Skip to content
മത്തായി 5:1-16

മത്തായി 5:1-16

1
അവൻ പുരുഷാരത്തെ കണ്ടാറെ മലമേൽ കയറി. അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു.
2
അവൻ തിരുവായ്മൊഴിഞ്ഞു അവരോടു ഉപദേശിച്ചതെന്തെന്നാൽ:
3
ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വൎഗ്ഗരാജ്യം അവൎക്കുള്ളതു.
4
ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവൎക്കു ആശ്വാസം ലഭിക്കും.
5
സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.
6
നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവൎക്കു തൃപ്തിവരും.
7
കരുണയുള്ളവർ ഭാഗ്യവാന്മാർ; അവൎക്കു കരുണ ലഭിക്കും.
8
ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.
9
സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.
10
നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വൎഗ്ഗരാജ്യം അവൎക്കുള്ളതു.
11
എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.
12
സ്വൎഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ.
13
നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാൽ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.
14
നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല.
15
വിളക്കു കത്തിച്ചു പറയിൻകീഴെയല്ല തണ്ടിന്മേലത്രെ വെക്കുന്നതു; അപ്പോൾ അതു വീട്ടിലുള്ള എല്ലാവൎക്കും പ്രകാശിക്കുന്നു.
16
അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.
Settings

Reading style

Typeface

Font size 19px

Reading width 75 chars

Options