Skip to content
ഉല്‍പത്തി 32:15-32

ഉല്‍പത്തി 32:15-32

15
കറവുള്ള മുപ്പതു ഒട്ടകത്തെയും അവയുടെ കുട്ടികളെയും നാല്പതു പശുവിനെയും പത്തു കാളയെയും ഇരുപതു പെൺകഴുതയെയും പത്തു കഴുതക്കുട്ടിയെയും വേർതിരിച്ചു.
16
തന്റെ ദാസന്മാരുടെ പക്കൽ ഓരോ കൂട്ടത്തെ പ്രത്യേകം പ്രത്യേകമായി ഏല്പിച്ചു, തന്റെ ദാസന്മാരോടു: നിങ്ങൾ എനിക്കു മുമ്പായി കടന്നുപോയി അതതു കൂട്ടത്തിന്നു മദ്ധ്യേ ഇടയിടുവിൻ എന്നു പറഞ്ഞു.
17
ഒന്നാമതു പോകുന്നവനോടു അവൻ: എന്റെ സഹോദരനായ ഏശാവ് നിന്നെ കണ്ടു: നീ ആരുടെ ആൾ? എവിടെ പോകുന്നു? നിന്റെ മുമ്പിൽ പോകുന്ന ഇവ ആരുടെ വക എന്നിങ്ങനെ നിന്നോടു ചോദിച്ചാൽ:
18
നിന്റെ അടിയാൻ യാക്കോബിന്റെ വക ആകുന്നു; ഇതു യജമാനനായ ഏശാവിന്നു അയച്ചിരിക്കുന്ന സമ്മാനം; അതാ, അവനും പിന്നാലെ വരുന്നു എന്നു നീ പറയേണം എന്നു കല്പിച്ചു.
19
രണ്ടാമത്തവനോടും മൂന്നാമത്തവനോടും കൂട്ടങ്ങളെ നടത്തിക്കൊണ്ടു പോകുന്ന എല്ലാവരോടും: നിങ്ങൾ ഏശാവിനെ കാണുമ്പോൾ ഇപ്രകാരം അവനോടുപറവിൻ;
20
അതാ, നിന്റെ അടിയാൻ യാക്കോബ് പിന്നാലെ വരുന്നു എന്നും പറവിൻ എന്നു അവൻ കല്പിച്ചു. എനിക്കു മുമ്പായിപോകുന്ന സമ്മാനംകൊണ്ടു അവനെ ശാന്തമാക്കീട്ടു പിന്നെ ഞാൻ അവന്റെ മുഖം കണ്ടുകൊള്ളാം; പക്ഷേ അവന്നു എന്നോടു ദയ തോന്നുമായിരിക്കും എന്നു പറഞ്ഞു.
21
അങ്ങനെ സമ്മാനം അവന്റെ മുമ്പായി പോയി; അവനോ അന്നു രാത്രി കൂട്ടത്തോടുകൂടെ പാൎത്തു.
22
രാത്രിയിൽ അവൻ എഴുന്നേറ്റു, തന്റെ രണ്ടു ഭാൎയ്യമാരെയും രണ്ടു ദാസിമാരെയും പതിനൊന്നു പുത്രന്മാരെയും കൂട്ടി യാബ്ബോക്ക്കടവു കടന്നു.
23
അങ്ങനെ അവൻ അവരെ കൂട്ടി ആറ്റിന്നക്കരെ കടത്തി; തനിക്കുള്ളതൊക്കെയും അക്കരെ കടത്തിയശേഷം യാക്കോബ് തനിയേ ശേഷിച്ചു;
24
അപ്പോൾ ഒരു പുരുഷൻ ഉഷസ്സാകുവോളം അവനോടു മല്ലുപിടിച്ചു.
25
അവനെ ജയിക്കയില്ല എന്നു കണ്ടപ്പോൾ അവൻ അവന്റെ തുടയുടെ തടം തൊട്ടു; ആകയാൽ അവനോടു മല്ലുപിടിക്കയിൽ യാക്കോബിന്റെ തുടയുടെ തടം ഉളുക്കിപ്പോയി.
26
എന്നെ വിടുക; ഉഷസ്സു ഉദിക്കുന്നുവല്ലോ എന്നു അവൻ പറഞ്ഞതിന്നു: നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല എന്നു അവൻ പറഞ്ഞു.
27
നിന്റെ പേർ എന്തു എന്നു അവൻ അവനോടു ചോദിച്ചതിന്നു: യാക്കോബ് എന്നു അവൻ പറഞ്ഞു.
28
നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്നു അവൻ പറഞ്ഞു.
29
യാക്കോബ് അവനോടു: നിന്റെ പേർ എനിക്കു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു: നീ എന്റെ പേർ ചോദിക്കുന്നതു എന്തു എന്നു അവൻ പറഞ്ഞു, അവിടെവെച്ചു അവനെ അനുഗ്രഹിച്ചു.
30
ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വന്നില്ല എന്നു യാക്കോബ് പറഞ്ഞു, ആ സ്ഥലത്തിന്നു പെനീയേൽ എന്നു പേരിട്ടു.
31
അവൻ പെനീയേൽ കടന്നു പോകുമ്പോൾ സൂൎയ്യൻ ഉദിച്ചു; എന്നാൽ തുടയുടെ ഉളുക്കുനിമിത്തം അവൻ മുടന്തിനടന്നു.
32
അവൻ യാക്കോബിന്റെ തുടയുടെ തടത്തിലെ ഞരമ്പു തൊടുകകൊണ്ടു യിസ്രായേൽമക്കൾ ഇന്നുവരെയും തുടയുടെ തടത്തിലെ ഞരമ്പു തിന്നാറില്ല.

ബൈബിൾ പാഠം: Sathyavedapusthakam 1910, contemporary orthography · Malayalam Bible 1910 – Revised and in Contemporary Orthography, © 2015 The Free Bible Foundation · CC BY-SA 4.0

Settings

Reading style

Typeface

Font size 19px

Reading width 75 chars

Options