God
God പരാമർശിക്കുന്ന വാക്യങ്ങൾ
യഹോവാഭക്തി നിൎമ്മലമായതു; അതു എന്നേക്കും നിലനില്ക്കുന്നു; യഹോവയുടെ വിധികൾ സത്യമായവ; അവ ഒട്ടൊഴിയാതെനീതിയുള്ളവയാകുന്നു.
അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു; അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ടു.
തന്റെ തെറ്റുകളെ ഗ്രഹിക്കുന്നവൻ ആർ? മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിക്കേണമേ.
സ്വമേധാപാപങ്ങളെ അകറ്റി അടിയനെ കാക്കേണമേ; അവ എന്റെമേൽ വാഴരുതേ; എന്നാൽ ഞാൻ നിഷ്കളങ്കനും മഹാപാതകരഹിതനും ആയിരിക്കും.
എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ.
യഹോവ കഷ്ടകാലത്തിൽ നിനക്കു ഉത്തരമരുളുമാറാകട്ടെ; യാക്കോബിൻ ദൈവത്തിന്റെ നാമം നിന്നെ ഉയൎത്തുമാറാകട്ടെ.
ഞങ്ങൾ നിന്റെ ജയത്തിൽ ഘോഷിച്ചുല്ലസിക്കും; ഞങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ കൊടി ഉയൎത്തും; യഹോവ നിന്റെ അപേക്ഷകളൊക്കെയും നിവൎത്തിക്കുമാറാകട്ടെ.
യഹോവ തന്റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു; അവൻ തന്റെ വിശുദ്ധസ്വൎഗ്ഗത്തിൽനിന്നു തന്റെ വലങ്കയ്യുടെ രക്ഷാകരമായ വീൎയ്യപ്രവൃത്തികളാൽ അവന്നു ഉത്തരമരുളും.
ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീൎത്തിക്കും.
യഹോവേ, രാജാവിനെ രക്ഷിക്കേണമേ; ഞങ്ങൾ അപേക്ഷിക്കുമ്പോൾ ഉത്തരമരുളേണമേ.
യഹോവേ, രാജാവു നിന്റെ ബലത്തിൽ സന്തോഷിക്കുന്നു; നിന്റെ രക്ഷയിൽ അവൻ ഏറ്റവും ഉല്ലസിക്കുന്നു.
നന്മയുടെ അനുഗ്രഹങ്ങളാൽ നീ അവനെ എതിരേറ്റു, തങ്കക്കിരീടത്തെ അവന്റെ തലയിൽ വെക്കുന്നു.
അവൻ നിന്നോടു ജീവനെ അപേക്ഷിച്ചു; നീ അവന്നു കൊടുത്തു; എന്നെന്നേക്കുമുള്ള ദീൎഘായുസ്സിനെ തന്നേ.
നിന്റെ രക്ഷയാൽ അവന്റെ മഹത്വം വലിയതു; മാനവും തേജസ്സും നീ അവനെ അണിയിച്ചു.
നീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയാക്കുന്നു; നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ടു അവനെ ആനന്ദിപ്പിക്കുന്നു.
രാജാവു യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ടു അവൻ കുലുങ്ങാതിരിക്കും.
നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും; നിന്റെ വലങ്കൈ നിന്നെ പകെക്കുന്നവരെ പിടികൂടും.
നിന്റെ പ്രത്യക്ഷതയുടെ കാലത്തു നീ അവരെ തീച്ചൂളയെപ്പോലെയാക്കും; യഹോവ തന്റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും; തീ അവരെ ദഹിപ്പിക്കും.
നീ അവരുടെ ഫലത്തെ ഭൂമിയിൽനിന്നും അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയിൽനിന്നും നശിപ്പിക്കും.
അവർ നിനക്കു വിരോധമായി ദോഷംവിചാരിച്ചു; തങ്ങളാൽ സാധിക്കാത്ത ഒരു ഉപായം നിരൂപിച്ചു.
നീ അവരെ പുറം കാട്ടുമാറാക്കും; അവരുടെ മുഖത്തിന്നുനേരെ അസ്ത്രം ഞാണിന്മേൽ തൊടുക്കും.
യഹോവേ, നിന്റെ ശക്തിയിൽ ഉയൎന്നിരിക്കേണമേ; ഞങ്ങൾ പാടി നിന്റെ ബലത്തെ സ്തുതിക്കും.
എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നുനില്ക്കുന്നതെന്തു?
എന്റെ ദൈവമേ, ഞാൻ പകൽസമയത്തു വിളിക്കുന്നു; എങ്കിലും നീ ഉത്തരമരുളുന്നില്ല; രാത്രികാലത്തും ഞാൻ വിളിക്കുന്നു; എനിക്കു ഒട്ടും മൌനതയില്ല.
യിസ്രായേലിന്റെ സ്തുതികളിന്മേൽ വസിക്കുന്നവനേ, നീ പരിശുദ്ധനാകുന്നുവല്ലോ.