Skip to content
ഉല്‍പത്തി 24:46-61

ഉല്‍പത്തി 24:46-61

46
അവൾ വേഗം തോളിൽനിന്നു പാത്രം ഇറക്കി: കുടിക്ക, ഞാൻ നിന്റെ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുക്കാം എന്നു പറഞ്ഞു. അങ്ങനെ ഞാൻ കുടിച്ചു; അവൾ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുത്തു.
47
ഞാൻ അവളോടു: നീ ആരുടെ മകൾ എന്നു ചോദിച്ചതിന്നു അവൾ: മിൽക്കാ നാഹോറിന്നു പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകൾ എന്നു പറഞ്ഞു. ഞാൻ അവളുടെ മൂക്കിന്നു മൂക്കുത്തിയും കൈകൾക്കു വളയും ഇട്ടു.
48
ഞാൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു, എന്റെ യജമാനന്റെ സഹോദരന്റെ മകളെ അവന്റെ മകന്നായിട്ടു എടുപ്പാൻ എന്നെ നേൎവ്വഴിക്കു കൊണ്ടുവന്നവനായി എന്റെ യജമാനൻ അബ്രാഹാമിന്റെ ദൈവമായ യഹോവയെ വാഴ്ത്തുകയും ചെയ്തു.
49
ആകയാൽ നിങ്ങൾ എന്റെ യജമാനനോടു ദയയും വിശ്വസ്തതയും കാണിക്കുമെങ്കിൽ എന്നോടു പറവിൻ; അല്ല എന്നു വരികിൽ അതും പറവിൻ; എന്നാൽ ഞാൻ ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞുകൊള്ളാം.
50
അപ്പോൾ ലാബാനും ബെഥൂവേലും: ഈ കാൎയ്യം യഹോവയാൽ വരുന്നു; നിന്നോടു ഗുണമെങ്കിലും ദോഷമെങ്കിലും പറവാൻ ഞങ്ങൾക്കു കഴികയില്ല.
51
ഇതാ, റിബെക്കാ നിന്റെ മുമ്പാകെ ഉണ്ടല്ലോ; അവളെ കൂട്ടിക്കൊണ്ടുപോക; യഹോവ കല്പിച്ചതുപോലെ അവൾ നിന്റെ യജമാനന്റെ മകന്നു ഭാൎയ്യയാകട്ടെ എന്നു ഉത്തരം പറഞ്ഞു.
52
അബ്രാഹാമിന്റെ ദാസൻ അവരുടെ വാക്കു കേട്ടപ്പോൾ യഹോവയെ സാഷ്ടാംഗം നമസ്കരിച്ചു.
53
പിന്നെ ദാസൻ വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും എടുത്തു റിബെക്കെക്കു കൊടുത്തു; അവളുടെ സഹോദരന്നും അമ്മെക്കും വിശേഷവസ്തുക്കൾ കൊടുത്തു.
54
അവനും കൂടെയുള്ളവരും ഭക്ഷിച്ചു പാനം ചെയ്തു രാപാൎത്തു. രാവിലെ അവർ എഴുന്നേറ്റശേഷം അവൻ: എന്റെ യജമാനന്റെ അടുക്കൽ എന്നെ അയക്കേണമെന്നു പറഞ്ഞു.
55
അതിന്നു അവളുടെ സഹോദരനും അമ്മയും: ബാല ഒരു പത്തുദിവസമെങ്കിലും ഞങ്ങളോടുകൂടെ പാൎത്തിട്ടു പിന്നെ പോരട്ടെ എന്നു പറഞ്ഞു.
56
അവൻ അവരോടു: എന്നെ താമസിപ്പിക്കരുതേ; യഹോവ എന്റെ യാത്ര സഫലമാക്കിയിരിക്കുന്നുവല്ലോ; യജമാനന്റെ അടുക്കൽ പോകുവാൻ എന്നെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.
57
ഞങ്ങൾ ബാലയെ വിളിച്ചു അവളോടു ചോദിക്കട്ടെ എന്നു അവർ പറഞ്ഞു.
58
അവർ റിബെക്കയെ വിളിച്ചു അവളോടു: നീ ഈ പുരുഷനോടുകൂടെ പോകുന്നുവോ എന്നു ചോദിച്ചു. ഞാൻ പോകുന്നു എന്നു അവൾ പറഞ്ഞു.
59
അങ്ങനെ അവർ തങ്ങളുടെ സഹോദരിയായ റിബെക്കയെയും അവളുടെ ധാത്രിയെയും അബ്രാഹാമിന്റെ ദാസനെയും അവന്റെ ആളുകളെയും പറഞ്ഞയച്ചു.
60
അവർ റിബെക്കയെ അനുഗ്രഹിച്ചു അവളോടു: സഹോദരീ, നീ അനേകായിരമായി തീരുക; നിന്റെ സന്തതി, തന്നെ ദ്വേഷിക്കുന്നവരുടെ പടിവാതിൽ കൈവശമാക്കട്ടെ എന്നു പറഞ്ഞു.
61
പിന്നെ റിബെക്കയും അവളുടെ ദാസിമാരും എഴുന്നേറ്റു ഒട്ടകപ്പുറത്തു കയറി ആ പുരുഷനോടുകൂടെ പോയി; അങ്ങനെ ദാസൻ റിബെക്കയെ കൂട്ടിക്കൊണ്ടുപോയി.
Settings

Reading Style

Typeface

Font Size 19px

Options