Skip to content
ആവര്‍ത്തനം 32:23-42

ആവര്‍ത്തനം 32:23-42

23
ഞാൻ അനൎത്ഥങ്ങൾ അവരുടെമേൽ കുന്നിക്കും; എന്റെ അസ്ത്രങ്ങൾ അവരുടെ നേരെ ചെലവിടും.
24
അവർ വിശപ്പുകൊണ്ടു ക്ഷയിക്കും; ഉഷ്ണരോഗത്തിന്നും വിഷവ്യാധിക്കും ഇരയാകും. മൃഗങ്ങളുടെ പല്ലും പന്നഗങ്ങളുടെ വിഷവും ഞാൻ അവരുടെ ഇടയിൽ അയക്കും.
25
വീഥികളിൽ വാളും അറകളിൽ ഭീതിയും യുവാവിനെയും യുവതിയെയും ശിശുവിനെയും നരച്ചവനെയും സംഹരിക്കും.
26
ഞങ്ങളുടെ കൈ ജയംകൊണ്ടു; യഹോവയല്ല ഇതൊക്കെയും ചെയ്തതു എന്നു അവരുടെ വൈരികൾ തെറ്റായി വിചാരിക്കയും ശത്രു എനിക്കു ക്രോധം വരുത്തുകയും ചെയ്യും എന്നു ഞാൻ ശങ്കിച്ചിരുന്നില്ലെങ്കിൽ,
27
ഞാൻ അവരെ ഊതിക്കളഞ്ഞു, മനുഷ്യരിൽനിന്നു അവരുടെ ഓൎമ്മ ഇല്ലാതാക്കുമായിരുന്നു.
28
അവർ ആലോചനയില്ലാത്ത ജാതി; അവൎക്കു വിവേകബുദ്ധിയില്ല.
29
ഹാ, അവർ ജ്ഞാനികളായി ഇതു ഗ്രഹിച്ചു തങ്ങളുടെ ഭവിഷ്യം ചിന്തിച്ചെങ്കിൽ കൊള്ളായിരുന്നു.
30
അവരുടെ പാറ അവരെ വിറ്റുകളകയും യഹോവ അവരെ ഏല്പിച്ചുകൊടുക്കയും ചെയ്തിട്ടല്ലാതെ ഒരുവൻ ആയിരംപേരെ പിന്തുടരുന്നതും ഇരുവർ പതിനായിരംപേരെ ഓടിക്കുന്നതുമെങ്ങനെ?
31
അവരുടെ പാറ നമ്മുടെ പാറപോലെയല്ല, അതിന്നു നമ്മുടെ ശത്രുക്കൾ തന്നേ സാക്ഷികൾ.
32
അവരുടെ മുന്തിരിവള്ളി സൊദോംവള്ളിയിൽനിന്നും ഗൊമോരനിലങ്ങളിൽനിന്നും ഉള്ളതു; അവരുടെ മുന്തിരിപ്പഴം നഞ്ചും മുന്തിരിക്കുല കൈപ്പുമാകുന്നു;
33
അവരുടെ വീഞ്ഞു മഹാസൎപ്പത്തിൻ വിഷവും മൂൎഖന്റെ കാളകൂടവും ആകുന്നു.
34
ഇതു എന്റെ അടുക്കൽ സംഗ്രഹിച്ചും എൻഭണ്ഡാരത്തിൽ മുദ്രയിട്ടും ഇരിക്കുന്നില്ലയോ?
35
അവരുടെ കാൽ വഴുതുങ്കാലത്തേക്കു പ്രതികാരവും പ്രതിഫലവും എന്റെ പക്കൽ ഉണ്ടു; അവരുടെ അനൎത്ഥദിവസം അടുത്തിരിക്കുന്നു; അവൎക്കു ഭവിപ്പാനുള്ളതു ബദ്ധപ്പെടുന്നു.
36
യഹോവ തന്റെ ജനത്തെ ന്യായം വിധിക്കും; അവരുടെ ബലം ക്ഷയിച്ചുപോയി; ബദ്ധനും സ്വതന്ത്രനും ഇല്ലാതെയായി കണ്ടിട്ടു അവൻ സ്വദാസന്മാരെക്കുറിച്ചു അനുതപിക്കും.
37
അവരുടെ ബലികളുടെ മേദസ്സു തിന്നുകയും പാനീയബലിയുടെ വീഞ്ഞു കുടിക്കയും ചെയ്ത ദേവന്മാരും അവർ ആശ്രയിച്ച പാറയും എവിടെ?
38
അവർ എഴുന്നേറ്റു നിങ്ങളെ സഹായിച്ചു നിങ്ങൾക്കു ശരണമായിരിക്കട്ടെ എന്നു അവൻ അരുളിച്ചെയ്യും.
39
ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകൎക്കുന്നു; ഞാൻ സൌഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ഇല്ല.
40
ഞാൻ ആകാശത്തേക്കു കൈ ഉയൎത്തി സത്യം ചെയ്യുന്നതു: നിത്യനായിരിക്കുന്ന എന്നാണ--
41
എന്റെ മിന്നലാം വാൾ ഞാൻ മൂൎച്ചയാക്കി എൻ കൈ ന്യായവിധി തുടങ്ങുമ്പോൾ, ഞാൻ ശത്രുക്കളിൽ പ്രതികാരം നടത്തും; എന്നെ ദ്വേഷിക്കുന്നവൎക്കു പകരം വീട്ടും.
42
ഹതന്മാരുടെയും ബദ്ധന്മാരുടെയും രക്തത്താലും, ശത്രുനായകന്മാരുടെ ശിരസ്സിൽനിന്നു ഒലിക്കുന്നതിനാലും ഞാൻ എന്റെ അസ്ത്രങ്ങളെ ലഹരിപ്പിക്കും എന്റെ വാൾ മാംസം തിന്നുകയും ചെയ്യും.
Settings

Reading style

Typeface

Font size 19px

Reading width 75 chars

Options