മര്‍ക്കൊസ് 12:1-21
1
പിന്നെ അവൻ ഉപമകളാൽ അവരോടു പറഞ്ഞുതുടങ്ങിയതു: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി ചുറ്റും വേലികെട്ടി ചക്കും കുഴിച്ചുനാട്ടി ഗോപുരവും പണിതു കുടിയാന്മാരെ ഏല്പിച്ചിട്ടു പരദേശത്തു പോയി.
2
കാലം ആയപ്പോൾ കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന്നു അവൻ ഒരു ദാസനെ കുടിയാന്മാരുടെ അടുക്കൽ പറഞ്ഞയച്ചു.
3
അവർ അവനെ പിടിച്ചു തല്ലി വെറുതെ അയച്ചുകളഞ്ഞു.
4
പിന്നെ മറ്റൊരു ദാസനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു; അവനെ അവർ തലയിൽ മുറിവേല്പിക്കയും അവമാനിക്കയും ചെയ്തു.
5
അവൻ മറ്റൊരുവനെ പറഞ്ഞയച്ചു; അവനെ അവർ കൊന്നു; മറ്റു പലരെയും ചിലരെ അടിക്കയും ചിലരെ കൊല്ലുകയും ചെയ്തു.
6
അവന്നു ഇനി ഒരുത്തൻ, ഒരു പ്രിയമകൻ, ഉണ്ടായിരുന്നു. എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞു ഒടുക്കം അവനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു.
7
ആ കുടിയാന്മാരോ: ഇവൻ അവകാശി ആകുന്നു; വരുവിൻ; നാം ഇവനെ കൊല്ലുക; എന്നാൽ അവകാശം നമുക്കാകും എന്നു തമ്മിൽ പറഞ്ഞു.
8
അവർ അവനെ പിടിച്ചു കൊന്നു തോട്ടത്തിൽ നിന്നു എറിഞ്ഞുകളഞ്ഞു.
9
എന്നാൽ തോട്ടത്തിന്റെ ഉടയവൻ എന്തു ചെയ്യും? അവൻ വന്നു ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം മറ്റുള്ളവരെ ഏല്പിക്കും.
10
“വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിതീൎന്നിരിക്കുന്നു.
11
ഇതു കൎത്താവിനാൽ സംഭവിച്ചു, നമ്മുടെ ദൃഷ്ടിയിൽ ആശ്ചൎയ്യവുമായിരിക്കുന്നു” എന്ന തിരുവെഴുത്തു നിങ്ങൾ വായിച്ചിട്ടില്ലയോ?
12
ഈ ഉപമ തങ്ങളെക്കുറിച്ചു ആകുന്നു പറഞ്ഞതു എന്നു ഗ്രഹിച്ചിട്ടു അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരത്തെ ഭയപ്പെട്ടു അവനെ വിട്ടുപോയി.
13
അനന്തരം അവനെ വാക്കിൽ കുടുക്കുവാൻ വേണ്ടി അവർ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്റെ അടുക്കൽ അയച്ചു.
14
അവർ വന്നു: ഗുരോ, നീ മനുഷ്യരുടെ മുഖം നോക്കാതെ ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നതുകൊണ്ടു നീ സത്യവാനും ആരെയും ഗണ്യമാക്കാത്തവനും എന്നു ഞങ്ങൾ അറിയുന്നു; കൈസൎക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ? ഞങ്ങൾ കൊടുക്കയോ കൊടുക്കാതിരിക്കയോ വേണ്ടതു എന്നു അവനോടു ചോദിച്ചു.
15
അവൻ അവരുടെ കപടം അറിഞ്ഞു: നിങ്ങൾ എന്നെ പരീക്ഷിക്കുന്നതു എന്തു? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിൻ; ഞാൻ കാണട്ടെ എന്നു പറഞ്ഞു.
16
അവർ കൊണ്ടുവന്നു. ഈ സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു അവരോടു ചോദിച്ചതിന്നു: കൈസരുടേതു എന്നു അവർ പറഞ്ഞു.
17
യേശു അവരോടു: കൈസൎക്കുള്ളതു കൈസൎക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്നു പറഞ്ഞു; അവർ അവങ്കൽ വളരെ ആശ്ചൎയ്യപ്പെട്ടു.
18
പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യർ അവന്റെ അടുക്കൽ വന്നു ചോദിച്ചതെന്തെന്നാൽ:
19
ഗുരോ, ഒരുത്തന്റെ സഹോദരൻ മക്കളില്ലാതെ മരിച്ചു ഭാൎയ്യ ശേഷിച്ചാൽ ആ ഭാൎയ്യയെ അവന്റെ സഹോദരൻ പരിഗ്രഹിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.
20
എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ മൂത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു സന്തതിയില്ലാതെ മരിച്ചു പോയി.
21
രണ്ടാമത്തവൻ അവളെ പരിഗ്രഹിച്ചു സന്തതിയില്ലാതെ മരിച്ചു; മൂന്നാമത്തവനും അങ്ങനെ തന്നേ.
Settings