യോഹന്നാന്‍ 17:6-19
6
നീ ലോകത്തിൽനിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യൎക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവർ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു.
7
നീ എനിക്കു തന്നതു എല്ലാം നിന്റെ പക്കൽ നിന്നു ആകുന്നു എന്നു അവർ ഇപ്പോൾ അറിഞ്ഞിരിക്കുന്നു.
8
നീ എനിക്കു തന്ന വചനം ഞാൻ അവൎക്കു കൊടുത്തു; അവർ അതു കൈക്കൊണ്ടു ഞാൻ നിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു സത്യമായിട്ടു അറിഞ്ഞും നീ എന്നെ അയച്ചു എന്നു വിശ്വസിച്ചുമിരിക്കുന്നു.
9
ഞാൻ അവൎക്കു വേണ്ടി അപേക്ഷിക്കുന്നു; ലോകത്തിന്നു വേണ്ടി അല്ല; നീ എനിക്കു തന്നിട്ടുള്ളവർ നിനക്കുള്ളവർ ആകകൊണ്ടു അവൎക്കു വേണ്ടിയത്രേ ഞാൻ അപേക്ഷിക്കുന്നതു.
10
എന്റേതു എല്ലാം നിന്റേതും നിന്റേതു എന്റേതും ആകുന്നു; ഞാൻ അവരിൽ മഹത്വപ്പെട്ടുമിരിക്കുന്നു.
11
ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.
12
അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല.
13
ഇപ്പോഴോ ഞാൻ നിന്റെ അടുക്കൽ വരുന്നു; എന്റെ സന്തോഷം അവൎക്കു ഉള്ളിൽ പൂൎണ്ണമാകേണ്ടതിന്നു ഇതു ലോകത്തിൽവെച്ചു സംസാരിക്കുന്നു.
14
ഞാൻ അവൎക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു.
15
അവരെ ലോകത്തിൽ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നതു.
16
ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല.
17
സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു.
18
നീ എന്നെ ലോകത്തിലേക്കു അയച്ചതുപോലെ ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.
19
അവരും സാക്ഷാൽ വിശുദ്ധീകരിക്കപ്പെട്ടവർ ആകേണ്ടതിന്നു ഞാൻ അവൎക്കു വേണ്ടി എന്നെത്തന്നേ വിശുദ്ധീകരിക്കുന്നു.
Settings