2 രാജാക്കന്മാര്‍ 6:1-23
1
പ്രവാചകശിഷ്യന്മാർ എലീശയോടു: ഞങ്ങൾ പാൎക്കുന്ന ഈ സ്ഥലം ഞങ്ങൾക്കു തീരെ ഇടുക്കമായിരിക്കുന്നു എന്നു നീ കാണുന്നുവല്ലോ.
2
ഞങ്ങൾ യോൎദ്ദാനോളം ചെന്നു അവിടെനിന്നു ഓരോരുത്തൻ ഓരോ മരം കൊണ്ടുവന്നു ഞങ്ങൾക്കു പാൎക്കേണ്ടതിന്നു ഒരു സ്ഥലം ഉണ്ടാക്കട്ടെ എന്നു ചോദിച്ചു. പോകുവിൻ എന്നു അവൻ പറഞ്ഞു.
3
അവരിൽ ഒരുത്തൻ: ദയചെയ്തു അടിയങ്ങളോടുകൂടെ പോരേണമേ എന്നു അപേക്ഷിച്ചതിന്നു പോരാം എന്നു അവൻ പറഞ്ഞു.
4
അങ്ങനെ അവൻ അവരോടുകൂടെ പോയി; അവർ യോൎദ്ദാങ്കൽ എത്തി മരം മുറിച്ചു.
5
എന്നാൽ ഒരുത്തൻ മരം മുറിക്കുമ്പോൾ കോടാലി ഊരി വെള്ളത്തിൽ വീണു; അയ്യോ കഷ്ടം; യജമാനനേ, അതു വായിപ്പ വാങ്ങിയതായിരുന്നു എന്നു അവൻ നിലവിളിച്ചു.
6
അതു എവിടെ വീണു എന്നു ദൈവപുരുഷൻ ചോദിച്ചു; അവൻ ആ സ്ഥലം അവനെ കാണിച്ചു; അവൻ ഒരു കോൽ വെട്ടി അവിടെ എറിഞ്ഞു; ആ ഇരിമ്പു പൊങ്ങിവന്നു.
7
അതു എടുത്തുകൊൾക എന്നു അവൻ പറഞ്ഞു. അവൻ കൈ നീട്ടി അതു എടുത്തു.
8
അനന്തരം അരാംരാജാവിന്നു യിസ്രായേലിനോടു യുദ്ധം ഉണ്ടായി; ഇന്നിന്ന സ്ഥലത്തു പാളയം ഇറങ്ങേണം എന്നിങ്ങനെ അവൻ തന്റെ ഭൃത്യന്മാരുമായി ആലോചന കഴിച്ചു.
9
എന്നാൽ ദൈവപുരുഷൻ യിസ്രായേൽരാജാവിനോടു: ഇന്ന സ്ഥലത്തുകൂടി കടക്കാതിരിപ്പാൻ സൂക്ഷിക്ക; അരാമ്യർ അവിടേക്കു വരുന്നുണ്ടു എന്നു പറയിച്ചു.
10
ദൈവപുരുഷൻ പറഞ്ഞും പ്രബോധിപ്പിച്ചും ഇരുന്ന സ്ഥലത്തേക്കു യിസ്രായേൽരാജാവു ആളയച്ചു; അങ്ങനെ അവൻ ഒരു പ്രാവശ്യമല്ല, രണ്ടു പ്രാവശ്യവുമല്ല തന്നെത്താൻ രക്ഷിച്ചതു.
11
ഇതു ഹേതുവായി അരാംരാജാവിന്റെ മനസ്സു ഏറ്റവും കലങ്ങി; അവൻ ദൃത്യന്മാരെ വിളിച്ചു അവരോടു: നമ്മുടെ കൂട്ടത്തിൽ യിസ്രായേൽരാജാവിന്റെ പക്ഷക്കാരൻ ആരെന്നു നിങ്ങൾ പറഞ്ഞു തരികയില്ലയോ എന്നു ചോദിച്ചു.
12
അവന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: യജമാനനായ രാജാവേ, കാൎയ്യം അങ്ങനെയല്ല; നീ ശയനഗൃഹത്തിൽ സംസാരിക്കുന്ന വാക്കുകൾ യിസ്രായേലിലെ പ്രവാചകനായ എലീശാ യിസ്രായേൽരാജാവിനെ അറിയിക്കുന്നു എന്നു പറഞ്ഞു.
