യോഹന്നാന്‍ 19:30-42
30
യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.
31
അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാൽ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോടു അപേക്ഷിച്ചു.
32
ആകയാൽ പടയാളികൾ വന്നു ഒന്നാമത്തവന്റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്റെയും കാൽ ഒടിച്ചു.
33
അവർ യേശുവിന്റെ അടുക്കൽ വന്നു, അവൻ മരിച്ചുപോയി എന്നു കാണ്കയാൽ അവന്റെ കാൽ ഒടിച്ചില്ല.
34
എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.
35
ഇതു കണ്ടവൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താൻ സത്യം പറയുന്നു എന്നു അവൻ അറിയുന്നു.
36
“അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു.
37
“അവർ കുത്തിയവങ്കലേക്കു നോക്കും” എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു.
38
അനന്തരം, യെഹൂദന്മാരെ പേടിച്ചിട്ടു രഹസ്യത്തിൽ യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമത്യയിലെ യോസേഫ് യേശുവിന്റെ ശരീരം എടുത്തു കൊണ്ടുപോകുവാൻ പീലാത്തൊസിനോടു അനുവാദം ചോദിച്ചു. പീലാത്തൊസ് അനുവദിക്കയാൽ അവൻ വന്നു അവന്റെ ശരീരം എടുത്തു.
39
ആദ്യം രാത്രിയിൽ അവന്റെ അടുക്കൽ വന്ന നിക്കൊദേമൊസും ഏകദേശം നൂറു റാത്തൽ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ടു കൊണ്ടുവന്നു.
40
അവർ യേശുവിന്റെ ശരീരം എടുത്തു യെഹൂദന്മാർ ശവം അടക്കുന്ന മൎയ്യാദപ്രകാരം അതിനെ സുഗന്ധവൎഗ്ഗത്തോടുകൂടെ ശീലപൊതിഞ്ഞു കെട്ടി.
41
അവനെ ക്രൂശിച്ച സ്ഥലത്തുതന്നേ ഒരു തോട്ടവും ആ തോട്ടത്തിൽ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത പുതിയോരു കല്ലറയും ഉണ്ടായിരുന്നു.
42
ആ കല്ലറ സമീപം ആകകൊണ്ടു അവർ യെഹൂദന്മാരുടെ ഒരുക്കനാൾ നിമിത്തം യേശുവിനെ അവിടെ വച്ചു.
ബൈബിൾ പാഠം: Sathyavedapusthakam 1910, contemporary orthography · Malayalam Bible 1910 – Revised and in Contemporary Orthography, © 2015 The Free Bible Foundation · CC BY-SA 4.0
Settings