ഉള്ളടക്കത്തിലേക്ക് പോകുക
എസ്ഥേര്‍ 1:13-22

രാജകൽപ്പനപ്രകാരം വസ്ഥിയെ സ്ഥാനഭ്രഷ്ടയാക്കുന്നു

എസ്ഥേര്‍ 1:13-22
13
ആ സമയത്തു രാജമുഖം കാണുന്നവരും രാജ്യത്തു പ്രധാനസ്ഥാനങ്ങളിൽ ഇരിക്കുന്നവരുമായ കെൎശനാ, ശേഥാർ, അദ്മാഥാ, തൎശീശ്, മേരെസ്, മൎസെനാ, മെമൂഖാൻ എന്നിങ്ങനെ പാൎസ്യയിലെയും മേദ്യയിലെയും ഏഴു പ്രഭുക്കന്മാർ അവനോടു അടുത്തു ഇരിക്കയായിരുന്നു.
14
രാജ്യധൎമ്മത്തിലും ന്യായത്തിലും പരിജ്ഞാനികളായ എല്ലാവരോടും ആലോചിക്കുക പതിവായിരുന്നതിനാൽ കാലജ്ഞന്മാരായ ആ വിദ്വാന്മാരോടു രാജാവു:
15
ഷണ്ഡന്മാർമുഖാന്തരം അഹശ്വേരോശ്‌രാജാവു അയച്ച കല്പന വസ്ഥിരാജ്ഞി അനുസരിക്കായ്കകൊണ്ടു രാജ്യധൎമ്മപ്രകാരം അവളോടു ചെയ്യേണ്ടതു എന്തു എന്നു ചോദിച്ചു.
16
അതിന്നു മെമൂഖാൻ രാജാവിനോടും പ്രഭുക്കന്മാരോടും ഉത്തരം പറഞ്ഞതെന്തെന്നാൽ: വസ്ഥിരാജ്ഞി രാജാവിനോടുമാത്രമല്ല, അഹശ്വേരോശ്‌രാജാവിന്റെ സൎവ്വസംസ്ഥാനങ്ങളിലുള്ള സകലപ്രഭുക്കന്മാരോടും ജാതികളോടും അന്യായം ചെയ്തിരിക്കുന്നു.
17
രാജ്ഞിയുടെ ഈ പ്രവൃത്തി സകലസ്ത്രീകളും അറിയും; അഹശ്വേരോശ്‌രാജാവു വസ്ഥിരാജ്ഞിയെ തന്റെ മുമ്പാകെ കൊണ്ടുവരുവാൻ കല്പിച്ചയച്ചാറെ അവൾ ചെന്നില്ലല്ലോ എന്നു പറഞ്ഞു അവർ തങ്ങളുടെ ഭൎത്താക്കന്മാരെ നിന്ദിക്കും.
18
ഇന്നു തന്നേ രാജ്ഞിയുടെ പ്രവൃത്തി കേട്ട പാൎസ്യയിലെയും മേദ്യയിലെയും പ്രഭുപത്നിമാർ രാജാവിന്റെ സകലപ്രഭുക്കന്മാരോടും അങ്ങനെ തന്നേ പറയും; ഇങ്ങനെ നിന്ദയും നീരസവും അധികരിക്കും.
19
രാജാവിന്നു സമ്മതമെങ്കിൽ വസ്ഥി ഇനി അഹശ്വേരോശ്‌രാജാവിന്റെ സന്നിധിയിൽ വരരുതു എന്നു തിരുമുമ്പിൽനിന്നു ഒരു രാജകല്പന പുറപ്പെടുവിക്കയും അതു മാറ്റിക്കൂടാതവണ്ണം പാൎസ്യരുടെയും മേദ്യരുടെയും രാജ്യധൎമ്മത്തിൽ എഴുതിക്കയും രാജാവു അവളുടെ രാജ്ഞിസ്ഥാനം അവളെക്കാൾ നല്ലവളായ മറ്റൊരുത്തിക്കു കൊടുക്കയും വേണം.
20
രാജാവു കല്പിക്കുന്ന വിധി രാജ്യത്തെല്ലാടവും-അതു മഹാരാജ്യമല്ലോ-പരസ്യമാകുമ്പോൾ സകലഭാൎയ്യമാരും വലിയവരോ ചെറിയവരോ ആയ തങ്ങളുടെ ഭൎത്താക്കന്മാരെ ബഹുമാനിക്കും.
21
ഈ വാക്കു രാജാവിന്നും പ്രഭുക്കന്മാൎക്കും ബോധിച്ചു; രാജാവു മെമൂഖാന്റെ വാക്കുപോലെ ചെയ്തു.
22
ഏതു പുരുഷനും തന്റെ വീട്ടിൽ കൎത്തവ്യം നടത്തുകയും സ്വഭാഷ സംസാരിക്കയും വേണമെന്നു രാജാവു തന്റെ സകലസംസ്ഥാനങ്ങളിലേക്കും അതതു സംസ്ഥാനത്തേക്കു അതതിന്റെ അക്ഷരത്തിലും അതതു ജാതിക്കു അവരവരുടെ ഭാഷയിലും എഴുത്തു അയച്ചു.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options