13
നിങ്ങൾ ചെന്നു അവൻ എവിടെ ഇരിക്കുന്നു എന്നു നോക്കുവിൻ; ഞാൻ ആളയച്ചു അവനെ പിടിപ്പിക്കും എന്നു അവൻ കല്പിച്ചു. അവൻ ദോഥാനിൽ ഉണ്ടെന്നു അവന്നു അറിവുകിട്ടി.
14
അവൻ അവിടേക്കു ശക്തിയുള്ള സൈന്യത്തെ കുതിരകളും രഥങ്ങളുമായി അയച്ചു; അവർ രാത്രിയിൽ ചെന്നു പട്ടണം വളഞ്ഞു.
15
ദൈവപുരുഷന്റെ ബാല്യക്കാരൻ രാവിലെ എഴുന്നേറ്റു പുറത്തിറങ്ങിയപ്പോൾ ഒരു സൈന്യം കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നതു കണ്ടു; ബാല്യക്കാരൻ അവനോടു: അയ്യോ യജമാനനേ, നാം എന്തു ചെയ്യും എന്നു പറഞ്ഞു.
16
അതിന്നു അവൻ: പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവർ അവരോടു കൂടെയുള്ളവരെക്കാൾ അധികം എന്നു പറഞ്ഞു.
17
പിന്നെ എലീശാ പ്രാൎത്ഥിച്ചു: യഹോവേ, ഇവൻ കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ടു മല നിറഞ്ഞിരിക്കുന്നതു അവൻ കണ്ടു.
18
അവർ അവന്റെ അടുക്കൽ വന്നപ്പോൾ എലീശാ യഹോവയോടു പ്രാൎത്ഥിച്ചു: ഈ ജാതിയെ അന്ധത പിടിപ്പിക്കേണമേ എന്നു പറഞ്ഞു. എലീശയുടെ അപേക്ഷപ്രകാരം അവൻ അവരെ അന്ധത പിടിപ്പിച്ചു.
19
എലീശാ അവരോടു: ഇതല്ല വഴി; പട്ടണവും ഇതല്ല; എന്റെ പിന്നാലെ വരുവിൻ; നിങ്ങൾ അന്വേഷിക്കുന്ന ആളുടെ അടുക്കൽ ഞാൻ നിങ്ങളെ കൊണ്ടുപോകാം എന്നു പറഞ്ഞു. അവൻ അവരെ ശമൎയ്യയിലേക്കു കൂട്ടിക്കൊണ്ടുപോയി
20
ശമൎയ്യയിൽ എത്തിയപ്പോൾ എലീശാ: യഹോവേ, കാണത്തക്കവണ്ണം ഇവരുടെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ അവരുടെ കണ്ണു തുറന്നു; അവർ നോക്കിയപ്പോൾ തങ്ങൾ ശമൎയ്യയുടെ നടുവിൽ നില്ക്കുന്നതു കണ്ടു.
21
യിസ്രായേൽരാജാവു അവരെ കണ്ടിട്ടു എലീശയോടു: എന്റെ പിതാവേ, വെട്ടിക്കളയട്ടെ ഞാൻ ഇവരെ വെട്ടിക്കളയട്ടെ എന്നു ചോദിച്ചു.
22
അതിന്നു അവൻ: വെട്ടിക്കളയരുതു; നിന്റെ വാൾകൊണ്ടും വില്ലുകൊണ്ടും പിടിച്ചവരെ നീ വെട്ടിക്കളയുമോ? ഇവർ തിന്നുകുടിച്ചു തങ്ങളുടെ യജമാനന്റെ അടുക്കൽ പോകേണ്ടതിന്നു അപ്പവും വെള്ളവും അവൎക്കു കൊടുക്കുക എന്നു പറഞ്ഞു.
23
അങ്ങനെ അവൻ അവൎക്കു വലിയോരു വിരുന്നു ഒരുക്കി; അവർ തിന്നുകുടിച്ചശേഷം അവൻ അവരെ വിട്ടയച്ചു; അവർ തങ്ങളുടെ യജമാനന്റെ അടുക്കൽ പോയി. അരാമ്യപ്പടക്കൂട്ടങ്ങൾ യിസ്രായേൽദേശത്തേക്കു പിന്നെ വന്നില്ല.
Settings