ഉള്ളടക്കത്തിലേക്ക് പോകുക

സങ്കീര്‍ത്തനങ്ങള്‍59

വഞ്ചകന്മാരായ ശത്രുക്കളിൽനിന്നുള്ള വിടുതലിനായുള്ള നിലവിളി

1
എന്റെ ദൈവമേ, എന്റെ ശത്രുക്കളുടെ കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ; എന്നോടു എതിൎക്കുന്നവരുടെ വശത്തുനിന്നു എന്നെ ഉദ്ധരിക്കേണമേ.
2
നീതികേടു പ്രവൎത്തിക്കുന്നവരുടെ കയ്യിൽ നിന്നു എന്നെ വിടുവിച്ചു രക്തപാതകന്മാരുടെ പക്കൽനിന്നു എന്നെ രക്ഷിക്കേണമേ.
3
ഇതാ, അവർ എന്റെ പ്രാണന്നായി പതിയിരിക്കുന്നു; യഹോവേ, ബലവാന്മാർ എന്റെ നേരെ കൂട്ടം കൂടുന്നതു എന്റെ അതിക്രമം ഹേതുവായിട്ടല്ല, എന്റെ പാപം ഹേതുവായിട്ടുമല്ല.
4
എന്റെ പക്കൽ അകൃത്യം ഇല്ലാതെ അവർ ഓടി ഒരുങ്ങുന്നു; എന്നെ സഹായിപ്പാൻ ഉണൎന്നു കടാക്ഷിക്കേണമേ.
5
സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്റെ ദൈവമേ, സകലജാതികളെയും സന്ദൎശിക്കേണ്ടതിന്നു നീ ഉണരേണമേ; നീതികെട്ട ദ്രോഹികളിൽ ആരോടും കൃപ ഉണ്ടാകരുതേ.സേലാ.

ദുഷ്ടന്മാരുടെ അക്രമസ്വഭാവം

6
സന്ധ്യാസമയത്തു അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുംകൊണ്ടു അവർ പട്ടണത്തിന്നു ചുറ്റും നടക്കുന്നു.
7
അവർ തങ്ങളുടെ വായ്കൊണ്ടു ശകാരിക്കുന്നു; വാളുകൾ അവരുടെ അധരങ്ങളിൽ ഉണ്ടു; ആർ കേൾക്കും എന്നു അവർ പറയുന്നു.
8
എങ്കിലും യഹോവേ, നീ അവരെച്ചൊല്ലി ചിരിക്കും; നീ സകലജാതികളെയും പരിഹസിക്കും.
9
എന്റെ ബലമായുള്ളോവേ, ഞാൻ നിന്നെ കാത്തിരിക്കും; ദൈവം എന്റെ ഗോപുരമാകുന്നു.
10
എന്റെ ദൈവം തന്റെ ദയയാൽ എന്നെ എതിരേല്ക്കും; ദൈവം എന്നെ എന്റെ ശത്രുക്കളെ കണ്ടു രസിക്കുമാറാക്കും.

ന്യായവിധിക്കും ദൈവത്തിന്റെ മഹത്വത്തിനുമായുള്ള പ്രാർത്ഥന

11
അവരെ കൊന്നുകളയരുതേ; എന്റെ ജനം മറക്കാതിരിക്കേണ്ടതിന്നു തന്നേ; ഞങ്ങളുടെ പരിചയാകുന്ന കൎത്താവേ, നിന്റെ ശക്തികൊണ്ടു അവരെ ഉഴലുമാറാക്കി താഴ്ത്തേണമേ.
12
അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളുംനിമിത്തവും അവർ പറയുന്ന ശാപവും ഭോഷ്കുംനിമിത്തവും അവർ തങ്ങളുടെ അഹങ്കാരത്തിൽ പിടിപ്പെട്ടുപോകട്ടെ.
13
കോപത്തോടെ അവരെ സംഹരിക്കേണമേ; അവർ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചുകളയേണമേ; ദൈവം യാക്കോബിൽ വാഴുന്നു എന്നു ഭൂമിയുടെ അറ്റംവരെ അറിയുമാറാകട്ടെ.സേലാ.

അന്തിമഫലം: ദുഷ്ടന്മാർക്ക് ലജ്ജയും ദൈവത്തിന് സ്തുതിയും

14
സന്ധ്യാസമയത്തു അവർ മടങ്ങിവരുന്നു; നായെപ്പോലെ കുരെച്ചുംകൊണ്ടു അവർ നഗരത്തിന്നു ചുറ്റും നടക്കുന്നു.
15
അവർ ആഹാരത്തിന്നായി ഉഴന്നുനടക്കുന്നു; തൃപ്തിയായില്ലെങ്കിൽ അവർ രാത്രിമുഴുവനും താമസിക്കുന്നു.
16
ഞാനോ നിന്റെ ബലത്തെക്കുറിച്ചു പാടും; അതികാലത്തു ഞാൻ നിന്റെ ദയയെക്കുറിച്ചു ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു.
17
എന്റെ ബലമായുള്ളോവേ, ഞാൻ നിനക്കു സ്തുതിപാടും; ദൈവം എന്റെ ഗോപുരവും എന്നോടു ദയയുള്ള ദൈവവും അല്ലോ.
Use arrow keys to navigate
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options