ ഒരുമിച്ചുകൂടി ദാന്യരെ പിന്തുടൎന്നു.
23
അവർ ദാന്യരെ കൂകിവിളിച്ചപ്പോൾ അവർ തിരിഞ്ഞുനോക്കി മീഖാവിനോടു: നീ ഇങ്ങനെ ആൾക്കൂട്ടത്തോടുകൂടെ വരുവാൻ എന്തു എന്നു ചോദിച്ചു.
24
ഞാൻ ഉണ്ടാക്കിയ എന്റെ ദേവന്മാരെയും എന്റെ പുരോഹിതനെയും നിങ്ങൾ അപഹരിച്ചു കൊണ്ടുപോകുന്നു; ഇനി എനിക്കു എന്തുള്ളു? നിനക്കു എന്തു എന്നു നിങ്ങൾ എന്നോടു ചോദിക്കുന്നതു എങ്ങനെ എന്നു അവൻ പറഞ്ഞു.
25
ദാന്യർ അവനോടു: നിന്റെ ഒച്ച ഇവിടെ കേൾക്കരുതു: അല്ലെങ്കിൽ ദ്വേഷ്യക്കാർ നിങ്ങളോടു കയൎത്തിട്ടു നിന്റെ ജീവനും നിന്റെ വീട്ടുകാരുടെ ജീവനും നഷ്ടമാകുവാൻ നീ സംഗതിവരുത്തും എന്നു പറഞ്ഞു.
26
അങ്ങനെ ദാന്യർ തങ്ങളുടെ വഴിക്കു പോയി; അവർ തന്നിലും ബലവാന്മാർ എന്നു മീഖാവു കണ്ടു വീട്ടിലേക്കു മടങ്ങിപ്പോന്നു.
27
മീഖാവു തീൎപ്പിച്ചവയെയും അവന്നു ഉണ്ടായിരുന്ന പുരോഹിതനെയും അവർ കൊണ്ടുപോയി, ലയീശിൽ സ്വൈരവും നിൎഭയവുമായിരുന്ന ജനത്തിന്റെ അടുക്കൽ എത്തി അവരെ വാളിന്റെ വായ്ത്തലയാൽ വെട്ടി, പട്ടണം തീവെച്ചു ചുട്ടുകളഞ്ഞു.
28
അതു സീദോന്നു അകലെ ആയിരുന്നു; മറ്റു മനുഷ്യരുമായി അവൎക്കു സംസൎഗ്ഗം ഇല്ലായ്കയാൽ അവരെ വിടുവിപ്പാൻ ആരും ഉണ്ടായിരുന്നില്ല. അതു ബേത്ത്-രെഹോബ് താഴ്വരയിൽ ആയിരുന്നു. അവർ പട്ടണം വീണ്ടും പണിതു അവിടെ കുടിപാൎക്കയും
29
യിസ്രായേലിന്നു ജനിച്ച തങ്ങളുടെ പിതാവായ ദാന്റെ പേരിൻ പ്രകാരം നഗരത്തിന്നു ദാൻ എന്നു പേരിടുകയും ചെയ്തു; പണ്ടു ആ പട്ടണത്തിന്നു ലയീശ് എന്നു പേർ ആയിരുന്നു.
30
ദാന്യർ കൊത്തുപണിയായ ആ വിഗ്രഹം പ്രതിഷ്ഠിച്ചു; മോശെയുടെ മകനായ ഗേൎശോമിന്റെ മകൻ യോനാഥാനും അവന്റെ പുത്രന്മാരും ആ ദേശത്തിന്റെ പ്രവാസകാലംവരെ ദാൻഗോത്രക്കാൎക്കു പുരോഹിതന്മാരായിരുന്നു.
31
ദൈവത്തിന്റെ ആലയം ശീലോവിൽ ആയിരുന്ന കാലത്തൊക്കെയും മീഖാവു തീൎപ്പിച്ച വിഗ്രഹം അവർ വെച്ചു പൂജിച്ചുപോന്നു.
Settings

Reading Style

Typeface

Font Size 19px

Options