സങ്കീര്‍ത്തനങ്ങള്‍ 44:9-22
9
ഇപ്പോഴോ, നീ ഞങ്ങളെ തള്ളിക്കളഞ്ഞു ലജ്ജിപ്പിച്ചിരിക്കുന്നു; ഞങ്ങളുടെ സൈന്യങ്ങളോടുകൂടെ പുറപ്പെടുന്നതുമില്ല.
10
വൈരിയുടെ മുമ്പിൽ നീ ഞങ്ങളെ പുറം കാട്ടുമാറാക്കുന്നു; ഞങ്ങളെ പകെക്കുന്നവർ ഞങ്ങളെ കൊള്ളയിടുന്നു.
11
ഭക്ഷണത്തിന്നുള്ള ആടുകളെപ്പോലെ നീ ഞങ്ങളെ ഏല്പിച്ചുകൊടുത്തു; ജാതികളുടെ ഇടയിൽ ഞങ്ങളെ ചിന്നിച്ചിരിക്കുന്നു.
12
നീ നിന്റെ ജനത്തെ വിലവാങ്ങാതെ വില്ക്കുന്നു. അവരുടെ വിലകൊണ്ടു സമ്പത്തു വൎദ്ധിപ്പിക്കുന്നതുമില്ല.
13
നീ ഞങ്ങളെ അയല്ക്കാൎക്കു അപമാനവിഷയവും ചുറ്റുമുള്ളവൎക്കു നിന്ദയും പരിഹാസവും ആക്കുന്നു.
14
നീ ജാതികളുടെ ഇടയിൽ ഞങ്ങളെ പഴഞ്ചൊല്ലിന്നും വംശങ്ങളുടെ നടുവിൽ തലകുലുക്കത്തിന്നും വിഷയം ആക്കുന്നു.
15
നിന്ദിച്ചു ദുഷിക്കുന്നവന്റെ വാക്കു ഹേതുവായും ശത്രുവിന്റെയും പ്രതികാരകന്റെയും നിമിത്തമായും
16
എന്റെ അപമാനം ഇടവിടാതെ എന്റെ മുമ്പിൽ ഇരിക്കുന്നു; എന്റെ മുഖത്തെ ലജ്ജ എന്നെ മൂടിയിരിക്കുന്നു.
17
ഇതൊക്കെയും ഞങ്ങൾക്കു ഭവിച്ചു; ഞങ്ങളോ നിന്നെ മറന്നിട്ടില്ല; നിന്റെ നിയമത്തോടു അവിശ്വസ്തത കാണിച്ചിട്ടുമില്ല.
18
നീ ഞങ്ങളെ കുറുക്കന്മാരുടെ സ്ഥലത്തുവെച്ചു തകൎത്തുകളവാനും കൂരിരുട്ടുകൊണ്ടു ഞങ്ങളെ മൂടുവാനും തക്കവണ്ണം
19
ഞങ്ങളുടെ ഹൃദയം പിന്തിരികയോ ഞങ്ങളുടെ കാലടികൾ നിന്റെ വഴി വിട്ടു മാറുകയോ ചെയ്തിട്ടില്ല.
20
ഞങ്ങളുടെ ദൈവത്തിന്റെ നാമത്തെ ഞങ്ങൾ മറക്കയോ ഞങ്ങളുടെ കൈകളെ അന്യദൈവത്തിങ്കലേക്കു മലൎത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ
21
ദൈവം അതു ശോധന ചെയ്യാതിരിക്കുമോ? അവൻ ഹൃദയത്തിലെ രഹസ്യങ്ങളെ അറിയുന്നുവല്ലോ.
22
നിന്റെ നിമിത്തം ഞങ്ങളെ ദിവസംപ്രതി കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു.
Settings