Skip to content
1 ശമൂവേല്‍ 17:32-51

1 ശമൂവേല്‍ 17:32-51

32
ദാവീദ് ശൌലിനോടു: ഇവന്റെ നിമിത്തം ആരും അധൈൎയ്യപ്പെടേണ്ടാ; അടിയൻ ചെന്നു ഈ ഫെലിസ്ത്യനോടു അങ്കം പൊരുതും എന്നു പറഞ്ഞു.
33
ശൌൽ ദാവീദിനോടു: ഈ ഫെലിസ്ത്യനോടു ചെന്നു അങ്കം പൊരുതുവാൻ നിനക്കു പ്രാപ്തിയില്ല; നീ ബാലൻ അത്രേ; അവനോ, ബാല്യംമുതൽ യോദ്ധാവാകുന്നു എന്നു പറഞ്ഞു.
34
ദാവീദ് ശൌലിനോടു പറഞ്ഞതു: അടിയൻ അപ്പന്റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കുമ്പോൾ ഒരിക്കൽ ഒരു സിംഹവും ഒരിക്കൽ ഒരു കരടിയും വന്നു കൂട്ടത്തിൽ നിന്നു ആട്ടിൻകുട്ടിയെ പിടിച്ചു.
35
ഞാൻ പിന്തുടൎന്നു അതിനെ അടിച്ചു അതിന്റെ വായിൽനിന്നു ആട്ടിൻകുട്ടിയെ വിടുവിച്ചു, അതു എന്റെ നേരെ വന്നപ്പോൾ ഞാൻ അതിനെ താടിക്കു പിടിച്ചു അടിച്ചു കൊന്നു.
36
ഇങ്ങനെ അടിയൻ സിംഹത്തെയും കരടിയെയും കൊന്നു; ഈ അഗ്രചൎമ്മിയായ ഫെലിസ്ത്യൻ ജീവനുള്ള ദൈവത്തിന്റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ടു അവനും അവയിൽ ഒന്നിനെപ്പോലെ ആകും.
37
ദാവീദ് പിന്നെയും: സിംഹത്തിന്റെ കയ്യിൽനിന്നും കരടിയുടെ കയ്യിൽനിന്നും എന്നെ രക്ഷിച്ച യഹോവ ഈ ഫെലിസ്ത്യന്റെ കയ്യിൽനിന്നും എന്നെ രക്ഷിക്കും എന്നു പറഞ്ഞു. ശൌൽ ദാവീദിനോടു: ചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും എന്നു പറഞ്ഞു.
38
ശൌൽ തന്റെ പടയങ്കി ദാവീദിനെ ധരിപ്പിച്ചു അവന്റെ തലയിൽ താമ്രശിരസ്ത്രം വെച്ചു; തന്റെ കവചവും അവനെ ഇടുവിച്ചു.
39
പടയങ്കിമേൽ അവന്റെ വാളും കെട്ടി ദാവീദ് നടപ്പാൻ നോക്കി; എന്നാൽ അവന്നു ശീലമില്ലായിരുന്നു; ദാവീദ് ശൌലിനോടു: ഞാൻ ശീലിച്ചിട്ടില്ലായ്കയാൽ ഇവ ധരിച്ചുംകൊണ്ടു നടപ്പാൻ എനിക്കു കഴികയില്ല എന്നു പറഞ്ഞു, അവയെ ഊരിവെച്ചു.
40
പിന്നെ അവൻ തന്റെ വടി എടുത്തു, തോട്ടിൽനിന്നു മിനുസമുള്ള അഞ്ചു കല്ലും തിരഞ്ഞെടുത്തു ഇടയസ്സഞ്ചിയായ പൊക്കണത്തിൽ ഇട്ടു, കയ്യിൽ കവിണയുമായി ഫെലിസ്ത്യനോടു അടുത്തു.
41
ഫെലിസ്ത്യനും ദാവീദിനോടു അടുത്തു; പരിചക്കാരനും അവന്റെ മുമ്പെ നടന്നു.
42
ഫെലിസ്ത്യൻ നോക്കി ദാവീദിനെ കണ്ടപ്പോൾ അവനെ നിന്ദിച്ചു; അവൻ തീരെ ബാലനും പവിഴനിറമുള്ളവനും കോമളരൂപനും ആയിരുന്നു.
43
ഫെലിസ്ത്യൻ ദാവീദിനോടു: നീ വടികളുമായി എന്റെ നേരെ വരുവാൻ ഞാൻ നായോ എന്നു ചോദിച്ചു, തന്റെ ദേവന്മാരുടെ നാമം ചൊല്ലി ദാവീദിനെ ശപിച്ചു.
44
ഫെലിസ്ത്യൻ പിന്നെയും ദാവീദിനോടു: ഇങ്ങോട്ടു വാ; ഞാൻ നിന്റെ മാംസം ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കുന്നുണ്ടു എന്നു പറഞ്ഞു.
45
ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞതു: നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു.
46
യഹോവ ഇന്നു നിന്നെ എന്റെ കയ്യിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്നു നിന്റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാൻ ഇന്നു ഫെലിസ്ത്യ സൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്നു സൎവ്വഭൂമിയും അറിയും.
47
യഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നതു എന്നു ഈ സംഘമെല്ലാം അറിവാൻ ഇടവരും; യുദ്ധം യഹോവെക്കുള്ളതു; അവൻ നിങ്ങളെ ഞങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും.
48
പിന്നെ ഫെലിസ്ത്യൻ ദാവീദിനോടു എതിൎപ്പാൻ നേരിട്ടടുത്തപ്പോൾ ദാവീദ് ബദ്ധപ്പെട്ടു ഫെലിസ്ത്യനോടു എതിൎപ്പാൻ അണിക്കുനേരെ ഓടി.
49
ദാവീദ് സഞ്ചിയിൽ കയ്യിട്ടു ഒരു കല്ലു എടുത്തു കവിണയിൽവെച്ചു വീശി ഫെലിസ്ത്യന്റെ നെറ്റിക്കു എറിഞ്ഞു. കല്ലു അവന്റെ നെറ്റിയിൽ കൊണ്ടു പതിഞ്ഞു;
50
അവൻ കവിണ്ണുവീണു. ഇങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ടു ഫെലിസ്ത്യനെ ജയിച്ചു, ഫെലിസ്ത്യനെ കൊന്നു മുടിച്ചു; എന്നാൽ ദാവീദിന്റെ കയ്യിൽ വാൾ ഇല്ലായിരുന്നു.
51
ആകയാൽ ദാവീദ് ഓടിച്ചെന്നു ഫെലിസ്ത്യന്റെ പുറത്തു കയറിനിന്നു അവന്റെ വാൾ ഉറയിൽനിന്നു ഊരിയെടുത്തു അവനെ കൊന്നു, അവന്റെ തല വെട്ടിക്കളഞ്ഞു. തങ്ങളുടെ മല്ലൻ മരിച്ചുപോയി എന്നു ഫെലിസ്ത്യർ കണ്ടിട്ടു ഓടിപ്പോയി.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options