ന്യായാധിപന്മാര്‍ 19:1-9
1
യിസ്രായേലിൽ രാജാവില്ലാത്ത ആ കാലത്തു എഫ്രയീംമലനാട്ടിൽ ഉൾപ്രദേശത്തു വന്നു പാൎത്തിരുന്ന ഒരു ലേവ്യൻ ഉണ്ടായിരുന്നു; അവൻ യെഹൂദയിലെ ബേത്ത്ലേഹെമിൽനിന്നു ഒരു വെപ്പാട്ടിയെ പരിഗ്രഹിച്ചു.
2
അവന്റെ വെപ്പാട്ടി അവനോടു ദ്രോഹിച്ചു വ്യഭിചാരം ചെയ്തു അവനെ വിട്ടു യെഹൂദയിലെ ബേത്ത്ലേഹെമിൽ തന്റെ അപ്പന്റെ വീട്ടിൽ പോയി നാലു മാസത്തോളം അവിടെ പാൎത്തു.
3
അവളുടെ ഭൎത്താവു പുറപ്പെട്ടു അവളോടു നല്ലവാക്കു പറഞ്ഞു കൂട്ടിക്കൊണ്ടുവരുവാൻ അവളെ അന്വേഷിച്ചുചെന്നു; അവനോടുകൂടെ ഒരു ബാല്യക്കാരനും രണ്ടു കഴുതയും ഉണ്ടായിരുന്നു; അവൾ അവനെ തന്റെ അപ്പന്റെ വീട്ടിൽ കൈക്കൊണ്ടു; യുവതിയുടെ അപ്പൻ അവനെ കണ്ടപ്പോൾ അവന്റെ വരവിങ്കൽ സന്തോഷിച്ചു.
4
യുവതിയുടെ അപ്പനായ അവന്റെ അമ്മാവിയപ്പൻ അവനെ പാൎപ്പിച്ചു; അങ്ങനെ അവൻ മൂന്നു ദിവസം അവനോടുകൂടെ പാൎത്തു. അവർ തിന്നുകുടിച്ചു അവിടെ രാപാൎത്തു.
5
നാലാം ദിവസം അവൻ അതികാലത്തു എഴുന്നേറ്റു യാത്ര പുറപ്പെടുവാൻ ഭാവിച്ചപ്പോൾ യുവതിയുടെ അപ്പൻ മരുമകനോടു: അല്പം വല്ലതും കഴിച്ചിട്ടു പോകാമല്ലോ എന്നു പറഞ്ഞു.
6
അങ്ങനെ അവർ ഇരുന്നു രണ്ടുപേരും കൂടെ തിന്നുകയും കുടിക്കയും ചെയ്തു; യുവതിയുടെ അപ്പൻ അവനോടു: ദയചെയ്തു രാപാൎത്തു സുഖിച്ചുകൊൾക എന്നു പറഞ്ഞു.
7
അവൻ പോകേണ്ടതിന്നു എഴുന്നേറ്റപ്പോൾ അവന്റെ അമ്മാവിയപ്പൻ അവനെ നിൎബ്ബന്ധിച്ചു; ആ രാത്രിയും അവൻ അവിടെ പാൎത്തു.
8
അഞ്ചാം ദിവസം അവൻ പോകേണ്ടതിന്നു അതികാലത്തു എഴുന്നേറ്റപ്പോൾ യുവതിയുടെ അപ്പൻ: അല്പം വല്ലതും കഴിച്ചിട്ടു വെയിലാറുംവരെ താമസിച്ചുകൊൾക എന്നു പറഞ്ഞു. അവർ രണ്ടുപേരും ഭക്ഷണം കഴിച്ചു.
9
പിന്നെ അവനും അവന്റെ വെപ്പാട്ടിയും ബാല്യക്കാരനും എഴുന്നേറ്റപ്പോൾ യുവതിയുടെ അപ്പനായ അവന്റെ അമ്മാവിയപ്പൻ അവനോടു: ഇതാ, നേരം അസ്തമിപ്പാറായി, ഈ രാത്രിയും താമസിക്ക; നേരം വൈകിയല്ലോ; രാപാൎത്തു സുഖിക്ക; നാളെ അതികാലത്തു എഴുന്നേറ്റു വീട്ടിലേക്കു പോകാം എന്നു പറഞ്ഞു.
Settings